സെബിയുടെ അനുമതിയായി, പോപ്പുലര്‍ വെഹിക്ക്ള്‍സ് ഐപിഒ ഉടന്‍

പ്രമുഖ ഓട്ടോമൊബീല്‍ ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്ക്ള്‍സിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഉടനുണ്ടായേക്കും. ഇതിന്റെ മുന്നോടിയായി, ഐപിഒയ്ക്കുള്ള അനുമതി സെബി നല്‍കി. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 7,00 കോടി രൂപ സമാഹരിക്കാനാണ് പോപ്പുലര്‍ വെഹിക്ക്ള്‍സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജുലൈയിലാണ് ഇത് സംബന്ധിച്ച രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചത്. ഡിആര്‍എച്ച്പി അനുസരിച്ച് 150 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും ബന്യന്‍ട്രീ ഗ്രോത്ത് ക്യാപിറ്റല്‍ II ഉടമസ്ഥതയിലുള്ള 4,266,666 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമായിരിക്കും ഐപിഒ.

ഐപിഒയില്‍ നിന്നുള്ള വരുമാനം കമ്പനിയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും പൊതുകോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പകള്‍ ഉള്‍പ്പെടെയുള്ള ചില വായ്പകള്‍ അടയ്ക്കുന്നതിനും ഉപയോഗിക്കുമെന്നാണ് സൂചന.
കെപി പോള്‍ എന്ന ദീര്‍ഘ ദര്‍ശിയായ സംരംഭകന്‍ സ്ഥാപിച്ച പോപ്പുലര്‍ മോട്ടോഴ്സ് പിന്നീട് പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് എന്ന ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പാകുകയായിരുന്നു. കെ പി പോളിന്റെ മകന്‍ ജോണ്‍ കെ പോള്‍ ആണ് ഇപ്പോള്‍ മാനേജിംഗ് ഡയറക്റ്റര്‍. സഹോദരന്‍ ഫ്രാന്‍സിസ് കെ പോള്‍ കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്റ്ററും. ജേക്കബ് കുര്യനാണ് ചെയര്‍മാന്‍.
നിലവില്‍ പുതിയ പാസഞ്ചര്‍- വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന, സേവനങ്ങള്‍, അറ്റകുറ്റപ്പണികള്‍, സ്പെയര്‍ പാര്‍ട്സ് വിതരണം, പ്രീ-ഓണ്‍ഡ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന എന്നിവയുള്‍പ്പെടെയുള്ള ഓട്ടോമോട്ടീവ് റീറ്റെയ്ല്‍ ശൃംഖലയിലുടനീളമുള്ള രാജ്യത്തെ മുന്‍നിര ഓട്ടോമോട്ടീവ് ഡീലര്‍ഷിപ്പാണ് പോപ്പുലര്‍. ഈ മേഖലയില്‍ നിന്നും ഐപിഓയ്ക്ക് ഒരുങ്ങുന്ന ആദ്യ കമ്പനിയും പോപ്പുലര്‍ ആയിരിക്കും.




Related Articles
Next Story
Videos
Share it