7 ദിവസത്തിൽ 53% കുതിപ്പ്; കല്യാൺ ജൂവലേഴ്സ് ഓഹരിയിൽ ഇനിയെന്ത്? 3 വർഷം കഴിയുമ്പോൾ വില എവിടെയാകും?

കല്യാൺ ജൂവലേഴ്സ് ഓഹരിയിലെ ശക്തമായ റാലിക്ക് പിന്നാലെ അടുത്ത 3 വർഷത്തെ പ്രധാന സാധ്യതകൾ, ലക്ഷ്യവില, വാങ്ങാൻ അനുയോജ്യമായ വിലനിലവാരങ്ങൾ, വിവിധ റിസ്ക് ഘടകങ്ങൾ എന്നിവ സെബി രജിസ്റ്റേഡ് റിസർച്ച് അനലിസ്റ്റ് ശ്രീകുമാരൻ എം വിലയിരുത്തുന്നു.
Kalyan Jewellers Share Future Outlook Expert Analysis
പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ റിസർച്ച് അനലി​സ്റ്റ് ശ്രീകുമാരൻ എംImage Sorce: Canva
Published on

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ വിപണിയിൽ ശക്തമായ മുന്നേറ്റം പ്രകടമാക്കുന്ന ഓഹരിയാണ് കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡ് (BSE: 543278, NSE: KALYANKJIL). വെറും 6-7 ട്രേഡിംഗ് സെഷനുകൾ കൊണ്ട് 53 ശതമാനം കുതിച്ചുയർന്ന ഈ കേരള കമ്പനിയുടെ ഓഹരി വില 546 രൂപയിലാണ് വ്യാഴാഴ്ചത്തെ (ജൂലൈ 16) വ്യാപാരത്തിനൊടുവിൽ ക്ലോസിം​ഗ് കുറിച്ചിരിക്കുന്നത്.

കല്യാൺ ജൂവലേഴ്സ് ഓഹരിയിൽ പ്രകടമാകുന്ന ശക്തമായ കുതിപ്പിന്റെ പശ്ചാത്തലത്തിൽ, സെബി അം​ഗീകൃത സ്വതന്ത്ര റിസർച്ച് അനലിസ്റ്റ് ശ്രീകുമാരൻ എം. (SEBI Reg. No: INH000023959) അടുത്ത മൂന്ന് വർഷത്തേക്കുള്ള (FY29) ഓഹരിയുടെ ലക്ഷ്യവിലയും ഓഹരിയിൽ ഇനി സ്വീകരിക്കേണ്ട നിക്ഷേപ തന്ത്രങ്ങളും വിശദീകരിക്കുന്നു.

കുതിപ്പിന് പിന്നിലെ പ്രധാന ബിസിനസ് ഘടകങ്ങൾ

കല്യാൺ ജൂവലേഴ്സിന്റെ നടപ്പ് സാമ്പത്തിക വർഷത്തിലെ മികച്ച ഒന്നാം പാദത്തിലെ (Q1-FY27) ബിസിനസ് അപ്‌ഡേറ്റാണ് ഓഹരിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തിനുള്ള പ്രധാന കാരണം.

  • വരുമാന വളർച്ച: മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ മൊത്തം വരുമാനത്തിൽ 38% വളർച്ച കൈവരിച്ചു.

  • ഫ്രാഞ്ചൈസി മാതൃക: കുറഞ്ഞ മൂലധനത്തിലൂടെ വേഗത്തിലുള്ള ബിസിനസ്സ് വളർച്ചയും (Improving capital efficiency) ഉയർന്ന ലാഭക്ഷമതയും (ROCE) കൈവരിക്കാൻ സഹായിക്കുന്ന ഫ്രാഞ്ചൈസി അധിഷ്ഠിത സ്റ്റോർ വിപുലീകരണം.

  • ക്യാൻഡിയർ (Candere) വളർച്ച: കല്യാണിന്റെ ഡിജിറ്റൽ ബ്രാൻഡ് ആയ ക്യാൻഡിയർ 112 ശതമാനം വരുമാന വളർച്ചയാണ് രേഖപ്പെടുത്തിയത്.

  • സ്വർണം റീസൈക്ലിംഗ്: 'ഷൈൻ വിത്ത് ഇന്ത്യ' ക്യാമ്പെയ്‌നിലൂടെ പഴയ സ്വർണം മാറ്റിയെടുക്കുന്ന പ്രവണത വർധിച്ചു. മൊത്തം വരുമാനത്തിന്റെ 46 ശതമാനവും ഇതിലൂടെയാണ്.

അടുത്ത 3 വർഷം: ഓഹരിയിലുള്ള 4 പ്രധാന സാധ്യതകൾ

റിസർച്ച് അനലി​സ്റ്റ് ആയ ശ്രീകുമാരൻ എം, കല്യാൺ ജൂവലേഴ്സിന്റെ ഭാവി വളർച്ചയുടെ അനുമാനത്തിന്റെ അടിസ്ഥാനത്തിൽ വരുന്ന 3 വർഷ കാലയളവിൽ ഉയർന്നുവരാവുന്ന 4 പ്രധാന സാധ്യതകളും അത് മുൻനിർത്തി ഓഹരിക്കുള്ള നിർദേശിക്കുന്ന ലക്ഷ്യവിലയും താഴെ ചേർക്കുന്നു.

  1. സ്ഥിരതയാർന്ന വളർച്ചയും മികച്ച ഡിമാൻഡും നിലനിൽക്കുന്ന സാധാരണ വിപണി സാഹചര്യത്തിൽ (Base Case), ഓഹരി വില 700 രൂപ മുതൽ 750 രൂപ വരെ ഉയരാം.

  2. അതിവേഗത്തിലുള്ള സ്റ്റോർ വിപുലീകരണവും ഉയർന്ന ലാഭക്ഷമതയും കൈവരിക്കാനായാൽ (Bull Case) ഓഹരിയുടെ വില 800 രൂപ മുതൽ 900 രൂപ വരെ എത്തിച്ചേരാനുള്ള സാധ്യതയുണ്ട്.

  3. വിപണിയിൽ സമ്മർദ്ദവും കുറഞ്ഞ വരുമാന വളർച്ചയും ഉണ്ടാകുന്ന ഒരു മോശം സാഹചര്യത്തിൽ പോലും (Bear Case), ഓഹരിയുടെ വില നിലവിലെ നിരക്കിനേക്കാൾ മുകളിലായി 600 രൂപ മുതൽ 650 രൂപ വരെ നിലനിർത്താൻ കഴിഞ്ഞേക്കും.

  4. അതേസമയം, വിപണിയിൽ കനത്ത തിരിച്ചടിയേൽക്കുന്ന അപ്രതീക്ഷിത സ്വർണവില വർധനവോ ആഭരണ വിപണിയിലെ ഡിമാൻഡിൽ കനത്ത ഇടിവോ സംഭവിച്ചാൽ (Thesis Break) ഓഹരിയുടെ വില 400 രൂപയുടെ താഴേക്ക് പതിക്കാനുള്ള സാധ്യതയുമുണ്ട്.

നിക്ഷേപകർക്കുള്ള നിർദ്ദേശങ്ങൾ (Buy Zones & Stop-Loss)

അനലി​സ്റ്റ് ശ്രീകുമാരന്റെ അഭിപ്രായത്തിൽ, ഓഹരി വില റെക്കോഡ് വേഗത്തിൽ കുതിച്ചുയർന്ന സാഹചര്യത്തിൽ ഇനിയും അവസരം നഷ്ടപ്പെടുമോ എന്ന ഭയം (FOMO) കാരണം ഇപ്പോഴത്തെ വിലനിലവാരത്തിൽ കല്യാൺ ജൂവലേഴ്സ് ഓഹരിയിൽ കൈവശമുള്ള മുഴുവൻ പണവും ഒറ്റയടിക്ക് നിക്ഷേപിക്കരുത്.

പകരം, ഓഹരിയിൽ താത്കാലിക തിരുത്തലുകൾ നേരിടുമ്പോൾ ഓഹരി വില 490–510 രൂപ പരിധിയിലുള്ള ഒന്നാമത്തെ ബൈ സോണിലേക്ക് (Buy Zone 1) എത്തുന്ന വേളയിൽ മാറ്റിവെച്ചിരിക്കുന്ന മൂലധനത്തിന്റെ 20-25 ശതമാനം നിക്ഷേപിക്കുക. തുടർന്നും തിരുത്തൽ നേരിട്ട്, ഓഹരി അതിന്റെ പ്രധാന ബ്രേക്ക്ഔട്ട് സോണിന്റെ പിന്തുണ വീണ്ടും പരീക്ഷിക്കുകയാണെങ്കിൽ, 440–460 രൂപ പരിധിയിലുള്ള രണ്ടാം ബൈ സോണിൽ (Buy Zone 2) നിന്നും വലിയ തോതിൽ കല്യാൺ ഓഹരി വാങ്ങുന്നതിനായി മിച്ചമുള്ള മൂലധനം വിനിയോ​ഗിക്കാമെന്നും ശ്രീകുമാരൻ എം പറഞ്ഞു.

ഈ രണ്ട് സാഹചര്യങ്ങളിലുമായി കല്യാൺ ജൂവലേഴ്സ് ഓഹരിയിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് 375 രൂപ എന്ന നിലവാരത്തിൽ ക്ലോസിംഗ് വില അടിസ്ഥാനപ്പെടുത്തി സ്റ്റോപ്പ് ലോസ് (Stop-Loss) നിശ്ചയിക്കാവുന്നതാണ്. എന്നിരുന്നാലും, ഒരു നിക്ഷേപകൻ തന്റെ മൊത്തം നിക്ഷേപത്തിന്റെ (മൂലധനം) 2 ശതമാനത്തിൽ കൂടുതൽ നഷ്ടം ഒരൊറ്റ ഓഹരിയിൽ നിന്നും വരുന്ന രീതിയിൽ റിസ്ക് എടുക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ട മറ്റ് ഘടകങ്ങൾ

സ്വർണ വിലയിലെ അസ്ഥിരത, ഉപഭോക്താക്കളുടെ ചിലവിടലിലുണ്ടാകുന്ന കുറവ്, പുതിയ സ്റ്റോറുകൾ തുറക്കുന്നതിലെ കാലതാമസം, നിയന്ത്രണങ്ങളിലെ മാറ്റങ്ങൾ, ആ​ഗോള സംഘർഷങ്ങൾ (Geopolitical issues) എന്നിവ നിക്ഷേപകർ തുടർച്ചയായി നിരീക്ഷിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കല്യാൺ ജൂവലേഴ്സിന്റെ ഓരോ സാമ്പത്തിക പാദത്തിലേയും വരുമാനം, ലാഭം, കടബാധ്യതകൾ, മാനേജ്‌മെന്റ് കമന്ററി എന്നിവയും നിരീക്ഷിക്കുക.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. കല്യാൺ ജൂവലേഴ്സ് ഓഹരിയെ കുറിച്ചുള്ള അഭിപ്രായം ധനം ഓൺലൈനിന്റേതല്ല, അനലി​സ്റ്റിന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com