ഒറ്റ രാജിയില്‍ പോയത് ഒരു ലക്ഷം കോടി, കോവിഡ് വൈറസ് പിടികൂടിയ അവസ്ഥ; എച്ച്.ഡി.എഫ്.സി ബാങ്ക് പ്രശ്‌നത്തിലോ?

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ ഭദ്രതക്കോ ഭാവിക്കോ ഏതെങ്കിലും വിധത്തില്‍ ഉലച്ചിലുണ്ടോ? നിക്ഷേപകരെയും ഇടപാടുകാരെയും അലട്ടുന്നത് ഇത്തരം വിഷയങ്ങളാണ്
HDFC Bank share chart
HDFC Bank share chart
Published on

ഒരു രാജി, ഒരൊറ്റെ പ്രസ്താവന. അതുകൊണ്ട് ഒരു കമ്പനിയുടെ മൂല്യം തകര്‍ന്നത് ഒരു ലക്ഷം കോടി രൂപ! കോവിഡ് വൈറസുകള്‍ കാര്‍ന്നു തിന്നതിനു തുല്യമായൊരു ഇടിവു സൃഷ്ടിക്കാന്‍ ഒരു രാജിക്കു കഴിയുക! ഓഹരി വിപണിയിലെ രണ്ടാമത്തെ പ്രധാന സ്ഥാപനമായി അറിയപ്പെടുന്ന എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാന്‍ അതനു ചക്രവര്‍ത്തിയുടെ അപ്രതീക്ഷിത രാജി ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല.

ചെയര്‍മാന്റെ പ്രസ്താവന ബാങ്കിനെ സംബന്ധിച്ചേടത്തോളം ഗുരുതരമാണ്. തന്റെ മൂല്യങ്ങള്‍ക്കും ധാര്‍മിക ബോധത്തിനും നിരക്കുന്നതല്ല ബാങ്കിന്റെ ചില പ്രവര്‍ത്തനങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്. ഏതൊരു ബാങ്കിന്റെയും നിലനില്‍പ് അതിന്റെ വിശ്വാസ്യതയില്‍ ഊന്നിയാണ്. അതനു ചക്രവര്‍ത്തിയുടെ രാജിക്കും തുറന്നു പറച്ചിലിനും പിന്നാലെ ഓഹരി വിപണി തുറന്നപ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരി വില 9 ശതമാനം വരെ താഴേക്കു പോയത് അതുകൊണ്ടാണ്. ഇതിനു മുമ്പ് കോവിഡ് കാലത്തു മാത്രമാണ് ഇതുപോലൊരു വീഴ്ച ഉണ്ടായത്. അക്കാലത്ത് ഇടിഞ്ഞത് 13 ശതമാനമാണ്.

എന്താണ് ആ ധാര്‍മിക പ്രശ്‌നം?

അതനു ചക്രവര്‍ത്തി ഉയര്‍ത്തുന്ന, ധാര്‍മിക പ്രശ്‌നം എന്താണ്? ബാങ്കില്‍ എന്തെങ്കിലും അരുതായ്മകള്‍ നടക്കുന്നു എന്നാണോ? അതേക്കുറിച്ച് റിസര്‍വ് ബാങ്കും പുതിയ ഇടക്കാല ചെയര്‍മാനും എന്താണ് പറയുന്നത്? ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ ഭദ്രതക്കോ ഭാവിക്കോ ഏതെങ്കിലും വിധത്തില്‍ ഉലച്ചിലുണ്ടോ? നിക്ഷേപകരെയും ഇടപാടുകാരെയും അലട്ടുന്നത് ഇത്തരം വിഷയങ്ങളാണ്.

ബാങ്കിലെ ചില സംഭവ വികാസങ്ങളും രീതികളും എന്റെ വ്യക്തി മൂല്യങ്ങള്‍ക്കോ ധാര്‍മിക ബോധത്തിനോ നിരക്കുന്നതല്ല -രാജിക്കത്തില്‍ അതനു ചക്രവര്‍ത്തി പടിയിറക്കത്തിനു ഒറ്റ കാരണമായി വിശദീകരിക്കുന്നത് അതാണ്. എന്നാല്‍ സാമ്പത്തിക ക്രമക്കേടോ, ചട്ട ലംഘനമോ ഒന്നും അദ്ദേഹം എടുത്തു കാട്ടിയിട്ടില്ല. ബാങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള അരുതായ്മകള്‍ നടക്കുന്നതായി പിന്നീടുള്ള അഭിമുഖങ്ങളിലും പറഞ്ഞിട്ടില്ല.

റിട്ട. ഐ.എ.എസ് ഓഫീസറായ അതനു ചക്രവര്‍ത്തി 2021ലാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ബോര്‍ഡില്‍ എത്തിയത്. എച്ച്.ഡി.എഫ്.സി ബാങ്കില്‍ എച്ച്.ഡി.എഫ്.സി ലിമിറ്റഡിനെ ലയിപ്പിക്കുന്ന നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് അദ്ദേഹമാണ്. ബാങ്കിന്റെ സ്ഥാപനപരമായ സംസ്‌കാരവുമായി ചേര്‍ന്നു പോകാന്‍ പറ്റുന്നില്ല എന്ന് ഇപ്പോള്‍ അദ്ദേഹം പറയുന്നു. എന്നാല്‍ നിയമവിരുദ്ധമായ ചെയ്തിക്ക് തെളിവൊന്നും ഉയര്‍ത്തിക്കാട്ടുന്നില്ല.

കുഴപ്പമൊന്നും കാണാതെ റിസര്‍വ് ബാങ്ക്

പ്രമുഖ ബാങ്കറായ കേകി മിസ്ട്രിയെ പുതിയ ഇടക്കാല പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിച്ച എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തീരുമാനം റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുണ്ട്. ബാങ്കിന്റെ ബോര്‍ഡില്‍ ഏതെങ്കിലും വിധത്തിലുള്ള അധികാര വടംവലിയൊന്നുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രഫഷണല്‍ രീതികളും നിക്ഷേപക താല്‍പര്യവുമായി ചേര്‍ന്നു നിന്നുകൊണ്ടാണ് ബാങ്ക് പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ അതനു ചക്രവര്‍ത്തി കാണുന്ന കുഴപ്പം എന്താണ്? അത് ഇനി വരും ദിവസങ്ങളില്‍ പുറത്തു വരുമോ എന്നാണ് കാണേണ്ടത്.

ചെയര്‍മാന്റെ രാജി ഓഹരി വിപണിയില്‍ സൃഷ്ടിച്ച ആശയക്കുഴപ്പം ഒരു ദിവസം കൊണ്ട് പാതിയെങ്കിലും തീര്‍ത്തെടുക്കാന്‍ ബാങ്കിന് സാധിച്ചുവെന്ന് പറയാം. കാരണം, 9 ശതമാനം വരെ ഇടിഞ്ഞ ഓഹരിവിലയില്‍ പകുതിയോളം വ്യാഴാഴ്ച തന്നെ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക് പോലെ ഭദ്രതയും റിസര്‍വ് ബാങ്ക് നിരീക്ഷണ-നിയന്ത്രണങ്ങളുമുള്ള ഏതൊരു ബാങ്കിനും വഴി വിട്ട് പ്രവര്‍ത്തിക്കുന്നതിന് പരിമിതികളുണ്ടെന്നും കാണേണ്ടതുണ്ട്.

കാലാകാലങ്ങളില്‍ തങ്ങളുടെ മേല്‍നോട്ടവും വിലയിരുത്തലുകളും നടക്കുന്നതാണെന്നും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കാര്യത്തില്‍ ഉത്കണ്ഠപ്പെടേണ്ടതായി ഒന്നും കണ്ടിട്ടില്ലെന്നുമാണ് റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. ബാങ്കിന്റെ ഭരണത്തിലോ സാമ്പത്തിക നടപടികളിലോ ആഭ്യന്തര പ്രവര്‍ത്തനങ്ങളിലോ ഉത്കണ്ഠപ്പെടാന്‍ ഒന്നും കണ്ടിട്ടില്ല. മതിയായ മൂലധനമുണ്ട്. പണലഭ്യതയുണ്ട്. പ്രഫഷണല്‍ യോഗ്യതയുള്ളവര്‍ നയിക്കുന്നു. മാനേജ്‌മെന്റും കാര്യക്ഷമം. നിക്ഷേപകരുടെ വികാരം തണുപ്പിക്കാനാണ് റിസര്‍വ് ബാങ്ക് ഉടനടി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തു വന്നതെന്നു കാണാം.

വിയോജിപ്പോ, ക്രമക്കേടോ?

ബാങ്കിന്റെ ഓഹരി വിലയിടിവിനെ തുടര്‍ന്ന് ബ്രോക്കറേജുകളും വിപണി വിദഗ്ധരും നല്‍കുന്ന അഭിപ്രായം സമ്മിശ്രമാണ്. ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ബാങ്കുകളിലൊന്നില്‍ ഉണ്ടായ രാജിയും തുടര്‍പ്രസ്താവനയും ആഭ്യന്തരമായ വിയോജിപ്പുകളും അവ്യക്തതയുമാണ് പുറത്തു കൊണ്ടുവരുന്നതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. വ്യക്തമായ തെളിവൊന്നുമില്ലാതെയാണെങ്കില്‍ക്കൂടി, ചക്രവര്‍ത്തിയുടെ പ്രസ്താവന ഭരണപരമായ പ്രയാസങ്ങള്‍ക്ക് ഇടവരുത്തുമെന്ന കാഴ്ചപ്പാട് പങ്കുവെക്കുന്നവരുമുണ്ട്. അതിരു വിട്ട പ്രതികരണമാണ് ഓഹരിവില കുത്തനെ ഇടിഞ്ഞതില്‍ പ്രതിഫലിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. കനത്ത ഇടിവ്, ഓഹരി സ്വന്തമാക്കാനുള്ള പുതിയ അവസരമാണെന്നും വിപണി വിദഗ്ധര്‍ നിരീക്ഷിച്ചു. കാരണം, എച്ച്.ഡി.എഫ്.സി ബാങ്കിന് ശക്തമായ അടിത്തറയും മൂലധനവും ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യവുമുണ്ട്.

തന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ചില രീതികളെക്കുറിച്ചുള്ള അതനു ചക്രവര്‍ത്തിയുടെ പരാമര്‍ശത്തോടെ സ്ഥാപനത്തിന്റെ കോര്‍പറേറ്റ് സാരഥ്യം ഒരു ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ബോര്‍ഡിന്റെ രീതികള്‍, ലയന ശേഷമുള്ള സംയോജനപരമായ വെല്ലുവിളികള്‍ എന്നിവയൊക്കെ ഈ പരാമര്‍ശത്തില്‍ അടങ്ങിയിട്ടുള്ളതായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ വ്യക്തമായ തെളിവൊന്നുമില്ലാത്ത പരാമര്‍ശം സ്ഥാപനത്തിലെ ക്രമക്കേടല്ല, ഭരണപരമായ കാഴ്ചപ്പാടുകളിലെ ഭിന്നതയാകാമെന്നാണ് നിരീക്ഷണങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com