ഒരു വര്‍ഷത്തിനിടെ 528 ശതമാനം നേട്ടം, വിപണിയില്‍ കുതിച്ചുപാഞ്ഞ ഓഹരിയിതാ

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് മിന്നും നേട്ടം സമ്മാനിച്ച് ടൈന്‍ അഗ്രോ ലിമിറ്റഡ്. ഒരു വര്‍ഷത്തിനിടെ 528 ശതമാനത്തിന്റെ വളര്‍ച്ചയാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനി നേടിയത്. ഒരു വര്‍ഷം മുമ്പ് 7.25 രൂപയായിരുന്ന ഈ കമ്പനിയുടെ ഓഹരി വില 45.55 രൂപ (18-03-2022) യിലാണ് എത്തിനില്‍ക്കുന്നത്. മാര്‍ച്ച് ഒമ്പതിന് ഏറ്റവും ഉയര്‍ന്ന നിലയായ 61.75 രൂപയിലും തൊട്ടു. ഒരു വര്‍ഷത്തിനിടെ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 17.57 ശതമാനം ഉയര്‍ന്നപ്പോഴാണ് വിപണിയില്‍ കുതിച്ചുപാഞ്ഞ് ടൈന്‍ അഗ്രോ ലിമിറ്റഡ് അഞ്ച് മടങ്ങിലധികം നേട്ടം സമ്മാനിച്ചത്. 2021 ഏപ്രിലില്‍ വിപണിയിലേക്കെത്തിയ ഈ കമ്പനി ആറ് മാസത്തിനിടെ 379 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ നിലവില്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാതാവിന്റെ ഓഹരികള്‍ വ്യാപാരം നടത്തുന്നത്. ഈ കമ്പനി വിപണിയിലെ ഉയര്‍ന്ന ചാഞ്ചാട്ടം കാരണം ബിഎസ്ഇയില്‍ ഹ്രസ്വകാല അധിക നിരീക്ഷണ നടപടി (എഎസ്എം) ഘട്ടം-രണ്ട് ചട്ടക്കൂടിലാണ്. കൂടാതെ, 2008 സാമ്പത്തിക വര്‍ഷം മുതല്‍ 11 സാമ്പത്തിക വര്‍ഷങ്ങളില്‍ 10 വര്‍ഷങ്ങളിലും പൂജ്യം വില്‍പ്പനയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ തന്നെ ഈ കമ്പനിയില്‍ നിക്ഷേപിക്കുന്നതിലും ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബിഎസ്ഇയില്‍ കമ്പനിയുടെ വിപണി മൂല്യം 33.30 കോടി രൂപയാണ്. അടുത്തിടെ, കമ്പനി ശക്തമായ ത്രൈമാസ പ്രകടനമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021 ഡിസംബര്‍ പാദത്തില്‍ അറ്റാദായം 950 ശതമാനം ഉയര്‍ന്ന് 0.51 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 0.06 കോടി രൂപ നഷ്ടമായിരുന്നു. 2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വില്‍പ്പന 4.5 കോടി രൂപയായി ഉയര്‍ന്നു.

1994-ല്‍ സ്ഥാപിതമായ ഈ കമ്പനി കമ്പിളി, ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് നിര്‍മിക്കുന്നത്.


Related Articles
Next Story
Videos
Share it