ഓഹരി വിപണിയില്‍ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ഉയര്‍ന്നു, നിക്ഷേപകരുടെ റിസ്‌ക് കുറയ്ക്കാന്‍ സെബി

ഓഹരി വിപണിയില്‍ (Share Market) നിക്ഷേപകര്‍ക്കുണ്ടാകുന്ന നഷ്ട സാധ്യതകള്‍ കുറയ്ക്കാനുള്ള ശ്രമവുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI). സ്ഥിരമായി അപകട സാധ്യത സംബന്ധിച്ച വിവരങ്ങള്‍ ( Risks Factor Disclosure ) പുറത്തിറക്കാനാണ് സെബി ആലോചിക്കുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ഒരു റെഗുലേറ്ററി അതോറിറ്റി ഇത്തരം നീക്കവുമായി എത്തുന്നത്. വിഷയത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്.

നിക്ഷേപകര്‍ക്ക് ഓഹരി വിപണിയിലെ കുതിച്ചുചാട്ടവും തകര്‍ച്ചയും ഉള്‍പ്പടെയുള്ളവയെക്കുറിച്ച് ധാരണ നല്‍കലാണ് സെബിയുടെ ലക്ഷ്യം. കോവിഡ് വ്യാപന സമയം മുതല്‍ നിക്ഷേപകര്‍ കൂട്ടമായി വിറ്റഴിക്കല്‍ നടത്തുകയും പിന്നീട് കമ്പനികളെ കൃത്യമായി മനസിലാക്കാതെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു. ഐപിഒകളിലൂടെയും ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍ വിഭാഗത്തിലും നിക്ഷേപകര്‍ക്ക് വലിയ തോതില്‍ നഷ്ടമുണ്ടായി. വിപണി സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ലഭ്യമായ വിവരങ്ങളൊക്കെ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്നത് ബിസിനസ് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും സെബിയില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ലഭിക്കുന്നത് നിക്ഷേപകര്‍ക്ക് ഗുണകരമാവുമെന്നും ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. തീരുമാനം നടപ്പിലായാല്‍ കമ്പനികളുടെ ഭാവി പദ്ധതികള്‍, നയങ്ങള്‍ ഉള്‍പ്പടെയുള്ളവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങല്‍ നിക്ഷേപകര്‍ക്ക് സെബി മുഖാന്തരം തന്നെ ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it