

രാജ്യത്തെ വമ്പന്‍ പ്രാരംഭ ഓഹരി വില്‍പ്പനകളില്‍ (Initial Public Offer/IPO) ചെറുകിട നിക്ഷേപകര്‍ക്കുള്ള വിഹിതം കുറയ്ക്കാന്‍ നീക്കവുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI). 5,000 കോടി രൂപയ്ക്കു മേലുള്ള ഐ.പി.ഒകളില്‍ സ്ഥാപന നിക്ഷേപകരുടെ (institutitonal investors) വിഹിതം നിലവിലെ 50 ശതമാനത്തില്‍ നിന്ന് 60 ശതമാനവും ചെറുകിട നിക്ഷേപകരുടെ (Retail Investors) പങ്കാളിത്തം 35 ശതമാനത്തില്‍ നിന്ന് 25 ശതമാനവുമാക്കാനുള്ള നിര്‍ദേശമാണ് പരിഗണിക്കുന്നത്. ലിസ്റ്റിംഗുമായി ധാരാളം പുതിയ കമ്പനികള്‍ കടന്നു വരുന്നതിനിടെയാണ് സെബിയുടെ നീക്കം.
മൊത്തം പൊതു ഓഹരി പങ്കാളിത്തം നിലവിലേതുപോലെ തുടരുമെങ്കിലും നിക്ഷേപവിഭാഗങ്ങള്‍ക്ക് നീക്കിവയ്ക്കുന്ന ഓഹരികളില്‍ വ്യത്യാസം വരും. വന്‍ ഐ.പി.ഒകളില്‍ പലപ്പോഴും സ്ഥാപന നിക്ഷേപകര്‍ വലിയ മുതല്‍മുടക്ക് നടത്താറുണ്ട്. അതേസമയം ചെറുകിട നിക്ഷേപകര്‍ക്ക് വലിയ നിക്ഷേപത്തിനുള്ള പ്രാപ്തി ഉണ്ടാകില്ല. അതുകൊണ്ട് അവര്‍ക്കായി നീക്കി വയക്കുന്ന ഓഹരികള്‍ പൂര്‍ണമായും വിറ്റു പോകില്ല.
അടുത്തിടെ നടന്ന ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഐ.പി.ഒയില്‍ ചെറുകിട നിക്ഷേപകര്‍ക്കായി വകയിരുത്തിയ ഓഹരികളില്‍ വെറും 40 ശതമാനം മാത്രമാണ് വിറ്റുപോയത്. ഹെക്‌സാവേര്‍ ടെക്‌നോളജീസ് ലിമിറ്റഡ് ഐ.പി.ഒയില്‍ ഇത് വെറും 10 ശതമാനമായിരുന്നു.
സ്ഥാപന നിക്ഷേപകര്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുന്നതു വഴി കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും മാര്‍ക്കറ്റില്‍ സ്ഥിര നേടാനുമാണ് സെബി ആഗ്രഹിക്കുന്നത്. കമ്പനികളെ സംബന്ധിച്ചും ഇതാണ് കൂടുതല്‍ ഗുണകരം. ചെറുകിട നിക്ഷേപകര്‍ക്ക് കുറഞ്ഞവിഹിതം നീക്കിവയ്ക്കുന്നത് കൂടുതല്‍ മത്സരാത്മകമാക്കാന്‍ സഹായിക്കുകയും ചെയ്യും.
ഐ.പി.ഒയിലെ ആങ്കര്‍ നിക്ഷേപ വിഭാഗം വിപുലീകരിക്കാനും സെബി ഉദ്ദേശിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കായി ഐ.പി.ഒ ഓപ്പണ്‍ ആകുന്നതിനു മുമ്പ് വലിയ സ്ഥാപന നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കാറുണ്ട്. ഇവരെയാണ് ആങ്കര്‍ നിക്ഷേപകരെന്ന് (anchor investor) പറയുന്നത്. ആങ്കര്‍ നിക്ഷേപകരുടെ ഗണത്തിലേക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍, പെന്‍ഷന്‍ ഫണ്ടുകളെയും ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള വിഹിതം 30 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കിയേക്കും. ഇതില്‍ മൂന്നിലൊന്ന് മ്യൂച്വല്‍ഫണ്ടുകള്‍ക്കും ഏഴ് ശതമാനം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ആക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കും പ്രത്യേക വിഹിതം അനുവദിച്ചിട്ടില്ല. സെബിയുടെ ഈ നിര്‍ദേശം ഓഗസ്റ്റ് 21ഓടെ പൊതു അഭിപ്രായത്തിനായി വച്ചേക്കും.
മ്യൂച്വല്‍ഫണ്ടുകളിലേക്കും മറ്റും ധാരാളം നിക്ഷേപം സ്ഥാപന നിക്ഷേപകരില്‍വരുന്നുണ്ട്. ഈ വിഭാഗം കൂടുതല്‍ കരുത്തുറ്റതാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതാണ് ഇത്തരമൊരു നീക്കത്തിന് സെബിയെ പ്രേരിപ്പിക്കുന്നത്.
SEBI proposes higher share allocation for institutional investors and lower for retail buyers in large IPOs above ₹5,000 crore.
Read DhanamOnline in English
Subscribe to Dhanam Magazine