

കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് കടന്നുപോകുന്നത്. വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പന സമ്മർദം, ട്രംപ് താരിഫ്, ജിയോപൊളിറ്റിക്കൽ പ്രതികൂല ഘടകങ്ങൾ എന്നിവയൊക്കെയായിരുന്നു ഇതിനുള്ള പ്രധാന കാരണങ്ങൾ. ഇതിനിടെ ഇക്കഴിഞ്ഞ ജനുവരിയിൽ യു.എസും യൂറോപ്പുമായി ഇന്ത്യ വമ്പൻ വ്യാപാര കരാറുകളിൽ എത്തിച്ചേർന്നതോടെ വിപണിയിൽ വീണ്ടും അനുകൂലാവസ്ഥ തലപൊങ്ങുമെന്ന പ്രതീക്ഷ സജീവമായി.
എന്നാൽ കഴിഞ്ഞയാഴ്ച യുഎസ് കമ്പനി ആന്ത്രോപിക് പുറത്തുവിട്ട ക്ലോഡ് കോവർക്കിന്റെ പുതിയ പതിപ്പോടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ അതിവേഗം മുന്നേറുകയാണെന്നും ഇനി പരമ്പാരഗത ഐടി കമ്പനികൾക്ക് അധികം ഭാവിയില്ലെന്നുമുള്ള നിഗമനം ശക്തമായതോടെ 28,000 കോടി ഡോളറിന്റെ ഇന്ത്യൻ സോഫ്റ്റ്‍വെയർ മേഖലയും വിറച്ചുതുടങ്ങി. എഐ കുതിപ്പിൽ ഓഹരി വിപണി വീഴുമോയെന്ന സംശയം വിവിധകോണുകളിൽ നിന്നുമുയരുന്നു. എന്നാൽ വിപണി ഇടവേളകളിൽ നേരിടുന്ന വമ്പൻ തിരിച്ചടി പുതുമയല്ലെന്നും വേഗത്തിൽ കരകയറി മുന്നേറ്റം തുടരുന്നതാണ് ശീലമെന്നുമാണ് 46 വർഷത്തെ സെൻസെക്സ് സൂചികയുടെ ചരിത്രം വെളിവാക്കുന്നത്.
ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ ഫണ്ട്സ്ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ വിപണിയുടെ 1980 മുതൽ 2026 വരെയുള്ള ചരിത്രം നോക്കിയാൽ, ഓരോ 7-10 വർഷത്തെ ഇടവേളകളിലും ഇന്ത്യൻ വിപണിയിൽ 30 മുതൽ 60 ശതമാനം വരെ ഇടിവ് നേരിട്ട വമ്പൻ വീഴ്ചകൾ കുറിച്ചിട്ടുണ്ട്. 1988 (-41%), 1991 (-39%), 1992 (-54%), 2001 (-56%), 2008 (-61%), 2020 (-38%) എന്നിങ്ങനെയാണത്. എന്നാൽ ആഭ്യന്തര വിപണിയിൽ നേരിട്ട ഈ വമ്പൻ തിരിച്ചടികളിൽ നിന്നൊക്കെ പൊതുവേ നിക്ഷേപകർ പ്രതീക്ഷിച്ചതിലും അതിവേഗത്തിൽ കരകയറിട്ടുണ്ടെന്നാണ് സെൻസെക്സിന്റെ ദീർഘകാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.
30 ശതമാനത്തിനുമേൽ ഇന്ത്യൻ വിപണി തിരിച്ചടി നേരിട്ട വേളയിൽ തൊട്ടുപിന്നാലെയുള്ള 2-3 വർഷത്തിനകം വിപണി നഷ്ടം മറികടന്ന് നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. 40 ശതമാനത്തിനുമേൽ വീണപ്പോഴൊക്കെ പിന്നാലെയുള്ള 2-3 വർഷത്തിനകം നേരിട്ട നഷ്ടങ്ങളൊക്കെ മായ്ച്ചുകളയാൻ സെൻസെക്സിന് സാധിച്ചിട്ടുണ്ട്. 50 ശതമാന് മുകളിൽ തിരിച്ചടി നേരിട്ട മൂന്ന് സന്ദർഭത്തിലും പിന്നീടുള്ള 1-2 വർഷത്തിനകം ഇന്ത്യൻ വിപണി നേട്ടത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളതായും കാണാം.
വിപണിയിൽ ചാഞ്ചാട്ടം ഇടയ്ക്കിടെ തലപൊക്കിയാലും 46 വർഷത്തിനിടെ സെൻസെക്സ് സൂചിക 15.2 ശതമാനം വീതം സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തിയതായി കാണാം. ഇടവേളകളിൽ 10-20 ശതമാനം തിരുത്തൽ വിപണിയിൽ സാധാരണയാണ്. എന്നിരുന്നാലും നാലര പതിറ്റാണ്ടിനിടയിലെ 80 ശതമാനം കലണ്ടർ വർഷങ്ങളിലും സെൻസെക്സ് നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയിട്ടുള്ളത്.
ചുരുക്കത്തിൽ വിപണിയുടെ ഭാഗമാണ് കയറ്റിറക്കങ്ങൾ. എന്നാൽ അച്ചടക്കത്തോടെ നിക്ഷേപം തുടരുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താൽ നേട്ടം തേടിയെത്തുമെന്നാണ് സെൻസെക്സിന്റെ ദീർഘകാല ചരിത്രം വെളിപ്പെടുത്തുന്നതെന്ന് സാരം.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine