Stock market closing points
Canva, NSE, BSE

പ്രതീക്ഷകള്‍ വാനോളം, അവസാന മണിക്കൂറുകളിലെ ലാഭമെടുപ്പിലും വീഴാതെ വിപണി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കിറ്റെക്‌സും നഷ്ടത്തില്‍

തുടര്‍ച്ചയായ ആറാം ദിവസമാണ് നിഫ്റ്റി ലാഭത്തില്‍ വ്യാപാരം നിറുത്തുന്നത്
Published on

അവസാന മണിക്കൂറുകളിലെ ലാഭമെടുപ്പില്‍ വീഴാതെ ഓഹരി സൂചികകളില്‍ പച്ചവെളിച്ചം. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ബുധനാഴ്ച വ്യാപാരം ഇന്‍ട്രാഡേയില്‍ മികച്ച ഉയരങ്ങളിലെത്തിയെങ്കിലും ഉച്ചയോടെ ഫിനാന്‍ഷ്യല്‍, എഫ്.എം.സി.ജി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായി. ഇതോടെ താഴേക്കിറങ്ങിയ സൂചികകള്‍ ഭേദപ്പെട്ട നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വ്യാപാര സൂചനകള്‍ പോസിറ്റീവായതും വിപണിക്ക് തുണയായി.

മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് വ്യാപാരാന്ത്യം 123 പോയിന്റുകള്‍ (0.15 ശതമാനം) ഉയര്‍ന്ന് 82,515.14 എന്ന നിലയിലെത്തി. നിഫ്റ്റിയാകട്ടെ 37 പോയിന്റുകള്‍ (0.15 ശതമാനം) ഉയര്‍ന്ന് 25,141.40 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ ആറാം ദിവസമാണ് നിഫ്റ്റി നേട്ടത്തില്‍ വ്യാപാരം നിറുത്തുന്നത്. എന്നാല്‍ നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.49 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.53 ശതമാനവും നഷ്ടത്തിലായി.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ.ടി എന്നീ സൂചികകളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇരുസൂചികകളും യഥാക്രമം 1.26 ശതമാനവും 1.47 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി ഓട്ടോ, ഫാര്‍മ, റിയല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ് എന്നീ സൂചികകളും ഇന്ന് നേട്ടത്തിലായിരുന്നു. വില്‍പ്പന സമ്മര്‍ദ്ദം ശക്തമായ നിഫ്റ്റി എഫ്.എം.സി.ജി സൂചികയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 0.67 ശതമാനമാണ് ഇന്നത്തെ നഷ്ടം. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, മീഡിയ, മെറ്റല്‍, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയും നഷ്ടത്തിലായിരുന്നു.

വിപണിയെ സ്വാധീനിച്ചതെന്ത്?

ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ യു.എസുമായി നടത്തുന്ന വ്യാപാര ചര്‍ച്ചകള്‍ ഫലം കാണുന്നുവെന്ന സൂചനയാണ് ഇന്ന് വിപണിയെ നയിച്ചത്. ഒപ്പം വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായതും വിപണിക്ക് തുണയായി. ഫ്‌ളാറ്റായി വ്യാപാരം തുടങ്ങിയ വിപണി ആദ്യ പകുതിയില്‍ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് പതിഞ്ഞ താളത്തില്‍ വ്യാപാരം നിറുത്തുകയായിരുന്നു.

ലാഭവും നഷ്ടവും

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിനേട്ടം ലഭിക്കുമെന്ന സൂചന നല്‍കി ബ്രോക്കറേജുകള്‍ ബൈ (Buy) റേറ്റിംഗ് നല്‍കിയതിനെ തുടര്‍ന്ന് 6.63 ശതമാനം ഉയര്‍ന്ന ഓയില്‍ ഇന്ത്യ ഓഹരികളാണ് ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ നിക്ഷേപകരെത്തിയത് പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയത്തിന്റെയും വില ഉയര്‍ത്തി. ബയോകോണ്‍, എച്ച്.സി.എല്‍ ടെക്‌നോളജീസ്, ഭാരതി ഹെക്‌സാകോം എന്നീ കമ്പനികളും ഇന്ന് മികച്ച നേട്ടത്തിലാണ്.

ഇന്നത്തെ നഷ്ടത്തില്‍ മുന്നില്‍ നിന്നത് ബി.എസ്.ഇ ലിമിറ്റഡ് ഓഹരികളാണെന്നതും ശ്രദ്ധേയം. ഓഹരി വില നിയന്ത്രണത്തില്‍ അധിക നിരീക്ഷണ നടപടി (Additional Surveillance Measure -ASM) വരുന്നുവെന്ന സൂചനയാണ് വിനയായത്. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്, പ്രീമിയര്‍ എനര്‍ജീസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഹിന്ദുസ്ഥാന്‍ സിങ്ക് എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് നഷ്ടത്തിലാണ്.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികള്‍

വിപണിയിലെ കയറ്റിറക്കങ്ങളില്‍ കേരള കമ്പനികളുടെ പ്രകടനവും സമ്മിശ്രമായിരുന്നു. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടോളിന്‍സ് ടയേഴ്‌സാണ്. 9.72 ശതമാനമാണ് ഇന്ന് കമ്പനി ഓഹരികള്‍ കുതിച്ചത്. ആഡ്‌ടെക് സിസ്റ്റംസ്, സെല്ല സ്പേസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, പാറ്റ്‌സ്പിന്‍ ഇന്ത്യ, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങിയ കമ്പനികളും ഇന്ന് മികച്ച നേട്ടത്തിലാണ്.

ഇന്നത്തെ വ്യാപാരത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് പോപ്പീസ് കെയര്‍ ഓഹരികളാണ്. 4.98 ശതമാനം ഇടിഞ്ഞ കമ്പനിയുടെ ഓഹരി ലോവര്‍ സര്‍ക്യൂട്ടിലെത്തി. കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് തുടങ്ങിയ കമ്പനികളും ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

On June 11, 2025, Sensex closed up 123 points and Nifty topped 25,140, driven by strong performances in IT and oil‑&‑gas stocks amid global trade optimism.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com