കട്ടച്ചുവപ്പില്‍ വിപണി; തുടര്‍ച്ചയായ ഇടിവ്, കനത്ത നഷ്ടത്തില്‍ ബാങ്ക് ഓഹരികള്‍

വിപണിയിൽ രാവിലെ രക്തച്ചൊരിച്ചിൽ. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ താഴ്ചയില്‍ ക്ഷീണത്തിലായി സൂചികകൾ. 1,130 പോയിന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സും 385 പോയിന്റില്‍ തുടങ്ങിയ നിഫ്റ്റിയും നിലവില്‍ നഷ്ടത്തില്‍ തുടരുന്നു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 1.15 ശതമാനം താഴ്ചയിലാണ്. ബാങ്ക്, ധനകാര്യ സേവന കമ്പനികളാണു തകര്‍ച്ചയ്ക്കു മുന്നില്‍. വാഹന, മെറ്റല്‍, റിയല്‍റ്റി കമ്പനികളും ഇന്ന് ഇടിവിലാണ്.

ന്യൂയോര്‍ക്കില്‍ ബാങ്ക് എ.ഡി.ആര്‍ ഏഴു ശതമാനം താഴ്ന്നതിനെ തുടര്‍ന്ന് പ്രീ ഓപ്പണില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. റെഗുലര്‍ വ്യാപാരത്തില്‍ ആറു ശതമാനത്തോളം താഴ്ചയിലാണ് ഓഹരി. മൂന്നാം പാദ റിസള്‍ട്ടിലെ പല അനുപാതങ്ങളും തൃപ്തികരമല്ലെന്നാണ് വിദേശ ബ്രോക്കറേജുകള്‍ വിലയിരുത്തിയത്.

ബാങ്കിന്റെ വിപണിമൂല്യം 75,000 കോടി രൂപ കുറഞ്ഞു. ഇതിനെ പിന്തുടര്‍ന്നു മിക്ക സ്വകാര്യ ബാങ്കുകളും ഇടിവിലായി. ബാങ്ക് നിഫ്റ്റി രണ്ടര ശതമാനത്തിലധികം താഴ്ന്നു 47,000ന് താഴെയായി.

ഐഷര്‍ മോട്ടോഴ്‌സ് ഓഹരി വില്‍ക്കാനും ഹീറോ മോട്ടോകോര്‍പ് ഓഹരി വാങ്ങാനും വിദേശ ബ്രോക്കറേജ് സി.എല്‍.എസ്.എ ശുപാര്‍ശ ചെയ്തു. പക്ഷേ രണ്ട് ഓഹരികളും താഴ്ന്നു. ഫെയിം2 സ്‌കീമില്‍ സബ്‌സിഡി കുറയും എന്നത് ടിവിഎസ്, ടാറ്റാ തുടങ്ങിയ വാഹന കമ്പനികള്‍ക്കു ക്ഷീണമായി.

മൂന്നാം പാദ റിസള്‍ട്ടിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് ഓഹരിയുടെ ലക്ഷ്യവില 170 രൂപയില്‍ നിന്നു 135 രൂപയായി സിറ്റി താഴ്ത്തി. ഓഹരി ഇന്നു 145.80 രൂപ വരെ താഴ്ന്ന് പിന്നീട് 149 രൂപയിലേക്കു കയറി. അതിനു ശേഷവും താഴ്ച തുടരുന്നു.

മൂന്നാം പാദ റിസള്‍ട്ട് പ്രതീക്ഷയോളം വരാത്തതിനെ തുടര്‍ന്ന് ഇന്നലെ ഇടിവിലായ ഏഞ്ചല്‍ വണ്‍ ബ്രാേക്കിംഗ് ഇന്ന് 3.5 ശതമാനത്തിലധികം കയറി.

ഐ.ടി ഓഹരികള്‍ ഇന്നു നേട്ടത്തിലാണ്.

രൂപ ഇന്നു കൂടുതല്‍ ദുര്‍ബലമായി. ഡോളര്‍ നാലു പൈസ വര്‍ധിച്ച് 83.11 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.15 രൂപയിലേക്കു കയറിയിട്ട് 83.10 രൂപയായി താഴ്ന്നു. കഴിഞ്ഞ ഒരു മാസത്തിലെ താഴ്ന്ന നിരക്കാണിത്.

സ്വര്‍ണം ലോക വിപണിയില്‍ 2024 ഡോളറിലേക്കു താണു. കേരളത്തില്‍ സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 40,160 രൂപയായി.

ക്രൂഡ് ഓയില്‍ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 77.80 ഡോളറാണ്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it