'വിലയൊരു പ്രശ്നമല്ല'; സ്വർണവും ബിറ്റ്‌കോയിനും വാങ്ങിക്കൂട്ടുന്നതിൽ ഉറച്ചുനിൽക്കുന്നത് എന്തുകൊണ്ടെന്ന് റോബർട്ട് കിയോസാക്കി

സ്വർണം, വെള്ളി എന്നിവ പ്രകൃതിദത്തമായ പരിമിതിയുള്ളവയും ബിറ്റ്‌കോയിൻ ഡിജിറ്റലായി പരിമിതപ്പെടുത്തിയതുമാണ്
Robert Kiyosaki, gold investment
Image courtesy: Canva
Published on

വിപണിയിലെ വിലവ്യതിയാനങ്ങൾ കാര്യമാക്കാതെ സ്വർണം, വെള്ളി, ബിറ്റ്‌കോയിൻ എന്നിവയിൽ നിക്ഷേപം തുടരുന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങള്‍ വെളിപ്പെടുത്തുകയാണ് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ റോബർട്ട് കിയോസാക്കി. 'റിച്ച് ഡാഡ് പുവർ ഡാഡ്' (Rich Dad Poor Dad) എന്ന പ്രശസ്ത പേഴ്സണല്‍ ഫിനാന്‍സ് പുസ്തകത്തിന്റെ രചയിതാവാണ് കിയോസാക്കി. ആഗോള സമ്പദ്‌വ്യവസ്ഥ വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് നിരന്തരം മുന്നറിയിപ്പ് നൽകുന്ന വ്യക്തിയാണ് അദ്ദേഹം.

വിപണിയിൽ സ്വർണം, വെള്ളി, ബിറ്റ്‌കോയിൻ എന്നിവയുടെ വില ഉയരുകയാണോ താഴുകയാണോ എന്നതിലല്ല, മറിച്ച് ഈ 'ആസ്തികൾ' കൈവശം വെക്കുന്നതിലാണ് കാര്യമെന്നാണ് കിയോസാക്കിയുടെ നിലപാട്. താൻ എന്തിനാണ് വില നോക്കാതെ ഇവ വാങ്ങിക്കൂട്ടുന്നത് എന്ന തന്ത്രവും കിയോസാക്കി വെളിപ്പെടുത്തി.

യഥാർത്ഥ പണവും വ്യാജ പണവും

അമേരിക്കൻ ഡോളർ ഉൾപ്പെടെയുള്ള ഫിയറ്റ് കറൻസികളെ (Fiat Money) കിയോസാക്കി 'വ്യാജ പണം' എന്നാണ് വിശേഷിപ്പിക്കുന്നത്. സർക്കാരുകൾക്ക് ഇഷ്ടാനുസരണം അച്ചടിക്കാൻ കഴിയുന്ന കറൻസികൾ പണപ്പെരുപ്പം മൂലം മൂല്യം ഇടിയാൻ സാധ്യതയുണ്ട്. എന്നാൽ സ്വർണം, വെള്ളി എന്നിവ പ്രകൃതിദത്തമായ പരിമിതിയുള്ളവയും ബിറ്റ്‌കോയിൻ ഡിജിറ്റലായി പരിമിതപ്പെടുത്തിയതുമാണ് (പരമാവധി 2.1 കോടി കോയിനുകൾ). അതിനാൽ ഇവയെയാണ് അദ്ദേഹം യഥാർത്ഥത്തിലുളള പണമായി വിശേഷിപ്പിക്കുന്നത്.

എന്തുകൊണ്ട് വിലയെ അവഗണിക്കുന്നു?

മിക്ക നിക്ഷേപകരും സ്വർണം, വെള്ളി തുടങ്ങിയവ വില കുറയുമ്പോൾ വാങ്ങാനും കൂടുമ്പോൾ വിക്കാനും നോക്കുമ്പോൾ, കിയോസാക്കി ആസ്തികളുടെ അളവ് വർദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. "എത്ര രൂപയ്ക്കാണ് വാങ്ങിയത് എന്നതല്ല, എത്ര നാണയങ്ങൾ അല്ലെങ്കിൽ എത്ര ഔൺസ് സ്വർണം നിങ്ങളുടെ പക്കലുണ്ട് എന്നതാണ് പ്രധാനം" എന്ന് അദ്ദേഹം പറയുന്നു. വിപണി തകരുമ്പോൾ ഈ ആസ്തികൾ സുരക്ഷാ കവചമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം കരുതുന്നു.

ഭാവി പ്രവചനങ്ങൾ

2035 ഓടെ ബിറ്റ്‌കോയിൻ ഒരു മില്യൺ ഡോളറിലേക്കും സ്വർണം ഔൺസിന് 30,000 ഡോളറിലേക്കും എത്തിയേക്കാമെന്ന് അദ്ദേഹം പ്രവചിക്കുന്നു. നിലവില്‍ 5,000 ഡോളറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് സ്വര്‍ണം. പലിശ നിരക്കിലെ മാറ്റങ്ങളോ ഓഹരി വിപണിയിലെ തകർച്ചയോ ഈ ആസ്തികളുടെ മൂല്യം ദീർഘകാലാടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സമ്പദ്‌വ്യവസ്ഥയുടെ അസ്ഥിരതയിൽ നിന്ന് രക്ഷനേടാൻ സാധാരണക്കാർ പണം നേടുന്നതിന് പകരം സ്വർണം, വെള്ളി, ബിറ്റ്‌കോയിൻ എന്നിവ സമ്പാദിക്കണമെന്നാണ് കിയോസാക്കി നൽകുന്ന ഉപദേശം. വരാനിരിക്കുന്ന വലിയ സാമ്പത്തിക തകർച്ചയിൽ (The Giant Crash) ഈ ആസ്തികൾ ഉള്ളവർ രക്ഷപ്പെടുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

Robert Kiyosaki explains why he continues buying gold and Bitcoin regardless of price, anticipating a major economic crash.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com