

മരണപ്പെട്ട വ്യക്തിയുടെ കൈവശമുള്ള ഓഹരി, മ്യൂച്വൽ ഫണ്ട്, സെക്യൂരിറ്റികൾ എന്നിവയൊക്കെ ഉൾപ്പെടുന്ന സാമ്പത്തിക ആസ്തികളിലെ നിക്ഷേപം, നിയമപരമായ അവകാശികൾക്കും നോമിനികൾക്കും കൈമാറുന്നതിനുള്ള രേഖാപരമായ നടപടിക്രമങ്ങൾ ലളിതമാക്കാൻ രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി (SEBI) പുതിയ നിർദേശങ്ങൾ അവതരിപ്പിച്ചു.
മരണപ്പെട്ട നിക്ഷേപകന്റെ പക്കലുള്ള ആസ്തി മൂല്യം അടിസ്ഥാനമാക്കിയാണ് അനന്താരവകാശികൾക്ക് കൈമാറുന്ന നടപടി ക്രമങ്ങൾ ലളിതമാക്കാനുള്ള വിവിധ നിർദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. അതുപോലെ അവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ചാൽ 21 ദിവസത്തിനുള്ളിൽ ക്ലെയിം ഒത്തുതീർപ്പാക്കണം (സെറ്റിൽമെന്റ്) എന്നും കഴിഞ്ഞ ദിവസം സെബി അവതരിപ്പിച്ച പ്രധാനപ്പെട്ട നിർദേശങ്ങളിൽ ഉൾപ്പെടുന്നു.
10,000 രൂപ വരെയുള്ള ഫിസിക്കൽ ഷെയറുകൾക്കും (കടലാസ് രൂപത്തിലുള്ള ഓഹരികൾ) 30,000 രൂപ മൂല്യം വരെയുള്ള ഡിമാറ്റ് ഹോൾഡിംഗ്സുകൾക്കും (ഡിജിറ്റൽ രൂപത്തിലുള്ള സെക്യൂരിറ്റികൾ) മേൽ അനന്താരവകാശികളോ നോമിനികളോ ഉന്നയിക്കുന്ന ക്ലെയിം വളരെ ചുരുങ്ങിയ രേഖകൾ സമർപ്പിച്ചുകൊണ്ട് ഓട്ടോമാറ്റിക്കായി ഒത്തുതീർപ്പാക്കുന്ന എസ്.ടി.പി സംവിധാനം (Straight-through Processing - STP) അവതരിപ്പിക്കുമെന്നാണ് സെബി നിർദേശം. ഇതിലൂടെ വളരെ വേഗത്തിൽ ക്ലെയിം ഒത്തുതീർപ്പാക്കാനും കടലാസ് ജോലികൾ കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
സമീപ വർഷങ്ങളിൽ ഇന്ത്യൻ ഓഹരി വിപണി കാഴ്ചവെച്ച അഭൂതപൂർവമായ വളർച്ചയുടെ പശ്ചാത്തലത്തിൽ, ലളിതമായ നടപടിക്രമങ്ങളിലൂടെ മരണപ്പെട്ട നിക്ഷേപകനിൽ നിന്നും നോമിനികൾക്കും അവകാശികൾക്കും കൈമാറിക്കിട്ടേണ്ട സാമ്പത്തിക ആസ്തികളുടെ മൂല്യ പരിധി ഉയർത്തി നിശ്ചയിക്കാനും സെബിയുടെ കരട് നിർദേശങ്ങളിലുണ്ട്. ഇതുപ്രകാരം, നിലവിൽ ലളിതമായ രേഖാപരമായ നടപടികൾ പൂർത്തിയാക്കി കൈമാറ്റം ചെയ്യാൻ അനുവദിച്ചിരുന്ന ഫിസിക്കൽ ഷെയറുകളുടെ മൂല്യം 5 ലക്ഷത്തിൽ നിന്നും 10 ലക്ഷമായി വർധിപ്പിക്കാനും അതുപോലെ ഡീമാറ്റ് ചെയ്യപ്പെട്ട ആസ്തികളുടെ മൂല്യം 15 ലക്ഷത്തിൽ നിന്നും 30 ലക്ഷമായി ഉയർത്താനും സെബി ആലോചിക്കുന്നു. അതായത് കൂടുതൽ കേസുകൾ (ക്ലെയിം) ലളിതമായ ഡോക്യുമെന്റേഷൻ നടപടികളിലൂടെ ഇനി ഒത്തുതീർപ്പാക്കാൻ കഴിയുമെന്ന് സാരം.
മരണപ്പെട്ട നിക്ഷേപകൻ മുൻകൂട്ടി ഒരു നോമിനിയെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആസ്തികളുടെ കൈമാറ്റ നടപടികൾ ഏറെ ലളിതവും വേഗത്തിലും പൂർത്തിയാക്കാൻ അനുവദിക്കും. അംഗീകൃത നോമിനിയുടെ ഭാഗത്തുനിന്നും ആസ്തികൾ കൈമാറ്റം ചെയ്യുന്നതിനായി അപേക്ഷിക്കുന്ന ട്രാൻസ്മിഷൻ റിക്വസ്റ്റ് ഫോം, നോമിനിയുടെ ഡിമാറ്റ് അക്കൗണ്ടിന്റെ ക്ലയന്റ് മാസ്റ്റർ ലിസ്റ്റ് (CML), മരണ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സമർപ്പിച്ചാൽ മരണപ്പെട്ട നിക്ഷേപകന്റെ സാമ്പത്തിക ആസ്തികൾ അംഗീകൃത നോമിനിക്ക് വേഗത്തിൽ തന്നെ കൈമാറിക്കിട്ടും.
മരണപ്പെട്ട നിക്ഷേപകൻ, തന്റെ നോമിനിയായി ആരേയും നിർദേശിച്ചിട്ടില്ലെങ്കിൽ നിയമപരമായ അനന്തരാവകശികൾക്ക് അർഹമായ സാമ്പത്തിക ആസ്തികൾ കൈമാറി കിട്ടുന്നതിനായി കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടിവരും. മേൽസൂചിപ്പിച്ചിട്ടുള്ള പൊതുവായ രേഖകൾ കൂടാതെ നിയമപരമായ അനന്താരവാകശി ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നിശ്ചയപത്രം സ്ഥാപിക്കാനുള്ള പ്രമാണം (Probate), നഷ്ടപരിഹാര ഉടമ്പടി (Indemnity bond), മറ്റ് അനന്തരാവകാശികളിൽ നിന്നുള്ള എതിർപ്പില്ലാ രേഖ (NOC) തുടങ്ങിയവയും കൂടി സമർപ്പിക്കേണ്ടിവരും.
Read DhanamOnline in English
Subscribe to Dhanam Magazine