ഓഹരി വിറ്റാല്‍ ഉടനടി പണം; തത്ക്ഷണ സെറ്റില്‍മെന്റ് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ സെബി
സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഓഹരി വ്യാപാരങ്ങളുടെ തത്ക്ഷണ സെറ്റില്‍മെന്റ് ഘട്ടംഘട്ടമായി നടപ്പാക്കാനൊരുങ്ങി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). 2024 മാര്‍ച്ചോടെ വ്യാപാരങ്ങളുടെ സെറ്റില്‍മെന്റ് അതേ ദിവസം (T+0 ) നടപ്പാക്കാനും പിന്നാലെ തത്ക്ഷണ സെറ്റില്‍മെന്റ് നടത്താനും സെബി ലക്ഷ്യമിടുന്നതായി മുമ്പ് അറിയിച്ചിരുന്നു. ഇടപാടുകള്‍ തത്സമയ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നതാണ് തത്ക്ഷണ സെറ്റില്‍മെന്റ്.
ഘട്ടംഘട്ടമായി നടപ്പാക്കും
ആദ്യഘട്ടത്തില്‍ ഉച്ചയ്ക്ക് 1:30 വരെയുള്ള ട്രേഡുകള്‍ക്കായി ഒരു ഓപ്ഷണല്‍ T+0 സെറ്റില്‍മെന്റ് സൈക്കിള്‍ അവതരിപ്പിക്കും, ഫണ്ടുകളുടെയും സെക്യൂരിറ്റികളുടെയും സെറ്റില്‍മെന്റ് അതേ ദിവസം 4:30ന് പൂര്‍ത്തിയാക്കും. ഇതിനായി ഏറ്റവും മികച്ച 500 ഇക്വിറ്റി ഷെയറുകളെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞത് മുതല്‍ ഉയര്‍ന്നത് വരെയുള്ള മൂന്ന് തരങ്ങളായി ലിസ്റ്റുചെയ്ത് അവയുടെ T+0 സെറ്റില്‍മെന്റ് നടത്തും.
രണ്ടാം ഘട്ടത്തില്‍, വൈകീട്ട് 3.30 വരെ ട്രേഡുകള്‍ക്കായി ഓപ്ഷണല്‍ ഇമ്മീഡിയേറ്റ് ട്രേഡ്-ബൈ-ട്രേഡ് സെറ്റില്‍മെന്റ് നടത്തും. നേരത്തെയുള്ള പണമിടപാടുകള്‍ സംബന്ധിച്ച തത്സമയ അറിയിപ്പിനായി ഡിപ്പോസിറ്ററികള്‍ക്കും ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ക്കുമിടയില്‍ API (application programming interface) അടിസ്ഥാനമാക്കിയുള്ള ഇന്റര്‍ഫേസ് നിര്‍മ്മിക്കും. ഒന്നാം ഘട്ടത്തിന് കീഴിലുള്ള എല്ലാ സെക്യൂരിറ്റികളും രണ്ടാം ഘട്ടത്തിന് കീഴില്‍ ലഭ്യമാകും.
വിപണി കാര്യക്ഷമത മെച്ചപ്പെടുത്തും
ഈ നീക്കം നിക്ഷേപകര്‍ക്ക് സെക്യൂരിറ്റികളുടെയും ഫണ്ടുകളുടെയും സെറ്റില്‍മെന്റുകള്‍ വേഗത്തിലാക്കുകയും മൊത്തത്തിലുള്ള വിപണി കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് സെബി പറയുന്നു. 2023 ജനുവരിയില്‍ രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ T+1 സെറ്റില്‍മെന്റിലേക്ക് മാറിയിരുന്നു. വ്യാപാരം നടത്തി അടുത്ത പ്രവൃത്തി ദിവസം തന്നെ അവ തീര്‍പ്പാക്കുന്ന സംവിധാനമാണിത്. നേരത്തെ ഇത് T+2 (രണ്ട് ദിവസത്തിനുള്ളില്‍) സംവിധാനമായിരുന്നു.