ഇത് റിലയന്‍സിന്റെ പുതിയ നീക്കം, സ്വന്തമാക്കിയത് ഫാഷന്‍ ബ്രാന്‍ഡിന്റെ ഭൂരിഭാഗം ഓഹരികള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍) ഫാഷന്‍ ബ്രാന്‍ഡായ എബ്രഹാം ആന്‍ഡ് താക്കൂര്‍ എക്സ്പോര്‍ട്ട്സിന്റെ (എ ആന്‍ഡ് ടി) ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. അതേസമയം എത്ര രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഡിസൈന്‍ രംഗത്തെ പ്രമുഖരായ ഡേവിഡ് എബ്രഹാം, രാകേഷ് താക്കൂര്‍, കെവിന്‍ നിഗ്ലി എന്നിവര്‍ ചേര്‍ന്ന് 1992-ല്‍ ആരംഭിച്ച എബ്രഹാം ആന്‍ഡ് താക്കൂര്‍ എക്സ്പോര്‍ട്ട്സ് ലോകമെമ്പാടും റീട്ടെയ്ല്‍ വില്‍പ്പന നടത്തിവരുന്ന കമ്പനിയാണ്. കമ്പനിയുടെ ഭൂരിഭാഗം ഓഹരികള്‍ റിലയന്‍സ് സ്വന്തമാക്കിയെങ്കിലും മൂന്നുപേരും ബ്രാന്‍ഡിന്റെ ക്രിയേറ്റീവ് മേഖലയില്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

''ഇന്ത്യന്‍ ആഡംബര ഉപഭോക്താക്കള്‍ തലമുറകളുടെ ഉപഭോഗ ഷിഫ്റ്റിന് വിധേയമാകുമ്പോള്‍, എ ആന്‍ഡ് ടിയുടെ കാലാതീതമായ രൂപകല്‍പ്പനയ്ക്ക് ഉയര്‍ന്ന വിലമതിപ്പുണ്ട്, കൂടാതെ ആഗോളതലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ കരകൗശലത്തിന്റെ അതുല്യമായ ആവിഷ്‌കാരം എത്തിക്കുന്നതിന് ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,'' ആര്‍ആര്‍വിഎല്‍ ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടനിലെ ദി കോണ്‍റാന്‍ ഷോപ്പിലും പിന്നീട് ലിബര്‍ട്ടി, ബ്രൗണ്‍സ്, ഹാരോഡ്സ്, സെല്‍ഫ്രിഡ്ജസ് തുടങ്ങിയ ഗ്ലോബല്‍ സ്റ്റോറുകളിലും ലോഞ്ച്വെയര്‍, ഹോം കളക്ഷനുകളുടെ എ ആന്‍ഡ് ടി റീട്ടെയ്ല്‍ വില്‍പ്പന നടത്തുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it