പുതിയ നീക്കവുമായി സെബി, ഓഹരി വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഡീമാറ്റ് അക്കൗണ്ടിലെത്തും

ഓഹരി വാങ്ങല്‍, വില്‍ക്കല്‍ ഇടപാട് നടപടികള്‍ ഒരു മണിക്കൂറില്‍ തന്നെ പൂര്‍ത്തിയാക്കാവുന്ന സംവിധാനം അവതരിപ്പിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 2024 മാര്‍ച്ചോടെ സംവിധാനം പ്രാബല്യത്തില്‍ വന്നേക്കും. തല്‍ക്ഷണ സെറ്റില്‍മെന്റ് രീതിയും ഉണ്ടാകുമെന്ന് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2023ല്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് പറഞ്ഞു.

ട്രേഡ്-പ്ലസ്-വണ്‍ സെറ്റില്‍മെന്റുകള്‍

2023 ജനുവരിയില്‍ ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ചെറുതും വേഗമേറിയതുമായ 'ട്രേഡ്-പ്ലസ്-വണ്‍' (T+1) സെറ്റില്‍മെന്റ് സൈക്കിളിലേക്ക് മാറിയിരുന്നു. ഇതില്‍ വ്യാപാരവുമായി ബന്ധപ്പെട്ട എല്ലാ സെറ്റില്‍മെന്റുകളും ട്രേഡ് നടക്കുന്നതിന്റെ അടുത്ത ദിവസം അല്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്നാണ്. അതായത് ഒരു നിക്ഷേപകന്‍ തിങ്കളാഴ്ച 50 ഓഹരികള്‍ വാങ്ങുകയാണെങ്കില്‍ ചൊവ്വാഴ്ച അയാളുടെ ഡീമാറ്റ് അക്കൗണ്ടില്‍ ഇത് പ്രതിഫലിക്കും. ഇത് ഓഹരി വിപണിയില്‍ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു.

ചൈനയ്ക്ക് ശേഷം T+1 വ്യാപാര സെറ്റില്‍മെന്റ് നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. യു.എസും കാനഡയും T+1ലേക്കുള്ള മാറ്റം 2024 മേയില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. T+1ന് മുമ്പ് 'ട്രേഡ്-പ്ലസ്-ടൂ' (T+2) റോളിംഗ് സെറ്റില്‍മെന്റാണ് ഇന്ത്യ പിന്തുടര്‍ന്നിരുന്നത്.

തല്‍ക്ഷണ സെറ്റില്‍മെന്റുകള്‍ വരുമ്പോള്‍

ചെറിയ സെറ്റില്‍മെന്റ് സൈക്കിള്‍ മെച്ചപ്പെട്ട നിക്ഷേപക സംരക്ഷണം, സാമ്പത്തിക വ്യവസ്ഥയിലെ അപകടസാധ്യത കുറയ്ക്കല്‍, സെക്യൂരിറ്റീസ് വിപണിയിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ നല്‍കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it