ലാഭവിഹിതം നേടാൻ സുവർണാവസരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികൾ വിപണിയിലേക്ക്, ലക്ഷ്യം 5,000 കോടി രൂപ

ഫ്ലോർ പ്രൈസ് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയേക്കാൾ ഏകദേശം 10 ശതമാനം ഡിസ്കൗണ്ടിലാണ് നിശ്ചയിച്ചിരിക്കുന്നത്
share market
Image courtesy: Canva
Published on

പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യയുടെ (Coal India) 2 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഓഫർ ഫോർ സെയിൽ (OFS) വഴി നടക്കുന്ന ഈ വിൽപനയിലൂടെ 5,000 കോടി രൂപയിലധികം സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓഹരി വിൽപനയ്ക്കായി സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫ്ലോർ പ്രൈസ് (Floor Price) 412 രൂപയാണ്. ഇത് എൻഎസ്ഇ-യിലെ (NSE) കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 458.15 രൂപയേക്കാൾ ഏകദേശം 10 ശതമാനം ഡിസ്കൗണ്ടിലാണ് നിശ്ചയിച്ചിരിക്കുന്നത്.

63% ത്തിലധികം സർക്കാരിന്റെ കൈവശം

ആകെ 12.32 കോടി ഓഹരികളാണ് വിൽപനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 1 ശതമാനം ഓഹരികൾ (6.16 കോടി) അടിസ്ഥാന ഓഫറായും, ബാക്കി 1 ശതമാനം ഓവർസബ്‌സ്‌ക്രിപ്ഷൻ ഓപ്ഷനായും (Greenshoe Option) ഉൾപ്പെടുത്തിയിട്ടുണ്ട്. മെയ് 27 ന് സ്ഥാപന നിക്ഷേപകർക്കായി (Non-retail) വിൽപന ആരംഭിച്ചു. ബക്രീദ് പ്രമാണിച്ച് മെയ് 28 ന് വിപണിക്ക് അവധിയായതിനാൽ, മെയ് 29 നാണ് ചെറുകിട നിക്ഷേപകർക്കും (Retail) ജീവനക്കാർക്കും ഓഹരികൾക്കായി അപേക്ഷിക്കാൻ സാധിക്കുക. 2026 മാർച്ച് 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ 63 ശതമാനത്തിലധികം ഓഹരികളും സർക്കാരിന്റെ കൈവശമാണ്.

സാമ്പത്തിക നില

കഴിഞ്ഞ പാദങ്ങളിലെ കമ്പനിയുടെ സാമ്പത്തിക പ്രകടനം മികച്ചതാണ്. മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 12 ശതമാനം വർദ്ധിച്ച് 10,908 കോടി രൂപയായി ഉയർന്നു. പ്രവർത്തന വരുമാനം 6 ശതമാനം വർദ്ധനവോടെ 46,490 കോടി രൂപയിലെത്തി. കൂടാതെ, ഓഹരിയൊന്നിന് 5.25 രൂപ വീതം ലാഭവിഹിതം (Dividend) നൽകാനും ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോൾ ഇന്ത്യ ഓഹരികൾ 202 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് നൽകിയിട്ടുള്ളത്. നിലവിൽ 2.7 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് (Market cap) കമ്പനിക്കുള്ളത്.

അതേസമയം, ഓഹരികൾ വിറ്റഴിക്കാനുളള വാര്‍ത്തയെ തുടര്‍ന്ന് ഇന്ന് (ബുധനാഴ്ച) വ്യാപാരം ആരംഭിച്ചപ്പോള്‍ കോൾ ഇന്ത്യയുടെ ഓഹരി വിലയിൽ 6 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. തുടര്‍ന്ന് നഷ്ടം കുറച്ച ഓഹരി 2 ശതമാനത്തിലധികം ഇടിവില്‍ 447 രൂപയിലെത്തി.

Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com