രുചി സോയ ഇന്‍ഡസ്ട്രീസിന്റെ എഫ്പിഒ ഇന്നുമുതല്‍, വിവരങ്ങളിതാ

615-650 രൂപ എന്ന പ്രൈസ് ബാന്‍ഡിലാണ് ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ്
രുചി സോയ ഇന്‍ഡസ്ട്രീസിന്റെ എഫ്പിഒ ഇന്നുമുതല്‍, വിവരങ്ങളിതാ
Published on

രുചി സോയയുടെ 1,290 കോടി രൂപയുടെ എഫ്പിഒ (ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ്) ഇന്നുമുതല്‍ മാര്‍ച്ച് 28 വരെയായി നടക്കും. ഒരു ഓഹരിക്ക് 615-650 രൂപ എന്ന പ്രൈസ് ബാന്‍ഡിലാണ് എഫ്പിഒ. ഇഷ്യൂ വില ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയായ 897 രൂപയേക്കാള്‍ 27-32 ശതമാനം കുറവാണ്. 19.83 ദശലക്ഷം ഓഹരികളാണ് എഫ്പിഒയിലൂടെ കൈമാറാനൊരുങ്ങുന്നത്. ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗിലൂടെ ലഭിക്കുന്ന വരുമാനം കമ്പനിയുടെ കടം വീട്ടാന്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രുചി സോയയിലെ 98.9 ശതമാനം ഓഹരികളും ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദിന്റെ കൈവശമാണ്. എഫ്പിഒയിലൂടെ പതഞ്ജലിയുടെ ഓഹരി പങ്കാളിത്തം 81 ശതമാനമായി കുറയുകയും പൊതു ഓഹരി പങ്കാളിത്തം 19 ശതമാനമാവുകയും ചെയ്യും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 33 ശതമാനത്തിന്റെ നേട്ടമാണ് രുചി സോയ ഇന്‍ഡസ്ട്രീസ് വിപണിയില്‍ നേടിയത്. എന്നിരുന്നാലും സ്റ്റോക്ക് തിങ്കളാഴ്ച 10 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചത്തെ ക്ലോസിംഗ് വിലയേക്കാള്‍ 35 ശതമാനം കുറവില്‍ എഫ്പിഒ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചതാണ് ഓഹരി വില ഇടിയാന്‍ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ നിര്‍മ്മാതാവാണ് രുചി സോയ. 2019 ലാണ് ഈ കമ്പനിയെ പതഞ്ജലി ആയുര്‍വേദ ഏറ്റെടുത്തത്.

എന്താണ് എഫ്പിഒ

സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു കമ്പനി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ശേഷം അധിക ഷെയറുകള്‍ ഇഷ്യൂ ചെയ്യുന്നതാണ് ഫോളോ-ഓണ്‍ ഓഫര്‍. ഫോളോ-ഓണ്‍ ഓഫറുകള്‍ ദ്വിതീയ ഓഫറുകള്‍ എന്നും അറിയപ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com