സാധാരണക്കാര്‍ക്കും മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാം, മിനിമം എസ്.ഐ.പി ₹250 ആക്കാന്‍ സെബി

മ്യൂച്വല്‍ ഫണ്ടുകള്‍ സാഷെ രൂപത്തില്‍ ലഭിച്ചാലോ? പ്രധാന ഉല്‍പ്പന്നത്തിന്റെ സത്ത് ചോര്‍ന്നു പോകാതെ എല്ലാ ഗുണങ്ങളുമടങ്ങുന്ന ചെറു യൂണിറ്റുകളാക്കിയ ഉല്‍പ്പന്ന പായ്ക്കറ്റുകളാണ് സാഷെകള്‍. ഷാംപൂ സാഷെകളാണ് ഇതിന് മികച്ച ഉദാഹരണം. ഇത്തരത്തില്‍ മ്യൂച്വല്‍ ഫണ്ടുകളെ ചെറു യൂണിറ്റുകളാക്കി ലഭ്യമാക്കാനുള്ള തീരുമാനത്തിലാണ് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(SEBI).

എസ്.ഐ.പി (Systematic Investment Plan) വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള എറ്റവും കുറഞ്ഞ തുക 250 രൂപയാക്കിയേക്കുമെന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്. എല്ലാ മേഖലയില്‍ നിന്നുള്ളവരെയും, പ്രത്യേകിച്ച് വനിതാ നിക്ഷേപകരെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ലിംഗ സമത്വം എല്ലാ മേഖലയിലേക്കും വ്യാപിക്കുന്നുണ്ട്. ടിയര്‍ 4 നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫാക്റ്ററിയിലെ 85 ശതമാനം ജോലിക്കാരും സ്ത്രീകളാണെന്നും ഇവര്‍ക്കായി കമ്പനി ഹോസ്റ്റല്‍ സൗകര്യം നല്‍കുന്നുണ്ടെന്നും അവര്‍ വിശദമാക്കി.

വളരെ കുറച്ച് ഫണ്ട് ഹൗസുകള്‍ ഇപ്പോള്‍ തന്നെ 100 രൂപ മുതലുള്ള എസ്.ഐ.പി നിക്ഷേപത്തിനുള്ള സൗകര്യം നല്‍കുന്നുണ്ടെങ്കിലും 500 രൂപയാണ് പല ഫണ്ട് ഹൗസുകളും അനുവദിക്കുന്ന മിനിമം എസ്.ഐ.പി നിക്ഷേപത്തുക. ഇത് 100 ആക്കി നിലനിര്‍ത്താന്‍ സെബിക്ക് കഴിഞ്ഞില്ലെങ്കിലും 250 എന്ന കുറഞ്ഞ നിരക്ക് ഈ രംഗത്തെ വലിയ മാറ്റമായിരിക്കും.

എസ്.ഐ.പി നിക്ഷേപത്തിലേക്കെത്തുന്നവരുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കൊല്ലം നവംബറില്‍ മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി നിക്ഷേപം 17,073.30 കോടി രൂപ കടന്നു. മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം എസ്.ഐ.പി ആസ്തിയും (AUM) വര്‍ധിച്ചു. ഒക്ടോബറില്‍ 8.59 ലക്ഷം കോടി രൂപയായിരുന്ന എസ്.ഐ.പി എ.യു.എം നവംബറില്‍ 9.31 ലക്ഷം കോടി രൂപയായാണ് വര്‍ധിച്ചത്.

Related Articles
Next Story
Videos
Share it