അദാനി ഗ്രൂപ്പിന്റെ 'ചില ഇടപാടുകളി'ല്‍ അന്വേഷണം നടത്താനൊരുങ്ങി സെബി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് (Hindenburg Report)പുറത്തുവന്നത് മുതല്‍ അദാനി ഗ്രൂപ്പിന് (Adani Group)തിരിച്ചടികളുടെ കാലമാണ്. ഓഹരികളുടെ ഇടിവും ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയിലെ താഴ്ചയും തുടങ്ങി ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുനേരിടേണ്ടി വരുന്നത് നിരവധി കാര്യങ്ങളാണ്. ഇപ്പോഴിതാ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അദാനി ഗ്രൂപ്പിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ചില വിദേശ കമ്പനികളുമായുള്ള ഇടപാട് സംബന്ധിച്ചാണ് അന്വേഷണമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമം തെറ്റിച്ചോ ?

ഗൗതം അദാനിയുടെ ജ്യേഷ്ഠൻ വിനോദ് അദാനിയുടെ ഉടമസ്ഥതതയിലുള്ളതെന്നു കരുതപ്പെടുന്ന മൂന്ന് വിദേശ സ്ഥാപനങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്റെ ഇടപാടുകളില്‍ 'ബന്ധപ്പെട്ട കക്ഷി' ('related party' transactions) നിയമങ്ങളുടെ ലംഘനം നടന്നതായി സംശയിച്ചുകൊണ്ടാണ് അന്വേഷണം.

മൗറിഷ്യസ് ആസ്ഥാനമായുള്ള ക്രുനാല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ഗാര്‍ഡേനിയ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ദുബായ് ആസ്ഥാനമായുള്ള ഇലക്ട്രോജന്‍ ഇന്‍ഫ്രാ എന്നിവയാണ് സ്ഥാപനങ്ങള്‍. (Mauritius-based Krunal Trade and Investments Ltd; Gardenia Trade and Investments Ltd; Electrogen Infra)

ലിസ്റ്റ് ചെയ്തിരിക്കണം

ഈ മൂന്നു കമ്പനികളുമായി കഴിഞ്ഞ 13 വര്‍ഷമായി അദാനി കമ്പനികള്‍ക്ക് നിക്ഷേപ ഇടപാടുകള്‍ നടത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഈ കമ്പനികളുടെ ഒരു ഗുണഭോക്താവോ ഡയറക്ടറോ ആയിരിക്കാം എന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അത് ശരിയെങ്കില്‍ അത്തരത്തിലൊരു കാര്യം അദാനി വെളിപ്പെടുത്താത്ത പക്ഷം നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് സെബി അന്വേഷിച്ച് ബോധ്യപ്പെടുന്നതാണ്.

നടപടി നേരിടണം

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച്, ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ അടുത്ത ബന്ധുക്കള്‍, പ്രൊമോട്ടര്‍ ഗ്രൂപ്പുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ ബന്ധപ്പെട്ട കക്ഷികളായി കണക്കാക്കപ്പെടുന്നതാണ്. അത്തരം സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരുമായുള്ള ഇടപാടുകള്‍ പബ്ലിക് ഫയലിംഗുകളില്‍ വെളിപ്പെടുത്തുകയും ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഓഹരി പങ്കാളിത്തത്തിന് സെബിയുടെ അംഗീകാരം നേടേണ്ടതുമാണ്. അത്തരം മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെങ്കില്‍, ബന്ധപ്പെട്ട കമ്പനികളോട് പിഴ അടയ്ക്കാന്‍ സെബിക്ക് ആവശ്യപ്പെടാം. നിയമ നടപടികള്‍ നേരിടേണ്ടിയും വരും.



Related Articles
Next Story
Videos
Share it