

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) 2026 ജനുവരി - മാർച്ച് ത്രൈമാസ കാലയളവിലെ (Q4 Result) പ്രഖ്യാപിച്ചു. മാർച്ച് പാദത്തിൽ എസ്.ബി.ഐയുടെ ലാഭം 19,684 കോടി രൂപയും വരുമാനം 44,380 കോടി രൂപയും വീതമാണ്. ബാങ്കിന്റെ ലാഭത്തിലും പലിശ വരുമാനത്തിലും വാർഷികമായി വർധന കാണിക്കുന്നുണ്ടെങ്കിലും പാദാനുപാദത്തിൽ ഇടിവ് രേഖപ്പെടുത്തി എന്നതും ശ്രദ്ധേയം.
എസ്.ബി.ഐയുടെ നിക്ഷേപകർക്ക് പ്രതിയോഹരി 17.35 രൂപ വീതം ലാഭവിഹിതം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവന്നതോടെ 2025-26 സാമ്പത്തിക വർഷത്തിലെ കണക്കുകളും ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം 2025-26ൽ എസ്.ബി.ഐ നേടിയ മൊത്തം ലാഭം 80,032 കോടി രൂപയാണ്.
വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ എസ്.ബി.ഐ ഓഹരിയിൽ വൻ ഇടിവ് നേരിട്ടു. ഏഴ് ശതമാനം താഴ്ന്ന് 1,018 രൂപയിലാണ് ഈ ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്. മാർച്ച് പാദത്തിൽ എസ്.ബി.ഐയുടെ പാദഫലം വിപണിയുടെ പ്രതീക്ഷകളെ പൂർണമായും തൃപ്തിപ്പെടുത്തിയില്ല. അനലിസ്റ്റുകളെ പ്രവചനവുമായി ഒത്തുനോക്കുമ്പോഴും ബാങ്ക് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. പ്രധാനമായും ലാഭ മാർജിനിലും പ്രവർത്തന ലാഭത്തിലും നേരിടുന്ന സമ്മർദമാണ് വിപണി കണക്കിലെടുത്തത്. നിലവിൽ എസ്.ബി.ഐ ഓഹരിയുടെ ഒരു വർഷ കാലയളവിലെ ഉയർന്ന വിലനിലവാരം 1,235 രൂപയും താഴ്ന്ന വില 756 രൂപയുമാണ്.
ലാഭം: ബാങ്കിന്റെ മുഖ്യ പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭം മാർച്ച് പാദത്തിൽ 19,684 കോടി രൂപയായി രേഖപ്പെടുത്തി. ഇതിൽ വാർഷികമായി 5.6% വർധനയുണ്ടെങ്കിലും പാദാനുപാദത്തിൽ 6.4% ഇടിവ് നേരിട്ടു. 2025 മാർച്ച് പാദത്തിലെ എസ്.ബി.ഐയുടെ ലാഭം 18,642 കോടി രൂപയും 2025 ഡിസംബർ പാദത്തിലെ ലാഭം 21,028 കോടി രൂപയുമായിരുന്നു.
അറ്റ പലിശ വരുമാനം: മാർച്ച് സാമ്പത്തിക പാദത്തിൽ എസ്.ബി.ഐ കരസ്ഥമാക്കിയ അറ്റ പലിശ വരുമാനം (NII) 44,380 കോടിയാണ്. ഇത് വാർഷികമായി 4.13% വർധനവാണെങ്കിലും പാദാനുപാദത്തിൽ നോക്കിയാൽ 1.35% ഇടിവ് രേഖപ്പെടുത്തുന്നു. അതുപോലെ അറ്റ പലിശ മാർജിൻ (NIM) 2.93 ശതമാനത്തിലേക്ക് താഴ്ന്നു. ഇത് വാർഷികമായി 0.21 ശതമാനം ഇടിവ് കുറിച്ചു.
മൊത്തം വായ്പ: എസ്.ബി.ഐ വിതരണം ചെയ്ത മൊത്തം വായ്പ 16.87 ശതമാനം വാർഷിക വർധനയോടെ 49,32,627 കോടി രൂപയായി. ഇതിൽ കോർപറേറ്റ് ലോണുകൾ 14,24,589 കോടിയും (വാർഷിക വർധന 14.83%) ഭവന വായ്പ 9,44,210 കോടിയും (വാർഷിക വർധന 13.66%) വീതമാണ്.
മൊത്തം നിക്ഷേപം: മാർച്ച് പാദത്തിനൊടുവിൽ എസ്.ബി.ഐയിലുള്ള മൊത്തം നിക്ഷേപം 59,75,642 കോടി രൂപയാണ്. വാർഷികമായി 11.03 ശതമാനവും പാദാനുപാദത്തിൽ 4.81 ശതമാനം വീതവും വളർച്ച കൈവരിക്കാൻ സാധിച്ചു. ബാങ്കിന്റെ കറന്റ് അക്കൗണ്ട് - സേവിങ്സ് അക്കൗണ്ട് (CASA) അനുപാതം 39.46 ശതമാനമാണ്.
അസറ്റ് ക്വാളിറ്റി: മാർച്ച് പാദത്തിനുശേഷം എസ്.ബി.ഐയുടെ മൊത്തം നിഷ്ക്രിയ ആസ്തി (Gross NPA) 73,452 കോടി രൂപയിലേക്ക് താഴ്ന്നു. വാർഷികമായി 4.46% ഇടിവാണ് നിഷ്ക്രിയ ആസ്തിയിൽ രേഖപ്പെടുത്താൻ കഴിഞ്ഞത്. ഇതോടെ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി അനുപാതം 1.49 ശതമാനത്തിലേക്ക് താഴ്ന്നു നില മെച്ചപ്പെടുത്താൻ സാധിച്ചു. അതേസമയം അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 18,830 കോടി രൂപയിലേക്ക് കുറഞ്ഞു. ഇത് വാർഷികമായി 4.25% ഇടിവ് കാണിക്കുന്നുവെങ്കിലും ഡിസംബർ പാദവുമായി തട്ടിച്ചുനോക്കുമ്പോൾ 4.54% വർധന കാണിക്കുന്നു എന്നതും ശ്രദ്ധേയം.
എസ്.ബി.ഐ ഓഹരി ഉടമകൾക്ക് പ്രതിയോഹരി 17.35 രൂപ വീതം ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിഡന്റ് ലഭിക്കാനുള്ള അർഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതിയായി 2026 മേയ് 16 നിശ്ചയിച്ചു. അർഹതയുള്ള എസ്.ബി.ഐ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് ജൂൺ 4-ന് ഡിവിഡന്റ് പണം വിതരണം ചെയ്യുന്നതായിരിക്കും.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine