ട്വിറ്ററിലൂടെ കോടികളുടെ തട്ടിപ്പ്; 82 ഓഹരികള്‍ കൃത്രിമമായി ഉയര്‍ത്തി നിക്ഷേപകരുടെ പണം കൊള്ളയടിച്ച കുടുംബം സെബിയുടെ വലയില്‍

യഥാര്‍ത്ഥ തട്ടിപ്പ് തുക 55 കോടി രൂപയോളം വരുമെന്നാണ് പ്രാഥമിക നിഗമനം.
ട്വിറ്ററിലൂടെ കോടികളുടെ തട്ടിപ്പ്; 82 ഓഹരികള്‍ കൃത്രിമമായി ഉയര്‍ത്തി നിക്ഷേപകരുടെ പണം കൊള്ളയടിച്ച കുടുംബം സെബിയുടെ വലയില്‍
Published on

സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും ഉപയോഗിച്ച് റീറ്റെയ്ല്‍ നിക്ഷേപകരെ പറ്റിച്ച് കോടികള്‍ കൊള്ളയടിച്ച ഒരു കുടുംബത്തിനെതിരെ കര്‍ശന നടപടിയുമായി ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി (SEBI). പെട്ടെന്ന് ഓഹരി വില ഉയര്‍ത്തി (Pump) പിന്നീട് വിറ്റൊഴിവാക്കുന്ന (Dump) 'പമ്പ് ആന്‍ഡ് ഡംപ്' തട്ടിപ്പിലൂടെ 20,25,20,234 രൂപ (20.25 കോടി രൂപ) സമ്പാദിച്ച കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും സെബി കണ്ടുകെട്ടി.

യഥാര്‍ത്ഥ തട്ടിപ്പ് തുക 55 കോടി രൂപയോളം വരുമെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

Twitter handles used for scam
@adigitalblogger

കൂട്ടത്തോടെ തട്ടിപ്പ്

ഹേമന്ത് എന്നയാളും അദ്ദേഹത്തിന്റെ മക്കളായ രോഹന്‍, അനികേത്, നിലവിലെ ഭാര്യ, മുന്‍ഭാര്യ, രണ്ട് പെണ്‍മക്കള്‍ എന്നിവരടങ്ങുന്ന കുടുംബമാണ് ഈ ആസൂത്രിത കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കുടുംബത്തിലെ ഓരോ അംഗത്തിനും തട്ടിപ്പില്‍ കൃത്യമായ പങ്കുണ്ടായിരുന്നു.

രോഹന്‍ 13,600 ഫോളോവേഴ്സുള്ള @WealthSolitaire എന്ന എക്സ് (ട്വിറ്റര്‍) ഹാന്‍ഡില്‍ നിയന്ത്രിച്ചിരുന്നു. അനികേത് 40,500 ഫോളോവേഴ്സുള്ള @desiwallstreet എന്ന ഹാന്‍ഡിലിലൂടെയാണ് തട്ടിപ്പ് നടത്തിയത്.

ഇതിന് പുറമെ 'ഡെന്‍ ഓഫ് വെല്‍ത്ത്' (Den of Wealth) എന്ന പേരില്‍ അമ്പതിലധികം വാട്സ്ആപ്പ് ഗ്രൂപ്പുകളും എണ്‍പതിനായിരത്തോളം പേരുള്ള ടെലിഗ്രാം ചാനലുകളും ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു.

തട്ടിപ്പ് ഇങ്ങനെ

വ്യാപാരം വളരെ കുറഞ്ഞ, ലിക്വിഡിറ്റി കുറഞ്ഞ എസ്എംഇ (SME) ഓഹരികള്‍ ഈ കുടുംബം ആദ്യം രഹസ്യമായി വാങ്ങി കൂട്ടും. അതിനുശേഷം ഈ കമ്പനികളെക്കുറിച്ച് വളരെ മികച്ച അവലോകനങ്ങളും റിപ്പോര്‍ട്ടുകളും എക്സ് ഹാന്‍ഡിലുകളിലൂടെയും വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിക്കും.

ഇത് വിശ്വസിച്ച് സാധാരണക്കാരായ റീറ്റെയ്ല്‍ നിക്ഷേപകര്‍ കൂട്ടത്തോടെ ഈ ഓഹരികള്‍ വാങ്ങാന്‍ എത്തുന്നതോടെ വില കുതിച്ചുയരും (Upper Circuit). വില പരമാവധി ഉയര്‍ന്നു എന്ന് ഉറപ്പാക്കുന്നതോടെ കുടുംബത്തിന്റെ പക്കലുള്ള ഓഹരികള്‍ വിറ്റഴിച്ച് വന്‍ ലാഭവുമായി പിന്‍വാങ്ങും (Dump). പിന്നാലെ ഓഹരി വില കുത്തനെ ഇടിയുകയും സാധാരണക്കാരായ നിക്ഷേപകര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമാവുകയും ചെയ്യും. ഇത്തരത്തില്‍ 82 ഓഹരികളിലാണ് ഇവര്‍ കൃത്രിമം കാണിച്ചത്.

'ട്വീറ്റ് ചെയ്യ്, അപ്പര്‍ സര്‍ക്യൂട്ട് വരും'; ചാറ്റുകള്‍ പുറത്ത്

2026 ജനുവരിയില്‍ ഈ കുടുംബത്തിന്റെ വീടുകളില്‍ സെബി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇവരുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് നിര്‍ണായകമായ ചാറ്റുകള്‍ സെബിക്ക് ലഭിച്ചു.

രോഹന്‍ ഒരു ഓഹരി വാങ്ങിയതിന് ശേഷം പിതാവ് ഹേമന്ത് അയച്ച സന്ദേശം ഇങ്ങനെയായിരുന്നു: 'ഇപ്പോള്‍ തന്നെ ട്വീറ്റ് ചെയ്യ്, അടുത്ത 4-5 ദിവസം അപ്പര്‍ സര്‍ക്യൂട്ട് വരും.'

ചെയ്യുന്നത് വലിയ കുറ്റമാണെന്നും സെബി പിടികൂടുമെന്നും ഇവര്‍ക്ക് അറിയാമായിരുന്നു. 2023-ല്‍ അനികേത് പിതാവ് ഹേമന്തിന് അയച്ച മറ്റൊരു സന്ദേശത്തില്‍ ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയിരുന്നു: 'ചെറിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെപ്പോലും സെബി നിരീക്ഷിക്കുന്നുണ്ട്. പിടിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതൊക്കെ നഷ്ടമാകും.' എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇവര്‍ തട്ടിപ്പ് തുടരുകയായിരുന്നു.

സെബിയുടെ കര്‍ശന നടപടി

കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച 20.25 കോടി രൂപ അടിയന്തരമായി കണ്ടുകെട്ടാന്‍ സെബി ഉത്തരവിട്ടു. കുടുംബാംഗങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും വസ്തുവകകളും നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ 'ഫിന്‍ഫ്‌ളുവന്‍സര്‍മാരുടെ' (Finfluencers) കെണിയില്‍ വീഴുന്നതിന് മുന്‍പ് നിക്ഷേപകര്‍ കൃത്യമായ പഠനം നടത്തണമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നല്‍കുന്നത്.

SEBI has cracked down on a family accused of running a massive social media-driven ‘pump and dump’ stock scam involving 82 SME shares and crores of investor losses.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com