രജിസ്‌ട്രേഷനില്ലാതെ നിക്ഷേപ ഉപദേശം: അവധൂത് സാഥെ അക്കാദമിക്ക് ₹546 കോടിയുടെ റീഫണ്ട് ഉത്തരവും ₹11.5 കോടി പിഴയും

അക്കാദമി കോഴ്‌സ് ആരംഭിച്ചതുമുതല്‍ പങ്കാളികളില്‍ നിന്ന് ഏകദേശം 601.38 കോടി രൂപയാണ് സമാഹരിച്ചത്
SEBI approves NSE settlement updates
പ്രതീകാത്മക ചിത്രംImage Source: nseindia.com/sebi-fb
Published on: 

രജിസ്‌ട്രേഷനില്ലാതെ നിക്ഷേപ ഉപദേശക, റിസര്‍ച്ച് അനലിസ്റ്റ് സേവനങ്ങള്‍ നല്‍കിയതിന് അവധൂത് സാഥെ ട്രേഡിംഗ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡിനും (ASTAPL) സ്ഥാപകന്‍ അവധൂത് സാഥെയ്ക്കും എതിരെ കര്‍ശന നടപടിയുമായി സെബി. സേവനങ്ങള്‍ നല്‍കുന്നതിനായി സമാഹരിച്ച 546.17 കോടി തിരികെ നല്‍കാനും 11.5 കോടി രൂപ പിഴയടയ്ക്കാനും സെബി ഉത്തരവിട്ടു.

അവധൂത് സാഥെ ട്രേഡിംഗ് അക്കാദമിക്ക് 6 കോടി രൂപ പിഴയിട്ടപ്പോള്‍ സ്ഥാപകന്‍ അവധൂത് സാഥെ 4 കോടി രൂപ സെബിയില്‍ അടയ്ക്കണം. കമ്പനിയില്‍ പങ്കാളിയായ ഗൗരി അവധൂത് സാഥെ 1.5 കോടി രൂപയും പിഴയായി ഒടുക്കണം.

അക്കാദമിയെയും അവധൂത് സാഥെയെയും സെക്യൂരിറ്റീസ് വിപണിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. റീഫണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെയായിരിക്കും ഈ വിലക്ക് ബാധകമാവുക. മേല്‍നോട്ടം വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഗൗരി അവധൂത് സാഥെയ്ക്ക് വിപണിയില്‍ നിന്ന് ആറുമാസത്തെ വിലക്കുമുണ്ട്.

എന്തുകൊണ്ട് നടപടി

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള സേവനങ്ങള്‍: പണം ഈടാക്കിയുള്ള കോഴ്‌സുകള്‍, സെഷനുകള്‍, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെ മതിയായ സെബി രജിസ്‌ട്രേഷനില്ലാതെ നിക്ഷേപ ഉപദേശങ്ങളും റിസര്‍ച്ച് ശുപാര്‍ശകളും നല്‍കി.

തെറ്റിധാരണ പടര്‍ത്തുന്ന പരസ്യങ്ങള്‍: ഉയര്‍ന്ന റിട്ടേണുകളെക്കുറിച്ച് തെറ്റായതും തെറ്റിധാരണ ജനിപ്പിക്കുന്നതുമായ പ്രചാരണങ്ങള്‍ നടത്തി. നിക്ഷേപകര്‍ക്ക് നല്‍കുന്ന ശുപാര്‍ശകള്‍ അവര്‍ക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കാതെയാണ് ഉപദേശങ്ങള്‍ നല്‍കിയതെന്നാണ് കണ്ടെത്തല്‍.

അക്കാദമി കോഴ്‌സ് ആരംഭിച്ചതുമുതല്‍ പങ്കാളികളില്‍ നിന്ന് ഏകദേശം 601.38 കോടി രൂപയാണ് സമാഹരിച്ചത്. ഇതില്‍ അന്വേഷണത്തില്‍ കണ്ടെത്തിയ 546.17 കോടി രൂപയാണ് തിരികെ നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ തുകയ്ക്ക് പുറമെ 67.87 കോടി രൂപ പലിശയും നല്‍കേണ്ടതുണ്ട്. ഉത്തരവ് ലഭിച്ച് അഞ്ച് മാസത്തിനകം റീഫണ്ട് നടപടികള്‍ പൂര്‍ത്തിയാക്കണം. പണം തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കി 30 ദിവസത്തിനുള്ളില്‍ പത്രങ്ങളില്‍ പരസ്യം നല്‍കണം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com