

ചെറിയ നേട്ടത്തിൽ ഇന്ന് വ്യാപാരം തുടങ്ങിയ ആഭ്യന്തര ഓഹരി വിപണി താമസിയാതെ മികച്ച നേട്ടത്തിലേക്കു കയറി. നിഫ്റ്റി സൂചിക രാവിലെ 24,510 വരെയും സെൻസെക്സ് 79,040 വരെയും മുന്നേറ്റം കുറിച്ചു. ബാങ്ക് നിഫ്റ്റി 1.1 ശതമാനം കുതിച്ചു. റിയൽറ്റി, മീഡിയ, എഫ്എംസിജി, കൺസ്യൂമർ ഡ്യുറബിൾസ്, ഓട്ടോ, മെറ്റൽ തുടങ്ങിയ പ്രധാന മേഖലകൾ മികച്ച മുന്നേറ്റം നടത്തി.
വിദേശ ബ്രോക്കറേജ് ജെഫറീസ്, സിമൻ്റ് ഭീമൻ അൾട്രാടെക് ലിമിറ്റഡിന് 14,025 രൂപ ലക്ഷ്യവില നിശ്ചയിച്ചു വാങ്ങൽ ശിപാർശ നൽകി. പക്ഷേ ഓഹരി ഇന്നു താഴ്ന്നു. പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 4,662 രൂപ ലക്ഷ്യവില നിർണയിച്ച നൊമുറ വാങ്ങൽ ശിപാർശ ചെയ്തു. പ്രതീക്ഷച്ചതിലും മികച്ച നാലാം പാദ സാമ്പത്തിക ഫലത്തെ തുടർന്ന് സിറ്റി ഗ്രൂപ്പ്, ഗ്രോയുടെ ലക്ഷ്യവില 230 രൂപയായി ഉയർത്തി. യുബിഎസ് 210 രൂപയാണു നിർണയിച്ചത്. ആവേശകരമായ നാലാം പാദഫലത്തെ തുടർന്നു പിഎൻബി ഹൗസിംഗ് ഫിനാൻസ് ഓഹരി പത്തു ശതമാനം വരെ ഉയർന്നു.
പ്രസിഡൻ്റ് ട്രംപ് ആദ്യം ചുമത്തിയ അധികത്തീരുവ നിയമവിരുദ്ധമാണെന്ന യു.എസ്. സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് ആ തീരുവ തിരിച്ചു നൽകാൻ തുടങ്ങി. തിരിച്ചു പണം കിട്ടാനുള്ള കയറ്റുമതി കമ്പനികൾ പലതിൻ്റെയും ഓഹരിവില ഇന്നു കയറി. കിറ്റെക്സ് ഗാർമെൻ്റ്സ്, ഗോകൽദാസ് എക്‌സ്പോർട്സ്, വെൽസ്പൺ, അരവിന്ദ്, അപെക്സ് ഫ്രോസൺ ഫുഡ്‌സ്, അവന്തി ഫീഡ്സ്, വാട്ടർ ബേസ് തുടങ്ങിയവ അഞ്ചു ശതമാനം വരെ ഉയർന്നു. നാലാം പാദത്തിൽ മികച്ച ലാഭമാർജിനും ലാഭവളർച്ചയും കാഴ്ചവച്ച നെൽകോ ലിമിറ്റഡ് ഓഹരി 14 ശതമാനം വരെ കുതിച്ചു കയറി.
രൂപ ഇന്നും തുടക്കത്തിൽ ദുർബലമായി. ഡോളർ 18 പൈസ (0.20 ശതമാനം) ഉയർന്ന് 93.31 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 93.36 രൂപയിലേക്കു കയറി. രൂപ -ഡോളർ ഫോർവേഡ് വ്യാപാരത്തിന് ഏപ്രിൽ ഒന്നാം തീയതി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇന്നലെ വൈകുന്നേരം റിസർവ് ബാങ്ക് പിൻവലിച്ചിരുന്നു. അതും പശ്ചിമേഷ്യൻ സാഹചര്യവും ചേർന്നാണു രൂപയെ ഇന്നു ദുർബലമാക്കിത്
സ്വർണം ലോകവിപണിയിൽ ഇടിഞ്ഞ് ഔൺസിന് 4,797 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വിലമാറ്റം ഇല്ലാതെ 1,13,880 രൂപയിൽ തുടർന്നു. ക്രൂഡ് ഓയിൽ അൽപം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 95.15 ഡോളറിൽ എത്തിയിട്ട് 94.79-ലേക്കു താഴ്ന്നു. ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ വില 88.59 ഡോളറിൽ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine