

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്ക പ്രഖ്യാപനത്തിനു പിന്നാലെ തുടങ്ങിയ ആഗോള വ്യാപാര യുദ്ധം മൂലം ചോരയൊലിച്ച് ആഗോള ഓഹരി വിപണികള്‍. നാലു ശതമാനത്തോളം നിഫ്റ്റിയും സെന്‍സെക്‌സും കുത്തനെ ഇടിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് ഒറ്റദിവസത്തെ നഷ്ടം 19 ലക്ഷം കോടി രൂപ. നിഫ്റ്റി 21,800 പോയന്റിന് താഴെയെത്തി.
യു.എസ് ഫ്യൂച്ചേഴ്‌സിന് നേരിട്ട കനത്ത നഷ്ടം യു.എസ്, യൂറോപ്യന്‍ യൂണിയന്‍, ജാപ്പനീസ് ഓഹരി വിപണികള്‍ക്കു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയേയും വല്ലാത്ത തകര്‍ച്ചയിലേക്ക് നയിക്കുകയായിരുന്നു. വ്യാപാര സംഘര്‍ഷം വര്‍ധിച്ചത് ആഗോള മാന്ദ്യത്തിലേക്ക് എത്തിക്കാമെന്ന ആശങ്കയില്‍ ഓഹരി വിപണികളെല്ലാം കടുത്ത വില്‍പന സമ്മര്‍ദത്തിലാണ്.
നിഫ്റ്റി-50യിലെ ഒരൊറ്റ ഓഹരി പോലും പച്ച തൊടാത്ത കനത്ത വീഴ്ചയാണ് തിങ്കളാഴ്ച ഉണ്ടായിരിക്കുന്നത്. ഒന്നാം നമ്പര്‍ താരങ്ങളായ റിലയന്‍സും (4.10 ശതമാനം) ടി.സി.എസും (4.70) എച്ച്.ഡി.എഫ്.സി ബാങ്കുമൊക്ക (2.77) നേരിട്ടത് വല്ലാത്ത വീഴ്ചയാണ്. സ്‌മോള്‍ ക്യാപ്-100 ഓഹരികളുടെ വീഴ്ച അഞ്ചര ശതമാനം. നിഫ്റ്റി 100ലും ഒറ്റ ഓഹരി പോലും മുന്നോട്ടു നീങ്ങാന്‍ ഉണ്ടായിരുന്നില്ല. ടാറ്റ സ്റ്റീലും ടാറ്റ മോട്ടോഴ്‌സും 10 ശതമാനത്തോളം ഇടിഞ്ഞു. എല്‍ ആന്‍ഡ് ടിയുടെ വീഴ്ച ആറര ശതമാനം കടന്നു. ഏറ്റവും കുറഞ്ഞ ഇടിവ്, കുറെക്കാലമായി താഴ്ന്നു നില്‍ക്കുന്ന ഏഷ്യന്‍ പെയിന്റ്‌സിനായിരുന്നു -0.56 ശതമാനം. കേരള ഓഹരികള്‍ക്കും വലിയ ഇടിവു തന്നെ. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ഇടിഞ്ഞത് ഏഴു ശതമാനത്തോളം, കേരള ആയുര്‍വേദയുടെ തകര്‍ച്ച 10 ശതമാനം വരെ. മുത്തൂറ്റ് ക്യാപ്പിറ്റല്‍ ആറര ശതമാനം ഇടിഞ്ഞു. ഇതിനെല്ലാമിടയില്‍ ഇന്ത്യ വിക്‌സ് പച്ച കത്തിയത് 57 ശതമാനം ഉയര്‍ന്ന് 21.58ല്‍ എത്തിക്കൊണ്ടാണ്.
വാള്‍സ്ട്രീറ്റ് കഴിഞ്ഞയാഴ്ച കുത്തനെ താഴെ പോയിരുന്നു. കടുത്ത വില്‍പന സമ്മര്‍ദമാണ് യു.എസ് ഫ്യൂച്ചേഴ്‌സ് വിപണിയിലും അനുഭവപ്പെടുന്നത്. അമേരിക്ക കടുത്ത സാമ്പത്തിക മാന്ദ്യം ഏറ്റുവാങ്ങാന്‍ പോകുന്നുവെന്ന പ്രതീതിയാണ് വിപണികളിലെങ്ങും. ജപ്പാന്റെ നിക്കൈ 225 സൂചിക എട്ടു ശതമാനത്തോളം ഇടിവാണ് നേരിട്ടത്. ആഗോള പ്രവണതകള്‍ക്കൊപ്പം സാധാരണയായി ചൈനീസ് വിപണികള്‍ നീങ്ങാറില്ല. എന്നാല്‍ ഇത്തവണ അവിടെയും കുത്തനെ ഇടിവ്. ഹോങ്കോങ്ങിന്റെ ഹാങ്‌സെങ് സൂചികയുടെ ഇടിവ് 10 ശതമാനത്തിനടുത്തായി. ദക്ഷിണ കൊറിയയുടെ കോപ്‌സി 4 ശതമാനത്തിലധികം വീണു.
അമേരിക്കന്‍ ഓഹരി വിപണികളും തിരിച്ചടി നേരിടുമ്പോള്‍, അതൊന്നും കാര്യമാക്കുന്നില്ലെന്ന നിലപാടാണ് ഡൊണള്‍ഡ് ട്രംപ് സ്വീകരിച്ചു പോരുന്നത്. ചിലതെല്ലാം പരിഹരിക്കാന്‍ നമുക്ക് മരുന്നു കഴിക്കേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഓഹരി വിപണിയിലെ ചോര കണ്ട ട്രംപിന്റെ പ്രതികരണം.
Read DhanamOnline in English
Subscribe to Dhanam Magazine