സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഹാട്രിക് മധുരം: ഈ ഓഹരി അടുത്തയാഴ്ച ലിസ്റ്റ് ചെയ്യും

ഹൈദരാബാദ് ആസ്ഥാനമായ ആസാദ് എന്‍ജിനീയറിംഗ് അടുത്തയാഴ്ച ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നേട്ടം 17 കോടി രൂപ. ഒമ്പതു മാസം കൊണ്ട് 360 ശതമാനത്തോളം ലാഭമാണ് ലഭിക്കുകയെന്ന് ഇക്കണോമിക് ടൈസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാര്‍ച്ചിലാണ് ആസാദ് എന്‍ജിനീയറിംഗില്‍ സച്ചിന്‍ 5 കോടി രൂപ നിക്ഷേപം നടത്തിയത്. ഐ.പി.ഒയ്ക്ക് മുന്നോടിയായി കമ്പനി നടത്തിയ ഓഹരി വിഭജനത്തിനും ബോണസ് ഇഷ്യുവിനും ശേഷം സച്ചിന് കമ്പനിയില്‍ 4,38,210 ഓഹരികളാണുള്ളത്. ഐ.പി.ഒയിലെ ഉയര്‍ന്ന വിലയായ 524 രൂപ വച്ച് കണക്കാക്കിയാല്‍ നിലവിലെ 5 കോടി രൂപ നിക്ഷേപം 22.96 കോടി രൂപയായി ഉയരും. ശരാശരി 114.1 രൂപയ്ക്കാണ് സച്ചിന്‍ ഓഹരി വാങ്ങിയത്.
ലിസ്റ്റിംഗ് ദിനത്തില്‍ സച്ചിന്റെ ഭാഗ്യം കൂടാനും കുറയാനും സാധ്യതയുണ്ട്. നിലവിലെ ഗ്രേ മാര്‍ക്കറ്റ് വിലയനുസരിച്ച് 65 ശതമാനം ഉയര്‍ന്ന വിലയില്‍ ഓഹരി ലിസ്റ്റ് ചെയ്യാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.
കായികതാരങ്ങളുടെ നീണ്ട നിര
സച്ചിന് മാത്രമല്ല കായിക താരങ്ങളായ പി.വി. സിന്ധു, സൈന നെഹ്‌വാള്‍, വിവി.എസ് ലക്ഷ്മണ്‍, പ്രണവി ചന്ദ്ര, ചാമ മിലിന്ദ്‌, നിഖാത് സറീന്‍ എന്നിവര്‍ക്കും ആസാദ് എന്‍ജിനീയറിംഗില്‍ നിക്ഷേപമുണ്ട്. ഒരു കോടി രൂപ നിക്ഷേപം കമ്പനിയിലുണ്ടെങ്കില്‍ അത് ലിസ്റ്റിംഗ് ദിനത്തില്‍ 2.3 കോടി രൂപയായി ഉയരാം. ഏകദേശം 130 ശതമാനം നേട്ടം.
ഡിസംബര്‍ 28ന് ലിസ്റ്റിംഗ്
499-524 രൂപ നിരക്കിലാണ് ഓഹരി വില്‍പ്പന. മൊത്തം 740 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഐ.പി.ഒ ഇന്ന് അവസാനിച്ചു. 240 കോടി രൂപയുടെ പുതു ഓഹരികളും 500 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (ഒ.എഫ്.എസ്) ഐ.പി.ഒയിലുണ്ടായിരുന്നത്. കമ്പനിയുടെ പ്രമോട്ടര്‍മാരായ രാകേഷ് ചോപ്ദര്‍, നിക്ഷേപകരായ പിരമല്‍ സ്ട്രക്‌ചേര്‍ഡ് ഫണ്ട്, ഡി.എം.ഐ ഫിനാന്‍സ് എന്നിവരാണ് ഓഹരി വിറ്റഴിച്ചത്. യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്ന തീയതി ഡിസംബര്‍ 26 ആണ്. ഡിസംബര്‍ 28ന് ഓഹരി ലിസ്റ്റി ചെയ്യും.
ആഗോളതലത്തില്‍ ശ്രദ്ധനേടിയിട്ടുള്ള കമ്പനിയാണ് ആസാദ് എന്‍ജിനീയറിംഗ്, ജനറല്‍ ഇലക്ട്രിക്, ഹണിവെല്‍ തുടങ്ങിയവ കമ്പനിയുടെ പ്രധാന ഇടപാടുകാരാണ്. കമ്പനിയുടെ വരുമനത്തിന്റെ 80 ശതമാനവും വിദേശ വിപണിയില്‍ നിന്നാണ്.

Related Articles

Next Story

Videos

Share it