

ഓഹരി വിപണിയിൽ ട്രേഡിങ്ങിനായി പലവിധ തന്ത്രങ്ങളും ശൈലികളും നിക്ഷേപകർ സ്വീകരിക്കാറുണ്ട്. ഇതിൽ ഓഹരിയുടെ വില ഇടിയുമെന്ന് കരുതി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഷോർട്ട് സെൽ പൊസിഷൻ എടുക്കുന്നവരും ഏറെയാണ്. പ്രത്യേകിച്ചും ചെറിയ കാലയളവിനിടെ ഓഹരിയിൽ വമ്പൻ കുതിപ്പുണ്ടാകുമ്പോൾ വില ഉയർന്ന നിലവാരത്തിൽ അധികം തങ്ങിനിൽക്കില്ലെന്ന പ്രതീക്ഷയിൽ ഷോർട്ട് സെല്ലിന് ശ്രമിക്കുന്നവരുമുണ്ട്.
എന്നാൽ, 2026-ന്റെ ആദ്യ രണ്ട് ആഴ്ചയിൽ മാത്രം വില 100 ശതമാനത്തിലേറെയും കഴിഞ്ഞ ആറ് മാസത്തിനിടെ 1,100 ശതമാനത്തിലേറെയും മുന്നേറ്റം കാഴ്ചവെച്ച സാൻഡിസ്ക് കോർപറേഷൻ ഓഹരിയിൽ ഷോർട്ട് സെൽ ചെയ്തതിലൂടെ, 300 കോടി ഡോളറിന്റെ (ഏകദേശം 27,500 കോടി രൂപ) നഷ്ടത്തിൽ മുങ്ങിയിരിക്കുകയാണ് അമേരിക്കയിലെ ഒരുവിഭാഗം ട്രേഡർമാർ. ഇതിന്റെ വിശദാംശങ്ങളും നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളും നോക്കാം.
വില മുന്നേറുമെന്ന പ്രതീക്ഷയിൽ ആദ്യം ഓഹരി വാങ്ങുകയും പിന്നീട് വിൽക്കുകയും ചെയ്യുന്നതിനെയാണ് ലോങ് പൊസിഷനെന്ന് വിശേഷിപ്പിക്കുന്നത്. ഇതാണ് ഏറ്റവും സാധാരണയായ ട്രേഡിങ് രീതി. എന്നാൽ ഇതിന് വിപരീതമായി ഓഹരി ആദ്യം വിൽക്കുകയും പിന്നീട് അതു തിരികെ വാങ്ങി ട്രേഡിങ് പൂർണമാക്കുന്ന രീതിയാണ് ഷോർട്ട് സെല്ലിങ്. ഓഹരിയുടെ വില താഴുമെന്ന നിഗമനം ഉള്ളവരാണ് ഈ ശൈലി പിന്തുടരുന്നത്. ഇന്ത്യയിൽ ഷോർട്ട് സെല്ലിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കാഷ് ഇക്വിറ്റി വിഭാഗത്തിലെ ഇൻട്രാഡേയിൽ (അതേദിവസം തന്നെ ട്രേഡ് പൂർത്തിയാക്കണം) റീട്ടെയിൽ നിക്ഷേപകർക്ക് നിശ്ചിത ഓഹരികളിൽ ഷോർട്ട് സെൽ ചെയ്യാൻ സെബി (SEBI) അനുവദിക്കുന്നു. എന്നാൽ ഇൻസ്റ്റിട്യൂഷണൽ നിക്ഷേപകർക്ക് ഇൻട്രാഡേയിലുള്ള ഷോർട്ട് സെൽ നിരോധിച്ചിരിക്കുകയാണ്. രണ്ട് കൂട്ടർക്കും ഇക്വിറ്റി/ഇൻഡക്സ് ഡെറിവേറ്റീവ് കോൺട്രാക്ടുകളിലെ (F&O) ഷോർട്ട് സെൽ പൊസിഷൻ ഒന്നിലേറെ ദിവസം നിലനിർത്താൻ കഴിയും. അതേസമയം യു.എസിൽ കാഷ് ഇക്വിറ്റി വിഭാഗത്തിലെ ഷോർട്ട് സെല്ലിങ്ങിന് താരതമ്യേന ഉദാര വ്യവസ്ഥയാണുള്ളത്. മാർജിൻ അക്കൗണ്ട് വഴി കൂടുതൽ കാലം ഓഹരികളിലെ ഷോർട്ട് സെൽ നിലനിർത്താനാകും.
വില ഇടിയുമെന്ന് കരുതുന്ന ബെയറിഷ് ട്രേഡർമാർ താത്കാലികമായി ഓഹരി കടംവാങ്ങി (Borrowed) വിൽക്കുന്നതുമായി ബന്ധപ്പെട്ട നിർണായക അനുപാതമാണ് ഷോർട്ട് ഇന്ററസ്റ്റ് (Short Interest). ഈ വിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് വിശകലനം അവതരിപ്പിക്കുന്ന പ്രമുഖ ഫിനാൻഷ്യൽ ടെക്നോളജി സ്ഥാപനമാണ് എസ്-3 പാട്ണേഴ്സ് (S3). ഇവർ നൽകിയ പുതിയ റിസർച്ച് റിപ്പോർട്ട് പ്രകാരം, സാൻഡിസ്ക് ഓഹരിയിലെ ഷോർട്ട് ഇന്ററസ്റ്റ്അനുപാതം നേരത്തെയുള്ള 4 ശതമാനത്തിൽ നിന്നും 7.5 ശതമാനമായി വർധിച്ചു.
അതായത് വില ഇടിയുമെന്ന് കരുതി സാൻഡിസ്ക് ഓഹരിയിൽ ഷോർട്ട് സെൽ ചെയ്യുന്നവരുടെ എണ്ണം അടുത്തിടെ ഇരട്ടിയായെന്ന് സാരം. എന്നാൽ ഓഹരി വില താഴാൻ കൂട്ടാക്കാതെ ഉയരങ്ങളിലേക്ക് മുന്നേറുന്നതിനാൽ ഇങ്ങനെ ഷോർട്ട് സെൽ ചെയ്തവരുടെ മാർക്ക്-ടു-മാർക്കറ്റ് ലോസ് (പൊസിഷൻ എടുത്തപ്പോഴുള്ള വിലയും നിലവിലെ വിലയും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടം) 300 കോടി ഡോളർ (ഏകദേശം 27,500 കോടി രൂപ) കവിഞ്ഞുവെന്നാണ് എസ്-3യുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.
വില കൂടുതൽ ഉയരങ്ങളിലേക്ക് പോകുകയും മാർക്ക്-ടു-മാർക്കറ്റ് നഷ്ടം നിശ്ചിത പരിധിയും കഴിഞ്ഞാൽ മാർജിൻ സമ്മർദം ഷോർട്ട് സെൽ ചെയ്ത ട്രേഡർമാർക്ക് നേരിടേണ്ടിവരും. ഇതു ഓഹരിയുടെ നിർബന്ധിത മടക്കിവാങ്ങലിന് ഇടയാക്കും. ഇതോടെ ഓഹരി വില പ്രത്യേകിച്ചൊന്നും ചെയ്യാതെ തന്നെ വീണ്ടും വർധിക്കുന്നതിന് കാരണമാകും. ഇത്തരം സ്ഥിതിവിശേഷമാണ് ഷോർട്ട് സ്ക്വീസ് (Short Squeeze). നിലവിലെ കണക്കുകൾ വച്ച് സാൻഡിസ്ക് ഓഹരിയിൽ ഷോർട്ട് സ്ക്വീസ് നേരിടാനുള്ള സാധ്യത 82.5 ശതമാനമെന്നാണ് എസ്-3യുടെ റിപ്പോർട്ടിൽ പറയുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സാൻഡിസ്ക് ഓഹരിയിൽ ഷോർട്ട് സെൽ ചെയ്തവരുടെ നഷ്ടത്തിന്റെ വ്യാപ്തിയും വർധിക്കും.
യു.എസിലെ കാലിഫോർണിയ കേന്ദ്രമാക്കി യുഎസ്ബി ഫ്ലാഷ് ഡ്രൈവ്, മെമ്മറി കാർഡ്, ഹൈ പെർഫോമൻസ് സ്റ്റോറേജ് ഡ്രൈവ് തുടങ്ങിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്ന പ്രമുഖ കമ്പനിയാണ് സാൻഡിസ്ക് കോർപറേഷൻ. എഐ സെക്ടറിന്റെ അടുത്തഘട്ടം വികസനവുമായി ബന്ധപ്പെടുത്തി സ്റ്റോറേജ് സ്പേസുകൾക്ക് വലിയ പ്രാധാന്യം വരുമെന്ന എൻവിഡിയ കമ്പനിയുടെ സിഇഒ ആയ ജെൻസെൻ ഹുവാങ്ങിന്റെ പ്രസ്താവനയാണ് സാൻഡിസ്ക് ഓഹരിയിലെ മുന്നേറ്റത്തിന് തിരികൊളുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine