കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗിനെ 7 വര്‍ഷത്തേക്ക് വിലക്കി സെബി; 21 കോടി രൂപ പിഴ

കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് ലിമിറ്റഡിനെയും (കെ.എസ്.ബി.എല്‍) പ്രൊമോട്ടര്‍ കമന്ദൂര്‍ പാര്‍ത്ഥസാരഥിയെയും ഓഹരി വിപണിയില്‍ നിന്ന് ഏഴ് വര്‍ഷത്തേക്ക് വിലക്കി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഇടപാടുകാരുടെ ഫണ്ട് ദുരുപയോഗം ചെയ്തതിന് കമ്പനിയും പാര്‍ത്ഥസാരഥിയും 21 കോടി രൂപ പിഴയടയ്ക്കണമെന്നും സെബി ഉത്തരവിട്ടു.

ഇടപാടുകാരുടെ സെക്യൂരിറ്റികള്‍ അനധികൃതമായി പണയം വെച്ച് 2,032 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതില്‍ 1,442.95 കോടി രൂപ സമാഹരിച്ച് കെ.എസ്.ബി.എല്‍ ഉപസ്ഥാപനങ്ങളായ കാര്‍വി റിയല്‍റ്റി (ഇന്ത്യ) ലിമിറ്റഡ്, കാര്‍വി ക്യാപിറ്റല്‍ ലിമിറ്റഡ് എന്നിവയിലേക്ക് വകമാറ്റിയിരുന്നതായി സെബി കണ്ടെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് പേരാണ് ഈ തട്ടിപ്പിന് ഇരയായത്. കേരളത്തില്‍ വിവിധ ജില്ലകളിലായി ഒട്ടേറെ ബ്രാഞ്ചുകള്‍ കെ.എസ്.ബി.എല്ലിനുണ്ട്.

പിടിവീണവര്‍ ഇവര്‍

വിപണി വിലക്കിന് പുറമെയാണ് സെബി കെ.എസ്.ബി.എല്ലിന് 13 കോടി രൂപയും പ്രൊമോട്ടറും മാനേജിംഗ് ഡയറക്ടറുമായ പാര്‍ത്ഥസാരഥിക്ക് 8 കോടി രൂപയും പിഴ ചുമത്തിയത്. പാര്‍ത്ഥസാരഥിക്ക് 10 വര്‍ഷത്തേക്ക് ലിസ്റ്റഡ് കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനമോ ഏതെങ്കിലും പ്രധാന മാനേജ്‌മെന്റ് പദവിയോ വഹിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കെ.എസ്.ബി.എല്ലിന്റെ അന്നത്തെ ഡയറക്ടര്‍മാരായ ഭഗവാന്‍ ദാസ് നാരംഗ്, ജ്യോതി പ്രസാദ് എന്നിവര്‍ക്കും രണ്ട് വര്‍ഷത്തേക്കും ഈ വിലക്കുണ്ട്. കൂടാതെ ഇവരില്‍ നിന്നും സെബി 5 ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. പിഴ 45 ദിവസത്തിനകം അടയ്ക്കണം.

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണം

കമ്പനി തിരിമറിയിലൂടെ തട്ടിയെടുത്ത 1,442.95 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ കാര്‍വി റിയല്‍റ്റിക്കും കാര്‍വി ക്യാപിറ്റലിനും സെബി നിര്‍ദ്ദേശം നല്‍കി. മൂന്ന് മാസത്തിനുള്ളില്‍ ഫണ്ട് തിരികെ നൽകണം. ഇത് പാലിച്ചില്ലെങ്കില്‍ പണം വീണ്ടെടുക്കുന്നതിന് രണ്ട് സ്ഥാപനങ്ങളുടെയും ആസ്തികളുടെ നിയന്ത്രണം എന്‍.എസ്.ഇ ഏറ്റെടുക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it