

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഈടാക്കുന്ന ഫീസിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഈ രംഗത്തെ സുതാര്യത വര്‍ധിപ്പിക്കാനും നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് നീക്കം. മ്യൂച്വല്‍ ഫണ്ട് നിയമങ്ങളില്‍ മൂന്ന് പതിറ്റാണ്ടിനിടെ വരുത്തുന്ന ഏറ്റവും വലിയ മാറ്റമാണിത്. ബ്രോക്കറേജ് ഫീസുകള്‍ കുത്തനെ കുറക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തലുകള്‍. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ കഴിഞ്ഞ ദിവസം സെബി പുറത്തിറക്കി. നവംബര്‍ 17 വരെ പൊതുജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം.
ഫണ്ട് ഇടപാടുകള്‍ക്കായി നിക്ഷേപകരില്‍ നിന്ന് ഈടാക്കാവുന്ന ബ്രോക്കറേജ്, ട്രാന്‍സാക്ഷന്‍ ചെലവുകള്‍ എന്നിവ കുത്തനെ കുറയ്ക്കുന്നതാണ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനം. ക്യാഷ് മാര്‍ക്കറ്റ് ഇടപാടുകള്‍ക്ക് നിലവില്‍ ഈടാക്കുന്ന 12 ബേസിസ് പോയിന്റ് (bps) രണ്ട് ബേസിസ് പോയിന്റാക്കി കുറക്കാനാണ് നിര്‍ദ്ദേശം. ഡെറിവേറ്റീവ് ഇടപാടുകളുടേത് 5 ബി.പി.എസില്‍ നിന്ന് ഒന്നിലേക്ക് കുറക്കും. നിക്ഷേപം സംബന്ധിച്ച ഗവേഷണങ്ങള്‍ക്കായി (Research) നിക്ഷേപകര്‍ ഫണ്ട് മാനേജ്മെന്റ് ഫീസും പിന്നീട് ബ്രോക്കറേജ് ഫീസും നല്‍കുന്നത് ഒഴിവാക്കാനാണ് ഈ പരിഷ്‌കാരം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ചെലവ് കുറക്കാന്‍ ഇതിലൂടെ കഴിയും.
ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു വര്‍ഷം മാനേജ് ചെയ്യുന്നതിനുള്ള ചെലവ് (ടോട്ടല്‍ എക്‌സ്പന്‍സ് റേഷ്യോ-ടി.ഇ.ആര്‍) 0.15 ശതമാനം കുറക്കാനാണ് സെബിയുടെ നിര്‍ദ്ദേശം. ക്ലോസ്ഡ് എന്‍ഡ് സ്‌കീമുകളുടെ ടി.ഇ.ആര്‍ 0.25 ശതമാനവും കുറക്കും. ബ്രോക്കറേജ്, നികുതി, മറ്റ് ചെലവുകള്‍ എന്നിവ ടി.ഇ.ആറില്‍ ഉള്‍പ്പെടുത്താതെ പ്രത്യേകം രേഖപ്പെടുത്തണം. ഫണ്ട് മാനേജ്മെന്റിനായി അസറ്റ് മാനേജ്‌മെന്റ് കമ്പനി എത്ര തുകയാണ് ഈടാക്കുന്നതെന്ന് നിക്ഷേപകന് ഇതിലൂടെ എളുപ്പത്തില്‍ മനസിലാക്കാം. ഇക്വിറ്റി ഓറിയന്റഡ് പദ്ധതികളുടെ ടി.ഇ.ആര്‍ 1.25 ശതമാനത്തില്‍ നിന്ന് 1 ശതമാനമാക്കി കുറക്കും. നോണ്‍ ഇക്വിറ്റി ഓറിയന്റഡ് പദ്ധതികളുടേത് ഒരു ശതമാനത്തില്‍ നിന്ന് 0.80 ശതമാനമാക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഫണ്ടുകളുടെ പ്രകടനം അനുസരിച്ച് മാത്രം കൂടുതല്‍ ഫീസുകള്‍ പിരിക്കാനുള്ള അനുമതിയും അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് സെബി അനുവദിക്കുന്നുണ്ട്. അതായത് ബെഞ്ച്മാര്‍ക്ക് റിട്ടേണിനേക്കാള്‍ കൂടുതല്‍ വരുമാനം മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കിയാല്‍ മാത്രമേ നിക്ഷേപകനില്‍ നിന്ന് ഇത്തരം കമ്പനികള്‍ക്ക് കൂടുതല്‍ ഫീസ് ഈടാക്കാന്‍ കഴിയും. ഇതിനായി ചട്ടങ്ങള്‍ രൂപീകരിക്കും. വിവിധ പ്ലാനുകളില്‍ ഈടാക്കാന്‍ അനുവദിച്ചിരുന്ന അഞ്ച് ബേസിസ് പോയിന്റ് ചാര്‍ജ് എടുത്തുകളയുമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
നിലവില്‍ ഈടാക്കാവുന്ന അഞ്ച് ബേസിസ് പോയിന്റ് അധിക ചാര്‍ജ് ഒഴിവാക്കിയത് നിക്ഷേപകരുടെ ആകെ ചെലവ് കുറക്കും
ടി.ഇ.ആര്‍ പരിധിയില്‍ നിന്ന് ജി.എസ്.ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഒഴിവാക്കുന്നതോടെ നിക്ഷേപകര്‍ക്ക് അധിക തുക നല്‍കേണ്ടതില്ല. ഫണ്ട് മാനേജ് ചെയ്യുന്നതിന് എത്ര തുകയാണ് നല്‍കുന്നതെന്നും കൃത്യമായി മനസിലാക്കാം.
ബ്രോക്കറേജ് ചാര്‍ജുകള്‍ കുത്തനെ കുറക്കുന്നത് നിക്ഷേപകരുടെ ട്രേഡിംഗ് ചെലവും കുത്തനെ കുറക്കും. ഗവേഷണത്തിന് നല്‍കേണ്ട ഇരട്ടി ചെലവും ഒഴിവാക്കാം.
ഫണ്ടുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കൂടുതല്‍ ഫീസ് ഈടാക്കാമെന്ന നിര്‍ദ്ദേശവും നിക്ഷേപകര്‍ക്ക് ഗുണമാണ്. അതായത് മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ റിട്ടേണ്‍ നല്‍കുന്നുവെങ്കില്‍ മാത്രം കൂടുതല്‍ ഫീസ് നല്‍കിയാല്‍ മതിയാകും.
ചുരുക്കത്തില്‍ നിക്ഷേപകരുടെ ട്രേഡിംഗ് ചെലവുകള്‍ കുറക്കാനും 75.61 ലക്ഷം കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനും തീരുമാനം വഴിവെക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സെബിയുടെ നീക്കം എ.എം.സികളുടെ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പിന്‍വലിക്കുന്ന നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 5 ബി.പി.എസ് ചാര്‍ജ് ഒഴിവാക്കുന്നതാണ് പ്രധാന തിരിച്ചടി. ഇത് നടപ്പിലായാല്‍ എച്ച്.ഡി.എഫ്.സി എ.എം.സി, നിപ്പോണ്‍ ഇന്ത്യ പോലുള്ള കമ്പനികളുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ (2026-27) നികുതിക്ക് മുമ്പുള്ള ലാഭം (profit before tax -PBT) 30-33 ശതമാനം വരെ കുറയുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസിന്റെ വിലയിരുത്തല്‍. കൂടാതെ ക്യാഷ് മാര്‍ക്കറ്റ് ഇടപാടുകളുടെ ഫീസ് കുറച്ച തീരുമാനവും എ.എം.സികളെ ബാധിച്ചേക്കാം. എന്നാല്‍ ടി.ഇ.ആര്‍ കുറക്കാനുള്ള തീരുമാനം കാര്യമായി ബാധിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഇതിന് പിന്നാലെ എ.എം.സികളുടെ ഓഹരി വിലയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine