ചെറുകിട ഓഹരികള്‍ക്ക് ആശ്വാസം: വ്യാപാര ചട്ടം തിരുത്തി സെബി

500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരി വ്യാപാര ചട്ടങ്ങളിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തിരുത്തി സെബി (Securities and Exchange Board of ഇന്ത്യ/SEBI). എന്‍ഹാന്‍സ്ഡ് സര്‍വെയലന്‍സ് മെഷര്‍ (Enhanced Surveillance Measure/ESM) ചട്ടത്തിലെ സ്റ്റേജ് -II ലാണ് മാറ്റം വരുത്തിയത്. ഇ.എസ്.എം സ്റ്റേജ് -II പ്രകാരം ചെറുകിട കമ്പനികളുടെ ഓഹരികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് വ്യാപാരം നടത്താന്‍ അനുമതിയുണ്ടായിരുന്നത്. എന്നാലിനി എല്ലാ വ്യാപാരദിനങ്ങളിലും ട്രേഡ് ചെയ്യാം. ജൂലൈ 24 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.

ആശ്വാസ നടപടി
അടിസ്ഥാനപരമായി കരുത്തുറ്റ ചെറു ഓഹരികൾക്ക് പുതു ജീവൻ ലഭിക്കാൻ നിയന്ത്രണം നീക്കുന്നത് വഴി സാധിക്കും. നിക്ഷേപകരെ സംബന്ധിച്ച് ചെറിയ മുതൽ മുടക്കിൽ ലാഭം നേടാനുമാകും.
ജൂണ്‍ നാലിനാണ് ഓഹരിയിൽ ഉയര്‍ന്ന വില വ്യതിയാനമുള്ള, 500 കോടി രൂപയില്‍ താഴെ വിപണി മൂല്യം വരുന്ന സൂക്ഷ്മ-ചെറുകിട കമ്പനികള്‍ക്കായി ഇ.എസ്.എം ചട്ടക്കൂട് അവതരിപ്പിച്ചത്. ആഴ്ചയിൽ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമാണ് ഈ ഓഹരികള്‍ക്ക് വ്യാപാരം ചെയ്യാനാകുക. ഓഹരി വിറ്റഴിക്കണമെങ്കിൽ അടുത്ത ആഴ്ച വരെ കാത്തിരിക്കണം. ഇത് കമ്പനികളുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് പല സ്ഥലത്തുനിന്നും ആരോപണങ്ങളുയര്‍ന്നിരുന്നു.
സ്വതന്ത്രമായി ഓഹരി വിറ്റഴിക്കാനാകാതെ വരുന്നത് നിക്ഷേപകര്‍ക്ക് ബാധ്യതയായി മാറുകയും ഇത്തരം ഓഹരികളില്‍ നിന്ന് പിന്തിരിയുന്നതിന് ഇടയാക്കുകയും ചെയ്യും. മാത്രമല്ല ഓഹരികള്‍ പണയം വച്ച് വായ്പയെടുക്കന്ന കമ്പനികള്‍ക്ക് യഥാര്‍ത്ഥ വില ലഭിക്കാതെ പോകുന്ന സാഹചര്യവുമുണ്ടായിരുന്നു.

ട്രൈബ്യൂണലിനെ സമീപിച്ച് മെര്‍ക്കുറി ഇ.വി ടെക്

ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഇലക്ട്രിക് വാഹന കമ്പനിയായ മെര്‍ക്കുറി ഇവി ടെക് കഴിഞ്ഞ ആഴ്ച ഈ നിയമത്തിനെതിരെ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പ്രതിദിനം 10 ലക്ഷം മുതല്‍ 30 ലക്ഷം വരെ ഓഹരി ഇടപാട് നടന്നിരുന്ന കമ്പനിക്ക് ഇ.എസ്.എം അവതരിപ്പിച്ചശേഷം 20,000-50,000 നിലവാരത്തിലാണ് ഇടപാടുകള്‍ നടക്കുന്നതെന്ന് കമ്പനി പറയുന്നു. അടുത്ത ഹിയറിംഗ് ജൂലൈ 25 നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടെയാണ് നിയന്ത്രണത്തിൽ സെബി മാറ്റം വരുത്തിയിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it