
തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളിലൂടെ സാദ്‌ന ബ്രോഡ്കാസ്റ്റ് എന്ന കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ പ്രേരിപ്പിച്ച സിനിമതാരത്തിനും ഭാര്യയ്ക്കും ഉള്‍പ്പെടെ 57 പേര്‍ക്ക് സെബിയുടെ (Securities and Exchange Board of India) വിലക്ക്. ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
യുട്യൂബ് ചാനലിലൂടെ സാധന ബ്രോഡ്കാസ്റ്റിന്റെ ഓഹരികളുടെ വില കൃത്രിമമായി വര്‍ധിപ്പിക്കാനും ഇവ വാങ്ങാന്‍ ഫോളോവേഴ്‌സിനെ പേരിപ്പിച്ചതിനുമാണ് ബോളിവുഡ് താരം അര്‍ഷദ് വാര്‍സി, ഭാര്യ മരിയ ഗൊരെറ്റി എന്നിവര്‍ക്കെതിരായ കുറ്റം. ഇരുവര്‍ക്കും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
നടപടിയെടുത്ത മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെ പിഴ വിധിച്ചിട്ടുണ്ട്. ഇതില്‍ സാധന ബ്രോഡ്കാസ്റ്റും (ഇപ്പോള്‍ ക്രിസ്റ്റല്‍ ബിസിനസ് സിസ്റ്റം ലിമിറ്റഡ്) ഉള്‍പ്പെടും.
അര്‍ഷദ് വാര്‍സിക്ക് 41.70 ലക്ഷം രൂപയും മരിയയ്ക്ക് 50.35 ലക്ഷം രൂപയും തട്ടിപ്പിലൂടെ ലാഭമുണ്ടായതായി സെബി കണ്ടെത്തിയിട്ടുണ്ട്. ഈ തട്ടിപ്പില്‍ പങ്കെടുത്ത 59 പ്രതികളും ചേര്‍ന്ന് 58.01 കോടി രൂപ 12 ശതമാനം പലിശയോടെ തിരികെ നല്‍കാനും സെബി നിര്‍ദേശം നല്‍കി.
സെബിയുടെ 109 പേജുള്ള ഉത്തരവില്‍ മനീഷ് മിശ്ര, ഗൗരവ് ഗുപ്ത, രാകേഷ് കുമാര്‍ ഗുപ്ത എന്നിവരാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരെന്ന് കണ്ടെത്തിയിട്ടുണ്ട്. സാധന ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് ഡയറക്ടറായ സബ്ഹാഷ് അഗര്‍വാളിനും തട്ടിപ്പില്‍ വലിയ പങ്കുണ്ട്.
പ്രമോട്ടര്‍മാരുമായി ബന്ധമുള്ള അക്കൗണ്ടുകളില്‍ നിന്ന് സാധന ബ്രോഡ്കാസ്റ്റിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടി വില കൃത്രിമമായി ഉയര്‍ത്തി. പിന്നീട് ഇവരുടെ നിയന്ത്രണത്തിലുള്ള യുട്യൂബ് ചാനലുകള്‍ വഴി ഈ ഓഹരിയെപ്പറ്റി വലിയ പ്രചാരം നല്കി. ഇതുവഴി തങ്ങളുടെ കൈവശമിരുന്ന ഓഹരികള്‍ കൂടിയ വിലയ്ക്ക് വിറ്റൊഴിവാകാന്‍ പ്രമോട്ടര്‍മാരുമായി ബന്ധമുള്ളവര്‍ക്ക് സാധിച്ചു.
സാധന ബ്രോഡ്കാസ്റ്റിംഗ് എന്ന ക്രിസ്റ്റല്‍ ബിസിനസ് സിസ്റ്റംസ് ലിമിറ്റഡിന്റെ ഓഹരിവില നിലവില് 2.71 രൂപയാണ്. 52 ആഴ്ച്ചയിലെ ഉയര്‍ന്ന വില 4.08 രൂപയാണ്. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 6.46 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 1.27 കോടി രൂപ നഷ്ടവും ഈ പാദത്തില്‍ രേഖപ്പെടുത്തി. ഈ സാമ്പത്തികവര്‍ഷത്തെ ആകെ ലാഭം 91 ലക്ഷം രൂപ മാത്രമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine