റബര്‍ ഉത്പാദനം വീണ്ടും 8 ലക്ഷം ടണ്‍ കടന്നു; കേരളം പിന്നോട്ട്

ഇതിന് മുമ്പ് ഉത്പാദനം 8 ലക്ഷം ടണ്‍ കടന്നത് 2012-13ല്‍; കേരളത്തിന്റെ വിഹിതം ഇടിയുന്നു
റബര്‍ ഉത്പാദനം വീണ്ടും 8 ലക്ഷം ടണ്‍ കടന്നു; കേരളം പിന്നോട്ട്
Published on

ഒരു ദശാബ്ദത്തിന്റെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് സ്വാഭാവിക റബര്‍ (Natural Rubber) ഉത്പാദനം വീണ്ടും 8 ലക്ഷം ടണ്‍ കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ഉത്പാദനം മുന്‍വര്‍ഷത്തെ 7.75 ലക്ഷം ടണ്ണില്‍ നിന്ന് 8.3 ശതമാനം ഉയര്‍ന്ന് 8.39 ലക്ഷം ടണ്ണായെന്ന് റബര്‍ ബോര്‍ഡ് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം 8.40 ലക്ഷം ടണ്‍ ഉത്പാദനം കൈവരിക്കുകയായിരുന്നു റബര്‍ ബോര്‍ഡിന്റെ ലക്ഷ്യമെങ്കിലും അതിനോട് അടുത്തുനില്‍ക്കുന്ന നേട്ടം കൈവരിക്കാനായത് ബോര്‍ഡിനും റബര്‍ മേഖലയ്ക്കും ആശ്വാസമായി. 2021-22ല്‍ വളര്‍ച്ചാനിരക്ക് 7 ശതമാനമായിരുന്നു.

തിരിച്ചുവരവ് ശക്തം

ഇതിന് മുമ്പ് റബര്‍ ഉത്പാദനം 8 ലക്ഷം ടണ്‍ കടന്നത് 2012-13ലാണ്. 9.13 ലക്ഷം ടണ്ണായിരുന്നു ആ വര്‍ഷം ഉത്പാദനം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉത്പാദനം വന്‍തോതില്‍ ഇടിഞ്ഞു. 2015-16ല്‍ 5.62 ലക്ഷം ടണ്ണിലേക്ക് കൂപ്പുകുത്തി. തുടര്‍ന്ന്, റബര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഉത്പാദനം ഉയര്‍ത്താനും കൃഷി വ്യാപിപ്പിക്കാനും നടത്തിയ ശ്രമങ്ങളാണ് പിന്നീട് ഉത്പാദനം കൂടാന്‍ വഴിയൊരുക്കിയത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി വ്യാപിപ്പിച്ചതും കേരളത്തിലെ കൃഷി മുടങ്ങിക്കിടന്ന തോട്ടങ്ങളില്‍ ടാപ്പിംഗ് പുനരാരംഭിച്ചതും ഗുണം ചെയ്തു.

ഉപഭോഗവും മുന്നോട്ട്, ഇറക്കുമതി താഴേക്ക്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപഭോഗം 9 ശതമാനം വര്‍ദ്ധിച്ച് 13.5 ലക്ഷം ടണ്ണിലെത്തി. ഉപഭോഗ വളര്‍ച്ച പക്ഷേ, 2021-22ല്‍ 13 ശതമാനമായിരുന്നു. എങ്കിലും, ഉത്പാദന വളര്‍ച്ചയേക്കാള്‍ മുന്നിലാണ് ഉപഭോഗ വളര്‍ച്ച. ഉപഭോഗത്തിന് അനുസൃതമായ സ്‌റ്റോക്കിനായി ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. എന്നാല്‍, ആഭ്യന്തര ഉത്പാദനം കൂടിയതോടെ ഇറക്കുമതി അല്‍പം കുറഞ്ഞിട്ടുണ്ട്. 2021-22ലെ 5.46 ലക്ഷം ടണ്ണില്‍ നിന്ന് 5.30 ലക്ഷം ടണ്ണിലേക്കാണ് കഴിഞ്ഞവര്‍ഷം ഇറക്കുമതി താഴ്ന്നത്.

പിന്നോട്ട് കേരളം

രാജ്യത്ത് റബര്‍ ഉത്പാദനത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളം. കഴിഞ്ഞവര്‍ഷം നിരവധി തോട്ടങ്ങളില്‍ ടാപ്പിംഗ് പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍, ഉത്പാദനത്തില്‍ കേരളത്തിന്റെ വിഹിതം കുത്തനെ കുറയുകയാണെന്നും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം മുന്നേറുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തിന്റെ വിഹിതം 90 ശതമാനത്തില്‍ നിന്ന് 78 ശതമാനത്തിലേക്ക് ഇടിഞ്ഞപ്പോള്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിഹിതം 10ല്‍ നിന്ന് 16 ശതമാനത്തിലെത്തി. ത്രിപുരയും അസാമുമാണ് ഉത്പാദനത്തില്‍ മികവ് പുലര്‍ത്തുന്നത്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവയുടെ സംയുക്ത വിഹിതം 6 ശതമാനമാണ്.

കേരളത്തെ വലച്ച് വിലയും കാലാവസ്ഥയും

റബര്‍ വില 300 രൂപയെങ്കിലും ആയാലേ ഉത്പാദനച്ചെലവെങ്കിലും തിരിച്ചുകിട്ടൂ എന്നാണ് കര്‍ഷകരും ഈ മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി പദ്ധതിയായ വിലസ്ഥിരതാ പദ്ധതിയില്‍ വില കിലോയ്ക്ക്് നിവവിലെ 170 രൂപയില്‍ നിന്ന് 250 രൂപയായെങ്കിലും ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. ഇപ്പോള്‍ റബര്‍ വില (ആര്‍.എസ്.എസ്-4) കിലോയ്ക്ക് 154 രൂപയേയുള്ളൂ. അതായത്, സബ്‌സിഡി വെറും 16 രൂപ. കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയുള്ള മഴയും കൃഷിയെ ബാധിക്കുന്നുണ്ട്. മദ്ധ്യകേരളത്തിലാണ് കൂടുതല്‍ പ്രതിസന്ധി. വടക്കന്‍-കേരളത്തില്‍ ഉത്പാദനം മെച്ചമാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com