

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ ഒഴുക്ക് തുടരുന്നു. നവംബര്‍ തുടക്കം മുതല്‍ നിരവധി പ്രാഥമിക ഓഹരി വില്പനകളാണുള്ളത്. ഗ്രോ, ലെന്‍സ്‌കാര്‍ട്ട് തുടങ്ങി നിരവധി കമ്പനികളാണ് ഈ മാസം ലിസ്റ്റ് ചെയ്തത്. ഫിസിക്‌സ്‌വാല അടക്കമുള്ള കമ്പനികളുടെ ഐപിഒയും വരും ദിവസങ്ങളില്‍ നടക്കും.
പുതിയ രണ്ട് ഐപിഒകള്‍ക്കു കൂടി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നല്കി. പുനരുപയോഗ ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലീന്‍ മാക്‌സ് എന്‍വിറോ (Clean Max enviro), ഡയാലിസിസ് സര്‍വീസ് പ്രൈവൈഡര്‍ കമ്പനിയായ നെഫ്രോകെയര്‍ ഹെല്‍ത്ത് (Nephrocare Health) എന്നീ ഐപിഒകള്‍ക്കാണ് സെബിയുടെ അനുമതി ലഭിച്ചത്.
ഇരു കമ്പനികളും ഓഗസ്റ്റിലായിരുന്നു പ്രാഥമിക ഓഹരി വില്പനയ്ക്കായി അപേക്ഷ സമര്‍പ്പിച്ചത്. ഇതുവരെ ഐപിഒ തീയതി പ്രഖ്യാപിച്ചിട്ടില്ല.
പുതിയ ഓഹരികളുടെ വില്പന, ഓഫര്‍ ഫോര്‍ സെയില്‍ എന്നിവയിലൂടെ 5,200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1,500 കോടി രൂപയുടെ പുതിയ ഓഹരികളാകും ഐപിഒയില്‍ ഉണ്ടാകുക. 3,700 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെ നിലവിലുള്ള നിക്ഷേപകര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും. ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കുന്ന തുക കടങ്ങള്‍ വീട്ടുന്നതിനാകും പ്രധാനമായി ഉപയോഗിക്കുക.
മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 8,078 കോടി രൂപയാണ് കമ്പനിയുടെ കടബാധ്യത. സോളാര്‍ പവര്‍ പ്രോജക്ടുകളില്‍ ശ്രദ്ധയൂന്നിയിട്ടുള്ള ക്ലീന്‍ മാക്‌സിന്റെ ഉപയോക്താക്കള്‍ കൂടുതലായും വ്യവസായിക രംഗത്തുള്ള വന്‍കിട കമ്പനികളാണ്.
ഹൈദരാബാദ് ആസ്ഥാനമായ നെഫ്രോകെയര്‍ ഹെല്‍ത്ത് സര്‍വീസസ് സ്ഥാപിതമാകുന്നത് 2009ലാണ്. ആഗോളതലത്തില്‍ 500ലേറെ ഡയാലിസിസ് സെന്ററുകള്‍ കമ്പനിക്കുണ്ട്. ഇന്ത്യ, ഫിലിപ്പൈന്‍സ്, ഉസ്‌ബെക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലാണ് സെന്ററുകളുള്ളത്.
പ്രവര്‍ത്തനം വിപുലപ്പെടുത്താനായി 353.4 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂലധന ചെലവുകള്‍ക്കായി 129.1 കോടി രൂപയുെ ഇന്ത്യയില്‍ കൂടുതല്‍ ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കാന്‍ 136 കോടി രൂപയും ചെലവഴിക്കും. നെഫ്രോപ്ലസ് എന്ന ബ്രാന്‍ഡിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.
Read DhanamOnline in English
Subscribe to Dhanam Magazine