ഓഹരി വിപണിയില്‍ ആശങ്കയുടെ കാര്‍മേഘം, സ്‌കൂബിയും കിറ്റെക്‌സും കൊച്ചിന്‍ ഷിപ്‌യാര്‍ഡും നഷ്ടത്തില്‍, സൂചിക വലിച്ചു താഴ്ത്തിയ കാരണങ്ങള്‍

മൂന്ന് ദിവസം കൊണ്ട് സെന്‍സെക്‌സിലുണ്ടായത് 1,321 പോയിന്റിന്റെ കുറവ്
Nifty & Sensex chart
Published on

യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പണനയപ്രഖ്യാപനത്തിന്റെ ആശങ്കയിലും ആകാംക്ഷയിലുമാണ് മറ്റ് ലോക വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയും. രാവിലെ ആശ്വാസ റാലിക്ക് ശ്രമിച്ച മുഖ്യ സൂചികകള്‍ കാല്‍ ശതമാനം വരെ ഉയര്‍ന്നെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. സെന്‍സെക്‌സ് 275 പോയിന്റ് ഇടിഞ്ഞ് 84,391.27ലും നിഫ്റ്റി 81.65 പോയിന്റ് ഇടിഞ്ഞ് 25,758ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണി ഇടിവോടെ ക്ലോസ് ചെയ്യുന്നത്. മൂന്ന് ദിവസം കൊണ്ട് സെന്‍സെക്‌സിലുണ്ടായത് 1,321 പോയിന്റിന്റെ കുറവ്. നിഫ്റ്റി 1.6 ശതമാനവും ഇടിഞ്ഞു.

വീഴ്ചയ്ക്ക് കാരണങ്ങള്‍ പലത്

ഇന്ത്യന്‍ സമയം വൈകുന്നേരമാണ് പണനയപ്രഖ്യാപനം നടക്കുക. പണനയ കാത്തിരിപ്പിനൊപ്പം വ്യാപാര ആശങ്കകളും വിപണിയെ ബാധിക്കുന്നുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ആഴ്ച യുഎസ് വ്യാപാര പ്രതിനിധികള്‍ ചര്‍ച്ചകള്‍ തുടരുന്നതിനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ടെങ്കിലും, അവധി ദിവസങ്ങള്‍ കാരണം ഡിസംബറില്‍ ഒരു കരാര്‍ അന്തിമമാക്കാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തലുകള്‍. അതേസമയം, വ്യാപാര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ത്തന്നെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതിക്ക് അധിക താരിഫ് (അതായത്, ഇറക്കുമതി തീരുവ) ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത് ഈ വിഷയത്തില്‍ ഉടന്‍ ഒരു പരിഹാരം ഉണ്ടാകാന്‍ സാധ്യതയില്ല എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.

യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഒരു പ്രധാന ആശങ്കയായി തുടരുകയാണ്. കോര്‍പ്പറേറ്റുകള്‍, ഇറക്കുമതിക്കാര്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ എന്നിവരില്‍ നിന്നുള്ള ഡോളറിനായുള്ള വര്‍ധിച്ച ഡിമാന്‍ഡ് കാരണം, ഇന്ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 9 പൈസ ഇടിഞ്ഞ് 89.96 (താത്കാലിക കണക്ക്) എന്ന നിലയില്‍ ക്ലോസ് ചെയ്തു. ഇത് നിക്ഷേപകരുടെ വികാരത്തെ പ്രതികൂലമായി ബാധിച്ചു.

ഇന്ന് മിഡ് ക്യാപ് സൂചിക ഒരു ശതമാനത്തിലധികം ഇടിവിലാണ്. സ്‌മോള്‍ ക്യാപ് സൂചികയും മുഖ്യസൂചികകളേക്കാള്‍ താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയില്‍ മീഡിയ, മെറ്റല്‍, ഫാര്‍മ സൂചികകള്‍ മാത്രമാണ് നേട്ടത്തില്‍ നിലനിന്നത്.

Performance of Nifty Indices
വിവിധ സൂചികകളുടെ പ്രകടനം

ഓഹരികളുടെ കയറ്റവും ഇറക്കവും

കെയ്ന്‍സ്, ഡിക്സണ്‍, ആംബര്‍, പി.ജി. ഇലക്ട്രോ തുടങ്ങിയ ഓഹരികള്‍ 10% വരെ നഷ്ടം രേഖപ്പെടുത്തി . യുഎസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ (എഛങഇ) നിര്‍ണ്ണായക തീരുമാനം വരുന്നതിന് മുന്നോടിയായി മിഡ്ക്യാപ് ഐ.ടി ഓഹരികള്‍ ഇടിഞ്ഞു. പെര്‍സിസ്റ്റന്റ് ഓഹരി 4 ശതമാനം താഴെയെത്തി.

ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഓഹരികള്‍ ഇന്നലെത്തെ നഷ്ടം തുടര്‍ന്നു. ബിഎസ്ഇ, എയ്ഞ്ചല്‍ വണ്‍, ഗ്രോവ് എന്നിവ അഞ്ച് ശതമാനം വരെ നഷ്ടത്തിലായിരുന്നു.

ശൈത്യകാല ഷെഡ്യൂള്‍ 10 ശതമാനം കുറയ്ക്കാന്‍ ഡി.ജി.സി.എ നിര്‍ദ്ദേശിച്ചത് ഇന്‍ഡിഗോ ഓഹരികളെ മൂന്ന് ശതമാനം താഴ്ത്തി.

ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ മെറ്റല്‍ ഓഹരികള്‍ നേരിയ മുന്നേറ്റം രേഖപ്പെടുത്തി. വേദാന്ത, ഹിന്‍ഡാല്‍കോ എന്നിവ ഓരോ ശതമാനം വീതം ഉയര്‍ന്നു.

വെള്ളി വില സര്‍വകാല റെക്കോര്‍ഡിലെത്തിയതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി 4 ശതമാനം ഉയര്‍ന്നു.

Gainers & Losers of Nifty 200
ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

വിദേശ നിക്ഷേപ പരിധി 74 ശതമാനം ആയി ഉയര്‍ത്താനുള്ള ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ എ.യു. സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി 2 ശതമാനം നേട്ടമുണ്ടാക്കി.

വിപണിയിലെ നഷ്ടത്തിനിടയിലും ഇന്ന് ലിസ്റ്റ് ചെയ്ത മൂന്ന് ഓഹരികള്‍ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. മീഷോ ഓഹരി 161 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അഞ്ച് ശതമാനം ഉയര്‍ന്ന് 170.20 രൂപയിലെത്തിയായിരുന്നു ക്ലോസിംഗ്. 140 രൂപയില്‍ വ്യാപാരം തുടങ്ങിയ എക്വിസ് എട്ട് ശതമാനം വരെ ഉയര്‍ന്ന് 151.50 രൂപയിലെത്തി. വിദ്യ വയേഴ്‌സ് രണ്ട് ശതമാനത്തോളം ഉയര്‍ന്ന് 53.14 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

തിളക്കമില്ലാതെ കേരള ഓഹരികളും

വിപണിയുടെ പൊതു സ്വഭാവത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്ന് കേരള ഓഹരികളുടെയും പ്രകടനം. കാര്യമായ നേട്ടം കാഴ്ചവയ്ക്കാന്‍ മുഖ്യ ഓഹരികള്‍ക്കൊന്നും സാധിച്ചില്ല.

Performance of Kerlala stocks
കേരള ഓഹരികളുടെ പ്രകടനം

കല്യാണ്‍ ജുവലേഴ്‌സ്, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് എന്നിവ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ ഇടിവിലായിരുന്നു. അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, വി-ഗാര്‍ഡ് എന്നിവയും നഷ്ടം രേഖപ്പെടുത്തി. കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ ധനലക്ഷ്മി ബാങ്ക് നേരിയ നേട്ടത്തില്‍ പിടിച്ചു നിന്നപ്പോള്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക് എന്നിവ നഷ്ടം രുചിച്ചു.

പാതിയോളം കമ്പനികള്‍ നേട്ടത്തിലെത്തിയെങ്കിലും രണ്ട് ശതമാനത്തിനു മേല്‍ നേട്ടം രേഖപ്പെടുത്തയത് പാറ്റ്‌സ്പിന്‍ ഇന്ത്യയും പോപ്പുലര്‍ വെഹിക്കിള്‍സും മാത്രമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com