സൗദി അറേബ്യയുടെ ഓയിൽ സെക്ടറിന്റെ പുനർനിർമാണം: നേട്ടമുണ്ടാക്കാവുന്ന 6 ഇന്ത്യൻ ഓഹരികൾ

സൗദിയിലെ ഊർജ, ജല, വൈദ്യുതി അടിസ്ഥാനസൗകര്യ വികസനം എൽ&ടി, മാൻ ഇൻഡസ്ട്രീസ്, വെൽസ്പൺ കോർപ് പോലുള്ള ഇന്ത്യൻ കമ്പനികൾക്ക് അവസരങ്ങൾ സൃഷ്ടിക്കാമെന്നാണ് വിലയിരുത്തൽ
Saudi Arabia Oil Infrastructure Benefiting Indian Stocks List
പ്രതീകാത്മക ചിത്രംImage Source: Canva
Published on

സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ തകരാറിലായതിനെ തുടർന്ന് രാജ്യത്ത് ഊർജ്ജ-ജല വിതരണ ശൃംഖലകൾ പുനരുദ്ധരിക്കാനും വിപുലീകരിക്കാനുമുള്ള അടിയന്തര ആവശ്യകത ഉയർന്നു വന്നിട്ടുണ്ട്. ഈ സാഹചര്യം സൗദിയിൽ ശക്തമായ സാന്നിധ്യമുള്ള ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ, സ്റ്റീൽ പൈപ്പ് നിർമ്മാണ കമ്പനികൾക്ക് വലിയ പുതിയ ഓർഡറുകൾ ലഭിക്കാനുള്ള സാധ്യത തുറന്നിടുന്നു.

നിലവിലെ അടിയന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കൊപ്പം സൗദിയുടെ വിഷൻ-2030 പദ്ധതികളുടെ ഭാഗമായുള്ള അടിസ്ഥാന സൗകര്യ വികസനവും അടുത്ത 12-18 മാസത്തിനുള്ളിൽ ഇന്ത്യൻ നിർമ്മാണ, പൈപ്പ് കമ്പനികൾക്ക് മികച്ച ഓർഡർ ഇൻഫ്ലോ ഉറപ്പാക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഈയൊരു പശ്ചാത്തലത്തിൽ നിക്ഷേപകരുടെ വാച്ച്‍ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന 6 ഓഹരികൾ താഴെ ചേർക്കുന്നു.

എൽ & ടി

ബഹുരാഷ്ട്ര എൻജിനീയറിങ്, കൺസ്ട്രക്ഷൻ കമ്പനിയായ ലാർസൺ & ട്യൂബ്രോ അഥവാ എൽ & ടിക്ക് (BSE: 500510, NSE: LT) സൗദി അരാംകോയുമായി (Saudi Aramco) ദീർഘകാലത്തെ പ്രവർത്തന പരിചയമുണ്ട്. ജാഫുറ ഗ്യാസ് കംപ്രഷൻ, സുലുഫ് റീഡെവലപ്‌മെന്റ് തുടങ്ങിയ വൻകിട പ്രൊജക്റ്റുകൾ നടപ്പാക്കിയ ചരിത്രമുള്ളതിനാൽ, പുതിയ പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികളും ഗ്യാസ് ശൃംഖല വിപുലീകരണവും വരുമ്പോൾ എൽ & ടിക്ക് വലിയ മുൻഗണന ലഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം 3,905 രൂപയിലാണ് എൽ & ടി ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

വെൽസ്പൺ കോർപ്

ദമാമിലെ ഈസ്റ്റ് പൈപ്പ്സ് ഇന്റഗ്രേറ്റഡ് കമ്പനി (EPIC) വഴിയാണ് വെൽസ്പൺ കോർപ് (BSE: 532144, NSE: WELCORP) സൗദിയിൽ പ്രവർത്തിക്കുന്നത്. അടുത്തിടെ അരാംകോയിൽ നിന്ന് 2,000 കോടി രൂപയുടെ സ്റ്റീൽ പൈപ്പ് വിതരണ ഓർഡർ കമ്പനി സ്വന്തമാക്കിയിരുന്നു. എണ്ണ-വാതക മേഖലയ്ക്ക് പുറമെ, കുടിവെള്ള വിതരണ ശൃംഖലയ്ക്കായുള്ള വലിയ വ്യാസമുള്ള പൈപ്പുകളുടെ ആവശ്യകതയും വെൽസ്പണിന് അനുകൂലമാണ്. കഴിഞ്ഞ ദിവസം 2,763 രൂപയിലാണ് വെൽസ്പൺ കോർപ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

മാൻ ഇൻഡസ്ട്രീസ്

അരാംകോ അംഗീകൃത പൈപ്പ് നിർമ്മാതാക്കളായ 'നാഷണൽ പൈപ്പ് കമ്പനി'യെ (NPC) 102 മില്യൺ ഡോളറിന് (ഏകദേശം 980 കോടി രൂപ) ഏറ്റെടുത്തതോടെ മാൻ ഇൻഡസ്ട്രീസ് (BSE: 513269, NSE: MANINDS) സൗദിയിലെ തങ്ങളുടെ പ്രാദേശിക ഉത്പാദന ശേഷി ശക്തമാക്കി. ധഹ്റാനിലെ 4,30,000 ടൺ ഉത്പാദന ശേഷിയുള്ള പ്ലാന്റ് വഴി അടിയന്തര ഓർഡറുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കമ്പനിക്ക് സാധിക്കും. കഴിഞ്ഞ ദിവസം 860 രൂപയിലാണ് മാൻ ഇൻഡസ്ട്രീസ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

കെ.ഇ.സി ഇന്റർനാഷണൽ

സൗദിയിലെ ഊർജ്ജ പ്രസരണ (Power Transmission) മേഖലയിലാണ് കെ.ഇ.സി ഇന്റർനാഷണൽ (BSE: 532714, NSE: KEC) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 380 കെ.വി ട്രാൻസ്മിഷൻ ലൈനുകളും സബ് സ്റ്റേഷനുകളും സ്ഥാപിക്കുന്നതിൽ വൻകിട കരാറുകൾ കമ്പനി നേടുന്നുണ്ട്. എണ്ണ-വാതക ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കുന്നതിനൊപ്പം വൈദ്യുത ശൃംഖല വിപുലീകരിക്കുമ്പോഴും കെ.ഇ.സി ഇന്റർനാഷണലിന് നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം 403 രൂപയിലാണ് വിഎ ടെക് വാബാഗ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

വിഎ ടെക് വാബാഗ്

സൗദി അറേബ്യയിലെ വാട്ടർ ഇൻഫ്രാസ്ട്രക്ചർ മേഖലയിലാണ് വിഎ ടെക് വാബാഗിന്റെ (BSE: 533269, NSE: WABAG) മുന്നേറ്റം. അൽ ജൗഫിലെ ബി.ആർ.ഒ (Brackish Water Reverse Osmosis) പ്ലാന്റും ഹദ്ദയിലെ മാലിന്യ സംസ്കരണ പദ്ധതിയും ഇതിൽ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ ദിവസം 2,099 രൂപയിലാണ് വിഎ ടെക് വാബാഗ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

രത്നമണി മെറ്റൽസ് & ട്യൂബ്സ്

സൗദി ഇലക്ട്രിക് സപ്ലൈ കമ്പനിയുമായി സഹകരിച്ച് ദമാമിൽ 'രത്നമണി മിഡിൽ ഈസ്റ്റ്' സ്ഥാപിച്ചുകൊണ്ട് പ്രാദേശിക നിർമ്മാണത്തിലേക്ക് രത്നമണി മെറ്റൽസ് & ട്യൂബ്സ് ലിമിറ്റഡ് (BSE: 520111, NSE: RATNAMANI) കടന്നിട്ടുണ്ട്. അരാംകോ അംഗീകാരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ സീംലെസ് ട്യൂബുകൾ നിർമ്മിക്കുന്നതിലൂടെ എനർജി സെക്ടറിലെ ആവശ്യങ്ങൾ നേരിട്ട് നിറവേറ്റാൻ കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം 2,777 രൂപയിലാണ് രത്നമണി മെറ്റൽസ് & ട്യൂബ്സ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com