ഓഹരി നിക്ഷേപങ്ങള്‍ക്ക് ചെലവേറും, സ്‌റ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് തിരിച്ചടി; സെബിയുടെ പുതിയ ഉത്തരവ് നിക്ഷേപകരെ ബാധിക്കുന്നത് ഇങ്ങനെ

ഓഹരി ഇടപാടുകള്‍ക്ക് ഏകീകൃത നിരക്കുകള്‍ ഈടാക്കാനുള്ള സെബിയുടെ ഉത്തരവ് ഓഹരി നിക്ഷേപകര്‍ക്ക് വന്‍ തിരിച്ചടി. ഓഹരി നിക്ഷേപങ്ങള്‍ കൂടുതല്‍ ചെലവേറിയതാകാന്‍ ഇത് കാരണമാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഡിസ്‌കൗണ്ട് സ്‌റ്റോക്ക് ബ്രോക്കര്‍മാരുടെ വരുമാനത്തെയും ഉപഭോക്തൃ അടിത്തറയേയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ തുക ഈടാക്കുന്നതിലേക്ക് സ്റ്റോക്ക് ബ്രോക്കറേജുകളെ ഈ നീക്കം നയിച്ചേക്കും. സ്റ്റോക്ക് ബ്രോക്കര്‍മാരുടെ വരുമാനത്തില്‍ 2,000 കോടി രൂപയെങ്കിലും ഇടിവുണ്ടാക്കാന്‍ ഇത് കാരണമാകുമെന്നാണ് നിരീക്ഷണങ്ങള്‍.

ഒക്ടോബര്‍ ഒന്നു മുതല്‍ വോളിയം അടിസ്ഥാനമാക്കി നിക്ഷേപകരെ വേര്‍തിരിക്കരുമെന്നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ക്ക് (എം.ഐ.ഐ) നിര്‍ദ്ദേശം നല്‍കിയത്.
സെബിയുടെ നിര്‍ദേശത്തിനു പിന്നാലെ പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സെരോധയുടെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി നിതിന്‍ കാമത്ത് സീറോ ബ്രോക്കറേജ് രീതി അവസാനിപ്പിക്കുമെന്ന സൂചനയുമായി എത്തിയിരുന്നു.
സെബിയുടെ ഈ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സീറോ-ബ്രോക്കറേജ് ഘടന ഉപേക്ഷിക്കുമെന്നും എഫ് ആന്‍ഡ് ഒ ട്രേഡുകള്‍ക്കുള്ള ബ്രോക്കറേജ് വര്‍ദ്ധിപ്പിക്കുമെന്നുമാണ് നിതിന്‍ കാമത്ത് പറഞ്ഞത്.
ഫീസ് ഏകീകരണത്തിനു പിന്നില്‍
നിലവില്‍ ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ നിന്ന് മാസാടിസ്ഥാനത്തിലാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഇടപാടുകള്‍ക്കുള്ള ഫീസ് ഈടാക്കുന്നത്. അതായത് മൊത്തം ഓഹരി ഇടപാടുകളുടെ മൂല്യം കണക്കാക്കി സ്ലാബ് തിരിച്ചാണ് ഇത് കണക്കാക്കുന്നത്. ബ്രോക്കറേജുകള്‍ പക്ഷെ നിക്ഷേപകരില്‍ നിന്ന് ഓരോ ദിവസത്തെയും ഇടപാടുകള്‍ കണക്കാക്കിയാണ് ഫീസ് ഈടാക്കുക. ഉയര്‍ന്ന തുക നിക്ഷേപകരില്‍ നിന്ന് വാങ്ങുന്ന ബ്രോക്കറേജുകള്‍ പാതിയോളം മാത്രമാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കൈമാറുന്നതെന്ന കാര്യം ശ്രദ്ധയില്‍പെട്ടതോടെയാണ് സെബിയുടെ നീക്കം.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍, ഡിപ്പോസിറ്ററികള്‍ തുടങ്ങിയ മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ ചുമത്തുന്ന ഫീസ് ഏകീകരിക്കണമെന്നും ട്രേഡിങ്ങ് വോളിയങ്ങളുമായി ബന്ധപ്പെടുത്തരുതെന്നുമാണ് സെബി അറിയിച്ചിരിക്കുന്നത്. ബ്രോക്കര്‍മാര്‍, വ്യാപാരികള്‍, നിക്ഷേപകര്‍ എന്നിവരെ ഒരുപോലെ സ്വാധീനിക്കുന്നതാണ് പുതിയ നിയന്ത്രണം.
ഗണ്യമായ ട്രേഡിംഗ് വോള്യങ്ങള്‍ സൃഷ്ടിക്കുന്ന ബ്രോക്കര്‍മാര്‍ക്ക് എക്സ്ചേഞ്ചുകള്‍ കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്യുന്ന പ്രവണതയ്ക്ക് ഇതോടെ മാറ്റം വരുമെന്നാണ് കണക്കാക്കുന്നത്. ഡെറിവേറ്റീവുകള്‍ പോലുള്ള വിഭാഗങ്ങളിലെ വര്‍ദ്ധിച്ച വ്യാപാര പ്രവര്‍ത്തനത്തിന് ഊര്‍ജം പകരുന്നതായിരുന്നു കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്യുന്ന പ്രവണത.


Related Articles
Next Story
Videos
Share it