

പ്രവാസികള്‍ക്ക് (എന്‍.ആര്‍.ഐ) ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാന്‍ സെബി (Securities and Exchange Board of India/SEBI) അടിയന്തര നീക്കങ്ങള്‍ ആരംഭിച്ചതായി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡേ. എന്‍.ആര്‍.ഐകളുടെ നിക്ഷേപ നടപടികള്‍ ലളിതമാക്കകയാണ് സെബിയുടെ അടിയന്തര ലക്ഷ്യങ്ങളിലൊന്ന് എന്നാണ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബ്രോക്കേഴ്‌സ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ പാണ്ഡേ പറഞ്ഞത്.
ഇന്ത്യയിലേക്ക് യാത്ര ചെയ്യാതെ തന്നെ എന്‍.ആര്‍.ഐകള്‍ക്ക് കെവൈസി (Know Your Customer) നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കണം. ഇതിനായി ആര്‍.ബി.ഐയുമായും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുമായും (UIDAI) ചേര്‍ന്ന് ഒരു ഡിജിറ്റല്‍ കെ.വൈ.സി സംവിധാനം രൂപപ്പെടുത്തുകയാണ് സെബിയെന്നും പാണ്ഡേ അറിയിച്ചു.
ലോകമെമ്പാടുമായി ഏകദേശം 3.5 കോടി പ്രവാസി ഇന്ത്യാക്കാരാണുള്ളത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ 135 ബില്യണ്‍ ഡോളറിന്റെ റെമിറ്റന്‍സാണ് ഇവര്‍ നടത്തിയത്. വിപണി പ്രവേശനം ലളിതമാക്കുന്നത് കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ തുറക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ആഭ്യന്തര റീറ്റൈയ്ല്‍ നിക്ഷേപങ്ങളില്‍, പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലേക്കുള്ള (SIP) പണമൊഴുക്ക് കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ക്കുള്ള (FPI) നിയമ നടപടികള്‍ കൂടുതല്‍ ലളിതവും ഡിജിറ്റലും ആക്കാനും സെബി ലക്ഷ്യമിടുന്നുണ്ട്. സെപ്റ്റംബറില്‍ ഇതിനായി സിംഗിള്‍-വിന്‍ഡോ സംവിധാനം അവതരിപ്പിച്ചിരുന്നു. എഫ്.പി.ഐ രജിസ്‌ട്രേഷന്‍ പൂര്‍ണമായും പോര്‍ട്ടല്‍ അടിസ്ഥാനത്തിലാക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട വിവിധ അതോറിറ്റികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ആര്‍ബിഐ, ആദായ നികുതി വകുപ്പ് എന്നിവ ചേര്‍ന്ന് ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കുമെന്നും ശക്തമായ റിസ്‌ക് കണ്‍ട്രോള്‍ സംവിധാനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രോക്കര്‍ ചട്ടങ്ങളില്‍ ഡിസംബര്‍ മാസത്തോടെ പരിഷ്‌കരണം പൂര്‍ത്തിയാക്കും. അതോടൊപ്പം സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങളും ശക്തമാക്കും. ''എയര്‍ ഗ്യാപ്''(ഇന്റര്‍നെറ്റ് ബന്ധമില്ലാത്ത സുരക്ഷാ സംവിധാനങ്ങള്‍) ഉള്‍പ്പെടെ, ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ക്കായുള്ള റിഡണ്ടന്‍സി മാര്‍ഗനിര്‍ദേശങ്ങളും നടപ്പിലാക്കുമെന്നാണ് സെബി ചെയര്‍മാന്‍ നല്‍കുന്ന സൂചന.
Read DhanamOnline in English
Subscribe to Dhanam Magazine