എസ്.ബി.ഐ ഓഹരികൾ റെക്കോർഡ് ഉയരത്തിൽ: വാങ്ങൽ പരിധി കടക്കുന്നു, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എസ്.ബി.ഐ ഓഹരികൾ നിക്ഷേപകർക്ക് നല്‍കിയത് 286 ശതമാനം നേട്ടം
sbi aarogyam healthcare business loan
Published on

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഓഹരി വില പുതിയ റെക്കോർഡ് നിലവാരത്തില്‍. കഴിഞ്ഞ ദിവസം ഓഹരി വില 976.80 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തുകയും 9 ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള ആദ്യ പൊതുമേഖലാ ബാങ്കായി എസ്.ബി.ഐ മാറുകയും ചെയ്തു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എസ്.ബി.ഐ ഓഹരികൾ നിക്ഷേപകർക്ക് 286 ശതമാനം മൾട്ടിബാഗർ നേട്ടമാണ് നൽകിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 21 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 17.5 ശതമാനം നേട്ടമാണ് ഓഹരി നല്‍കിയത്.

വളർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ

മികച്ച പാദവാർഷിക ഫലങ്ങളാണ് ഓഹരി വിലയിലെ കുതിപ്പിന് പ്രധാന കാരണം. 2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (Q2FY26) എസ്.ബി.ഐ ഏകീകൃത അറ്റാദായത്തിൽ 6.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അറ്റാദായം 21,504.49 കോടി രൂപയായാണ് ഉയര്‍ന്നത്. ഇതിലും പ്രധാനമായി, ബാങ്കിൻ്റെ ആസ്തി ഗുണനിലവാരം (Asset Quality) വലിയ തോതിൽ മെച്ചപ്പെട്ടു. മൊത്തം നിഷ്ക്രിയ ആസ്തി 1.73 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.42 ശതമാനമായും കുറഞ്ഞത് ബാങ്കിൻ്റെ സാമ്പത്തിക സ്ഥിതിയുടെ ഭദ്രത ഉറപ്പിക്കുന്നു.

ബാങ്കിൻ്റെ മികച്ച വായ്പാ വളർച്ചാ സാധ്യതയും സ്ഥിരതയുള്ള ആസ്തി ഗുണനിലവാരവും കാരണം ബ്രോക്കറേജുകള്‍ പോസിറ്റീവ് റേറ്റിംഗാണ് ഓഹരിക്ക് നല്‍കുന്നത്.

ജാഗ്രത

അതേസമയം, അമിതമായി വാങ്ങിയ നിലയിലേക്ക് (Overbought Territory) ഓഹരി എത്തുകയാണെന്നും സാങ്കേതിക വിശകലന വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 1,000 രൂപക്ക് അടുത്ത് ഓഹരിക്ക് കടുത്ത പ്രതിരോധം നേരിടേണ്ടി വരുമെന്നും അതിനാൽ പുതിയ നിക്ഷേപകർ ഹ്രസ്വകാലത്തേക്ക് ജാഗ്രത പാലിക്കണമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഓഹരി ഇന്ന് ഉച്ചകഴിഞ്ഞുളള സെഷനില്‍ 0.11 ശതമാനം ഇടിഞ്ഞ് 972 രൂപയിലാണ് വ്യാപാരം.

SBI shares hit record highs driven by strong financials, but analysts warn of overbought levels.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com