
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കായ എസ്.ബി.ഐയുടെ രണ്ട് ഉപസ്ഥാപനങ്ങള്‍ കൂടി ഓഹരി വിപണിയിലേക്ക്. എസ്.ബി.ഐ പേയ്‌മെന്റ്‌സ് ലിമിറ്റഡ്, എസ്.ബി.ഐ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവയുടെ പ്രാരംഭ ഓഹരി വില്‍പന (IPO) അടുത്ത 12-18 മാസത്തിനകം നടത്താനാണ് എസ്.ബി.ഐ തയ്യാറെടുക്കുന്നത്.
എസ്.ബി.ഐ പേയ്‌മെന്റ്‌സിന് നിലവില്‍ 45,000 കോടി രൂപയും എസ്.ബി.ഐ ജനറല്‍ ഇന്‍ഷ്വറന്‍സിന് 30,000 കോടി രൂപയും മൂല്യം (Valuation) കല്‍പ്പിക്കുന്നുണ്ട്. പേയ്‌മെന്റ്‌സ് രംഗത്തെ വലിയ കമ്പനികളിലൊന്നാണ് എസ്.ബി.ഐ പേയ്‌മെന്റ്‌സ്. മികച്ച ലാഭം നേടുന്നുമുണ്ട്. ഇതേ മികവുകള്‍ ജനറല്‍ ഇന്‍ഷ്വറന്‍സ് രംഗത്ത് എസ്.ബി.ഐ ജനറല്‍ ഇന്‍ഷ്വറന്‍സിനുമുണ്ട്. അതുകൊണ്ട്, ഇവയുടെ ലിസ്റ്റിംഗ് എസ്.ബി.ഐയുടെ മൂല്യത്തിലും വലിയ കുതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍.
കമ്പനികളെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത് മൂലധന ഘടനയുടെ (Capital Structure) ഭാഗമാണെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ വ്യക്തമാക്കിയതായി ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ലാഭപാതയിലെ കമ്പനികള്‍
ജാപ്പനീസ് കമ്പനിയായ ഹിറ്റാചി പേയ്‌മെന്റ്‌സ് സര്‍വീസസുമായി കൈകോര്‍ത്ത് എസ്.ബി.ഐ 2019ല്‍ സ്ഥാപിച്ചതാണ് എസ്.ബി.ഐ പേയ്‌മെന്റ്‌സ്. 74 ശതമാനമാണ് എസ്.ബി.ഐയുടെ ഓഹരി പങ്കാളിത്തം. ബാക്കി ഹിറ്റാചിക്കും.
വ്യാപാരികള്‍ക്ക് പേയ്‌മെന്റ്‌സ് ടച്ച്‌പോയിന്റ് സൗകര്യം ലഭ്യമാക്കുന്ന എസ്.ബി.ഐ പേയ്‌മെന്റ്‌സിന് 2023 മാര്‍ച്ചിലെ കണക്കുപ്രകാരം മാത്രം 29.3 ലക്ഷം ടച്ച്‌പോയിന്റുകളുണ്ട്. 11.4 ലക്ഷം പി.ഒ.എസ് മെഷീനുകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്. 159 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കമ്പനിയുടെ ലാഭം.
എസ്.ബി.ഐ ജനറല്‍ ഇന്‍ഷ്വറന്‍സിനെ 2019ല്‍ ഐ.പി.ഒ വഴി ലിസ്റ്റ് ചെയ്യാന്‍ എസ്.ബി.ഐ ആലോചിച്ചിരുന്നെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ മൂലം തുടര്‍നടപടി എടുത്തിരുന്നില്ല. കമ്പനിയില്‍ 69.95 ശതമാനമാണ് എസ്.ബി.ഐയുടെ ഓഹരി പങ്കാളിത്തം. 2022-23ല്‍ 184 കോടി രൂപ ലാഭം കമ്പനി നേടിയിരുന്നു. ഏകദേശം 11,000 കോടി രൂപയുടെ പ്രീമിയം കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.
എസ്.ബി.ഐക്ക് പുറമേ മറ്റ് ഉപകമ്പനികളായ എസ്.ബി.ഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ്, എസ്.ബി.ഐ ലൈഫ് എന്നിവ നിലവില്‍ തന്നെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടവയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine