വീണ്ടും ബമ്പര്‍ ഓഹരി വില്‍പനയ്ക്ക് സൗദിയുടെ എണ്ണക്കമ്പനി അറാംകോ; ഓഹരിവില ഇപ്പോഴും നഷ്ടത്തില്‍

സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നുമായ സൗദി അറാംകോ വീണ്ടും വമ്പന്‍ ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു. ഓഹരി വില്‍പന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണെന്നും പ്രാഥമിക വിവരങ്ങള്‍ പ്രകാരം 10,000 കോടി ഡോളറിന്റെ (ഏകദേശം 83,400 കോടി രൂപ) സമാഹരിക്കാനാകും ശ്രമമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജൂണിലായിരിക്കും ഓഹരി വില്‍പന. ഇത് യഥാര്‍ത്ഥ്യമായാല്‍ ഗള്‍ഫ് മേഖലയില്‍ ഏറെ വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന ഏറ്റവും വലിയ ഓഹരി വില്‍പനയുമാകും അത്. അതേസമയം, ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഉന്നമിടുന്ന തുകയിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. വിറ്റഴിക്കുന്ന ഓഹരികള്‍ റിയാദ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും.
സൗദിയുടെ വിഷന്‍ 2030ന്റെ ഭാഗം
ലോകത്ത് ക്രൂഡോയില്‍ കയറ്റുമതിയില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തിന്റെ വരുമാനത്തിന്റെ മുഖ്യപങ്കും എത്തുന്നതും എണ്ണവില്‍പനയിലൂടെയാണ്.
അതേസമയം, 2030ഓടെ എണ്ണയിതര വരുമാന സ്രോതസ്സുകളും ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വിഷന്‍-2030യുടെ ഭാഗമായാണ് സൗദി അറാംകോയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്.
നേരത്തേ 2019ല്‍ പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തി സൗദി അറാംകോ 2,560 കോടി ഡോളര്‍ (അന്നത്തെ 1.83 ലക്ഷം കോടി രൂപ) സമാഹരിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഐ.പി.ഒ എന്ന റെക്കോഡും അതിന് ലഭിച്ചു.
എണ്ണയിതര വരുമാന സ്രോതസ്സുകള്‍ സജീവമാക്കാന്‍ ശ്രമിക്കുന്ന സൗദി അറേബ്യ ടൂറിസം, വിനോദം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലും ഇപ്പോള്‍ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്.
ഓഹരിവില നഷ്ടത്തില്‍
കഴിഞ്ഞവാരം സൗദി അറാംകോയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത് 29.95 സൗദി റിയാലിലാണ്. കമ്പനിയുടെ ഐ.പി.ഒ വില 32 റിയാലായിരുന്നു. മാത്രമല്ല, കഴിഞ്ഞവര്‍ഷം ഓഹരി 38.64 റിയാല്‍ എന്ന സര്‍വകാല ഉയരവും കുറിച്ചിരുന്നു.
കമ്പനിയുടെ 90 ശതമാനം ഓഹരികളും സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ കൈവശമാണ്. അറാംകോ 2024ന്റെ ആദ്യപാദത്തില്‍ (ജനുവരി-മാര്‍ച്ച്) വരുമാനത്തില്‍ 14.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാരിന് 3,100 കോടി ഡോളര്‍ (2.58 ലക്ഷം കോടി രൂപ) ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Related Articles
Next Story
Videos
Share it