സ്വർണം, വെള്ളി അവധി വ്യാപാരം: വിദേശ നിക്ഷേപകർക്ക് വാതിൽ തുറക്കുന്നു; ചെറുകിട നിക്ഷേപകർക്കും ജ്വല്ലറികൾക്കും തിരിച്ചടിയോ?

സ്വർണം, വെള്ളി ഉൾപ്പെടെയുള്ള ഫിസിക്കൽ സെറ്റിൽമെന്റ് അധിഷ്ഠിത കമ്മോഡിറ്റി ഡെറിവേറ്റീവ് കോൺട്രാക്ടുകളിൽ വിദേശ നിക്ഷേപകർക്ക് പ്രവേശനം അനുവദിക്കാനുള്ള സെബി നിർദ്ദേശം വിപണിയിൽ പുതിയ അവസരങ്ങളും റിസ്‌കുകളും സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തൽ
Gold and silver commodity futures trading
ഇൻസൈറ്റിൽ ടി.ബി. രാമകൃഷ്ണൻ (രാംകി); അഡ്വ. എസ്. അബ്ദുൽ നാസർImage Source: Canva/Social Media
Published on

ഇന്ത്യൻ കമ്മോഡിറ്റി ഡെറിവേറ്റീവ് വിപണിയിൽ (F&O) വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് (FPI) കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി (SEBI) പുതിയ നിർദ്ദേശങ്ങൾ പരി​ഗണിക്കുന്നു. കാർഷികേതര ഉത്പന്നങ്ങളുടെ ഫിസിക്കൽ സെറ്റിൽമെന്റ് (Physical Settlement) അധിഷ്ഠിത ഡെറിവേറ്റീവ് കോൺട്രാക്ടുകളിൽ (Gold/Silver/Base Metals) വിദേശ നിക്ഷേപകർക്ക് ട്രേഡിംഗ് (അവധി വ്യാപാരം) അനുമതി നൽകാനാണ് സെബി കൺസൾട്ടേഷൻ പേപ്പർ വഴി നിർദ്ദേശിച്ചിരിക്കുന്നത്.

ഇന്ത്യൻ കമ്മോഡിറ്റി വിപണിയെ ആഗോള വിപണിയുമായി കൂടുതൽ സംയോജിപ്പിക്കാനും വിപണിയിലെ വില നിർണയം (Price Discovery) കൂടുതൽ കാര്യക്ഷമമാക്കാനും സെബിയുടെ പുതിയ നീക്കം സഹായിക്കുമെന്ന് ഒരുവിഭാ​ഗം വിദ​ഗ്ധർ പറയുമ്പോൾ റീട്ടെയിൽ നിക്ഷേപകർക്കും ആഭരണ വ്യാപാരികൾക്കും ചില ആശങ്കകളുണ്ടെന്ന് മറുവിഭാ​ഗവും ചൂണ്ടിക്കാണിക്കുന്നു.

നിലവിലെ നിയന്ത്രണങ്ങളും പുതിയ മാറ്റങ്ങളും

നിലവിൽ ക്യാഷ്-സെറ്റിൽഡ് (Cash-settled) രീതിയിലുള്ള കാ‌ർഷികേതര കമ്മോഡിറ്റി കോൺട്രാക്ടുകളിൽ മാത്രമേ വിദേശ നിക്ഷേപകർക്ക് പങ്കാളിത്തം അനുവദിച്ചിട്ടുള്ളൂ. പുതിയ നിർദ്ദേശപ്രകാരം ഫിസിക്കൽ സെറ്റിൽമെന്റ് രീതിയിലുള്ള ഡെറിവേറ്റീവ് കോൺട്രാക്ടുകളിലും വിദേശ നിക്ഷേപകർക്ക് ട്രേഡ് ചെയ്യാനുള്ള വഴിയൊരുങ്ങും.

എന്നാൽ, ഇക്കാര്യത്തിൽ ഒരു സുപ്രധാന സുരക്ഷാ മുൻകരുതൽ സെബി തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യാപാരത്തിന് അടിസ്ഥാനമാക്കിയിരിക്കുന്ന ഉത്പ്പന്നം നേരിട്ട് കൈമാറ്റം ചെയ്യപ്പെടേണ്ട വിതരണ കാലയളവ് (Tender Period - കാലാവധി തീരുന്നതിന് 3 ദിവസം മുൻപ്) ആരംഭിക്കുന്നതിന് മുൻപായി വിദേശ നിക്ഷേപകർ തങ്ങളുടെ ട്രേഡ് പൊസിഷനുകൾ ക്ലോസ് ചെയ്യുകയോ സ്ക്വയർ-ഓഫ് ചെയ്യുകയോ വേണം. അതായത്, വിപണിയിലെ വില വ്യതിയാനങ്ങളിൽ നിന്നുള്ള നേട്ടം വിദേശ നിക്ഷേപകർക്ക് ലഭിക്കാമെങ്കിലും ഉത്പ്പന്നങ്ങളുടെ ഭൗതികമായ കൈമാറ്റത്തിൽ അവർ നേരിട്ട് പങ്കാളികളാകില്ല.

സെബിയുടെ പുതിയ നിർദ്ദേശം ചുരുക്കത്തിൽ:

  • ഫിസിക്കൽ കരാറുകൾ ----------► എഫ്.പി.ഐകൾക്ക് പങ്കാളിത്തം അനുവദിക്കും.

  • പ്രധാന ഉപാധി ----------► ഡെലിവറി കാലയളവിന് മുൻപ് പൊസിഷനുകൾ നിർബന്ധമായും സ്ക്വയർ-ഓഫ് ചെയ്യണം.

  • ലക്ഷ്യം ----------► ആഗോള നിക്ഷേപം വർധിപ്പിക്കുക, വിപണിയിലെ ലിക്വിഡിറ്റി ഉയർത്തുക.

വിപണി വിദഗ്ദ്ധരുടെ പ്രതികരണങ്ങൾ

സെബിയുടെ നീക്കത്തെ സ്വാഗതം ചെയ്യുമ്പോഴും വ്യവസായ മേഖലയിൽ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്:

കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (KGSMA): സെബിയുടെ നിർദ്ദേശത്തെ തത്വത്തിൽ സ്വാഗതം ചെയ്യുന്നുവെന്ന് കെ.ജി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കി. എന്നാൽ ആഗോള മൂലധനം നേരിട്ടെത്തുമ്പോൾ ചെറുകിട നിക്ഷേപകർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അന്താരാഷ്ട്ര വിപണിയിലെ പെട്ടെന്നുള്ള വില വ്യതിയാനങ്ങൾ, ഡോളർ-രൂപ വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ (Currency Risk), ഫ്യൂച്ചേഴ്സ് വിപണിയിലെ ലിവറേജ് (Leverage) എന്നിവ ചെറുകിട വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഊഹക്കച്ചവടം ആഭ്യന്തര സ്വർണ വിലയെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ കർശന നിയന്ത്രണം വേണമെന്നും അഡ്വ. എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു.

ഷെയർവെൽത്ത് സെക്യൂരിറ്റീസ്: സെബിയുടെ നീക്കം ഇന്ത്യൻ വിപണിയുടെ കരുത്ത് വർധിപ്പിക്കുമെന്ന് ഷെയർവെൽത്ത് സെക്യൂരിറ്റീസ് എം.ഡി & സി.ഇ.ഒയും സെബി അം​ഗീകൃത റിസർച്ച് അനലിസ്റ്റുമായ ടി.ബി. രാമകൃഷ്ണൻ (രാംകി) അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ എഫ്&ഒ (F&O) വിപണി ആഗോള നിലവാരമുള്ളതാണ്. ഇവിടുത്തെ റിസ്ക് മാനേജ്മെന്റ് സി​സ്റ്റവും (RMS) വളരെ ശക്തമാണ്. വിദേശ നിക്ഷേപകരുടെ വരവോടെ വിപണിയിലെ ട്രേഡിംഗ് വോളിയവും ലിക്വിഡിറ്റിയും കാര്യമായി ഉയരുമെന്നും രാംകി പറഞ്ഞു.

ഡെലിവറി എടുക്കേണ്ടതില്ലാത്തതിനാൽ വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് ബാധ്യതകളില്ലാതെ വലിയ ആഗോള ഫണ്ടുകൾക്ക് ഇന്ത്യയിലേക്ക് വരാൻ ഇത് വഴിയൊരുക്കും. എങ്കിലും റീട്ടെയിൽ ട്രേ‍ഡർമാരെ സംബന്ധിച്ച്, അന്താരാഷ്ട്ര വിപണി ചലനങ്ങൾ കൃത്യമായി മനസ്സിലാക്കിയും മതിയായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയും വേണം ഡെറിവേറ്റീവ് വിപണിയിൽ ഇടപെടേണ്ടതെന്നും രാംകി വ്യക്തമാക്കി.

(Disclaimer: ഈ ലേഖനം പൊതുവായ അറിവിനായി നല്‍കുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ശുപാര്‍ശയായി കണക്കാക്കരുത്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com