ഇന്ത്യന്‍ റെയ്ല്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഐപിഒ ഈ മാസം അവസാനം

ഇന്ത്യന്‍ റെയ്ല്‍വേയുടെ ഫിനാന്‍സിംഗ് കമ്പനിയായ ഇന്ത്യന്‍ റെയ്ല്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐആര്‍എഫ്‌സി)യുടെ പ്രാഥമിക പൊതു ഓഹരി വില്‍പ്പന (ഐപിഒ) ഈ മാസം ഒടുവിലുണ്ടായേക്കും. ആങ്കര്‍ ഇന്‍വെസ്റ്ററില്‍ നിന്ന് ഫണ്ട് സമാഹരിക്കുന്ന ആദ്യ പൊതുമേഖല കമ്പനിയുടെ ഐ പി ഒ എന്ന സവിശേഷതയോടെയാണ് ഐആര്‍എഫ്‌സി ലിസ്റ്റിംഗിന് ഒരുങ്ങുന്നത്.

4600 കോടി രൂപയാണ് ഐആര്‍എഫ്‌സിയുടെ സമാഹരണ ലക്ഷ്യം. 178.21 കോടി ഓഹരികളാണ് വില്‍പ്പന നടത്തുക. ഇതില്‍ 118.80 കോടി ഓഹരികള്‍ പുതുതായുള്ളതാണ്.

ഐആര്‍എഫ്‌സിയുടെ ലിസ്റ്റിംഗ് കൂടി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ റെയ്ല്‍വേയില്‍ നിന്നുള്ള അഞ്ചാമത്തെ കമ്പനി കൂടി ഓഹരി വിപണിയിലെത്തും. 2017ലാണ് അഞ്ച് റെയ്ല്‍വേ കമ്പനികളെ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടത്. ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ആര്‍ഐടിഇഎസ്, റെയ്ല്‍ വികാസ് നിഗം, ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) എന്നിവയാണ് നിലവില്‍ ലിസ്റ്റിംഗ് നടത്തിയിരിക്കുന്ന റെയ്ല്‍വേയില്‍ നിന്നുള്ള നാല് കമ്പനികള്‍.

നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാകുമോ?

ഐആര്‍എഫ്‌സി വിപണിയില്‍ നിന്ന് സമാഹരിക്കുന്ന പണം അതേപടി റെയ്ല്‍വേയ്ക്ക് വായ്പയായി നല്‍കില്ല. പകരം റെയ്ല്‍വേയ്ക്ക് വേണ്ടി ആസ്തികള്‍ നിര്‍മിച്ച് അവ പ്രത്യേക കാലയളവിലേക്കായി റെയ്ല്‍വേയ്ക്ക് പാട്ടത്തിനോ വാടകയ്‌ക്കോ നല്‍കും. വാര്‍ഷികാടിസ്ഥാനത്തില്‍ ഇതില്‍ നിന്നുള്ള പാട്ടവും വാടകയും ഐആര്‍എഫ്‌സിക്ക് ലഭിക്കും. ഇതാണ് ബിസിനസ് മോഡല്‍ എന്ന് ഐആര്‍എഫ്‌സി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അമിതാഭ് ബാനര്‍ജി കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു.

ഐആര്‍എഫ്‌സിയ്ക്ക് പാട്ടത്തുകയും വാടകയും നല്‍കുന്നത് റെയ്ല്‍വേ മന്ത്രാലയമാണ്. അതിനുള്ള വിഹിതം കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിട്ടുമുള്ളതാണ്. അതുകൊണ്ട് തന്നെ റിസ്‌ക് ഫ്രീയായ ബിസിനസ് മോഡലാണ് കമ്പനിയുടേത്.

മുന്നിലെ സാധ്യതകള്‍

102 ലക്ഷം കോടി രൂപയുടെ ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്. ഇതില്‍ 15 ലക്ഷം കോടി രൂപ മൂല്യമുള്ള പദ്ധതികളെങ്കിലും റെയ്ല്‍വേ മന്ത്രാലയത്തിന്റേതാണ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ 50-60 ശതമാനമെങ്കിലും നടപ്പാക്കപ്പെടാനിടയുണ്ട്. പ്രവര്‍ത്തനം തുടങ്ങി 34 വര്‍ഷമായി ഐആര്‍എഫ്‌സിയ്ക്ക് കിട്ടാക്കടമില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it