ഓപ്ഷന്‍ ട്രേഡിങ്ങില്‍ എല്ലാവര്‍ക്കും കൈപൊള്ളുന്നു; ലാഭമുണ്ടാക്കുന്നത് 10 ല്‍ ഒരാള്‍ മാത്രം

ഓഹരി വിപണിയില്‍ ഫ്യൂച്ചര്‍ ആന്റ് ഓപ്ഷന്‍ (എഫ് ആന്റ് ഒ) ട്രേഡിങ്ങ് നടത്തുന്നവരില്‍ മഹാഭൂരിപക്ഷത്തിനും കച്ചവടം നഷ്ടമെന്ന് സെബിയുടെ പഠനം. ലാഭമുണ്ടാക്കിയത് 10 ല്‍ ഒരാള്‍ മാത്രം. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കനുസരിച്ച് 93 ശതമാനം വ്യക്തിഗത ട്രേഡര്‍മാര്‍ക്കും നഷ്ടമാണ് സംഭവിച്ചത്. മൂന്നു വര്‍ഷം കൊണ്ട് ഇവര്‍ക്ക് വന്ന നഷ്ടം 1.8 ലക്ഷം കോടി രൂപയാണെന്നും പഠനത്തില്‍ പറയുന്നു. 2022 വര്‍ഷത്തേക്കാൾ ഇപ്പോള്‍ ട്രേഡര്‍മാരുടെ നഷ്ടം കൂടിയിരിക്കുകയാണ്. അന്ന് 89 ശതമാനം പേര്‍ക്കായിരുന്നു നഷ്ടം. ഇപ്പോള്‍ അത് 93 ശതമാനമായി. അതേസമയം, ഈ മേഖലയിലേക്ക് കടന്നു വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്.

ശരാശരി നഷ്ടം 2 ലക്ഷം രൂപ

ഒരു കോടിയിലേറെ വരുന്ന എഫ് ആന്റ് ഒ ട്രേഡര്‍മാരില്‍ 93 ശതമാനം പേര്‍ മൂന്നു വര്‍ഷത്തിനിടെ രണ്ട് ലക്ഷം രൂപയെങ്കിലും നഷ്ടപ്പെട്ടവരാണെന്നാണ് പഠനത്തില്‍ പറയുന്നത്. നഷ്ടത്തിന്റെ പട്ടികയില്‍ മുന്നിലുള്ളവര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഓരോരുത്തര്‍ക്കും മൂന്നു വര്‍ഷത്തിനിടെ 28 ലക്ഷം രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്. നാലു ലക്ഷം ട്രേഡര്‍മാര്‍ ഈ ഗണത്തില്‍ പെടുന്നവരാണ്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞത് ഒരു ശതമാനം പേര്‍ക്ക് മാത്രം. വ്യക്തിഗത ട്രേഡര്‍മാര്‍ നഷ്ടത്തില്‍ മുങ്ങുമ്പോള്‍ ട്രേഡിങ്ങ് സ്ഥാപനങ്ങൾ ലാഭമുണ്ടാക്കുന്നുണ്ട്. പ്രൊപ്പൈറ്ററി ട്രേഡര്‍മാരും ഫോറിന്‍ പോര്‍ട്ടഫോളിയോ ഇന്‍വെസ്റ്റര്‍മാരും വലിയ നേട്ടമാണ് കൊയ്തത്. ആദ്യ വിഭാഗത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലുണ്ടായത് 33,000 കോടി രൂപയുടെ ലാഭം. രണ്ടാമത്തെ വിഭാഗത്തിന് 28,000 കോടിയുടെയും. അതേസമയം വ്യക്തിഗത ട്രേഡര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷം 61,000 കോടിയുടെ നഷ്ടമുണ്ടായി. ട്രേഡിങ്ങ് അല്‍ഗൊരിതം ഉപയോഗപ്പെടുത്തി ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളാണ് വന്‍ ലാഭമുണ്ടാക്കുന്നത്. ഇവരില്‍ 97 ശതമാനവും ലാഭമുണ്ടാക്കുന്നവരാണ്. ബ്രോക്കറേജ് ഫീസ്, എക്‌സ്‌ചേഞ്ച് ഫീസ് തുടങ്ങിയ ഇനങ്ങളിലും വലിയ തുകയാണ് ട്രേഡര്‍മാര്‍ ചെലവിട്ടത്. കഴിഞ്ഞ വര്‍ഷം ഈ കണക്കില്‍ ഓരോ വ്യക്തിയും 26,000 രൂപ വീതമാണ് നല്‍കിയത്. മൂന്നു വര്‍ഷത്തിനിടെ 50,000 കോടി രൂപയാണ് ഇടപാടുകള്‍ക്കുള്ള ഫീസായി ഒടുക്കിയത്.

യുവാക്കളുടെ എണ്ണം കൂടുന്നു

എഫ്.ആന്റ് ഒ ട്രേഡിങ്ങിലേക്ക് കടന്നുവരുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്. 30 വയസില്‍ താഴെയുള്ള ട്രേഡര്‍മാരുടെ ശതമാനം ഈ വര്‍ഷം 43 ആയി. 2022 ല്‍ 31 ശതമാനമായിരുന്നു. സാമ്പത്തിക വളര്‍ച്ചയുള്ള ബി30 നഗരങ്ങളില്‍ നിന്നുള്ളവരാണ് (72 ശതമാനം) ഇപ്പോള്‍ ഈ വ്യാപാരത്തില്‍ കൂടുതലുള്ളത്. മൂച്ച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നവരെക്കാള്‍ (62 ശതമാനം) കൂടുതലാണിത്. എഫ് ആന്റ് ഒ നിക്ഷേപകരില്‍ 75 ശതമാനം പേരും അഞ്ചു ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ളവരാണ്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നഷ്ടം നേരിട്ടിട്ടും 75 ശതമാനം പേരും എഫ് ആന്റ ഒ ട്രേഡിങ്ങ് തുടരുന്നതായും സെബിയുടെ പഠനത്തില്‍ പറയുന്നു.

Related Articles

Next Story

Videos

Share it