ശുഭ മുഹൂർത്തം ആഘോഷമാക്കി സെൻസെക്സും നിഫ്റ്റിയും; ഓരോ സെക്കന്‍ഡിലും നേട്ടം ₹62 കോടി

ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള ഐശ്വര്യവര്‍ഷമായ സംവത്-2080ലേക്ക് ശുഭ മുഹൂര്‍ത്തത്തില്‍ നല്ല നേട്ടത്തോടെ ചുവടുവച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഇന്ന് 6.15 മുതല്‍ 7.15 വരെ നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സ് 354 പോയിന്റും (0.55%) നിഫ്റ്റി 100 പോയിന്റും (0.52%) മുന്നേറി. സെന്‍സെക്‌സ് 65,259ലും നിഫ്റ്റി 19,525ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

മുഹൂര്‍ത്ത വ്യാപാരത്തിന് മുന്നോടിയായുള്ള 15 മിനിട്ട് പ്രീ-സെഷനില്‍ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറിയിരുന്നു. നിഫ്റ്റി ഒരുവേള 19,580 പോയിന്റും കടന്നിരുന്നു. മുഹൂര്‍ത്ത വ്യാപാരത്തില്‍ നിഫ്റ്റി 50ല്‍ 43 ഓഹരികള്‍ നേട്ടത്തിലേറി; 7 ഓഹരികളുടെ വില താഴ്ന്നു.
ബി.എസ്.ഇയില്‍ 2,904 ഓഹരികള്‍ നേട്ടത്തിലും 688 എണ്ണം താഴ്ചയിലുമായിരുന്നു. 121 ഓഹരികളുടെ വില മാറിയില്ല. 269 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 21 എണ്ണം താഴ്ചയിലുമായിരുന്നു. 16 കമ്പനികള്‍ അപ്പര്‍-സര്‍കീട്ടിലുണ്ടായിരുന്നു. 13 ഓഹരികള്‍ ലോവര്‍-സര്‍കീട്ടിലും. ബി.എസ്.ഇയിലെ കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 2.22 ലക്ഷം കോടി രൂപ ഉയര്‍ന്ന് 322.48 ലക്ഷം കോടി രൂപയിലുമെത്തി. മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓരോ സെക്കന്‍ഡിലും 62 കോടി രൂപവീതം നേട്ടമാണ് നിക്ഷേപകര്‍ കൊയ്‌തെടുത്തത്.
മിന്നിത്തിളങ്ങി വിശാല വിപണി
മുഖ്യ ഓഹരി സൂചികകളുടെ മുന്നേറ്റത്തെ കവച്ചുവച്ച പ്രകടനമാണ് വിശാല വിപണി (Broader Markets) നടത്തിയത്. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 1.14 ശതമാനവും മിഡ്ക്യാപ്പ് 0.61 ശതമാനം നേട്ടത്തിലേറി.
0.75 ശതമാനമാണ് നിഫ്റ്റി ഐ.ടി സൂചികയുടെ കുതിപ്പ്. നിഫ്റ്റി മെറ്റലും റിയല്‍റ്റിയും 0.60 ശതമാനം വീതം നേട്ടവും രേഖപ്പെടുത്തി തിളങ്ങി.
ദീപാവലി ആഘോഷമാക്കി ഇവര്‍
കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, വിപ്രോ, എന്‍.ടി.പി.സി., ടൈറ്റന്‍, ടി.സി.എസ്., ടാറ്റാ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, യു.പി.എല്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. കോള്‍ ഇന്ത്യ മൂന്ന് ശതമാനം മുന്നേറി. ബ്രിട്ടാനിയ, അപ്പോളോ ഹോസ്പിറ്റല്‍സ്, എല്‍.ടി.ഐ മൈന്‍ഡ്ട്രീ, സണ്‍ഫാര്‍മ എന്നിവ നഷ്ടത്തിലാണ്.
ഇന്ത്യന്‍ ഓഹരി സൂചികകളുടെ കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ രണ്ടാമത്തെയും 15 വര്‍ഷത്തിനിടെയിലും മൂന്നാമത്തെയും ഏറ്റവും മികച്ച മുഹൂര്‍ത്ത വ്യാപാരമായിരുന്നു ഇന്നത്തേത്.

എന്താണ് മുഹൂര്‍ത്ത വ്യാപാരം?

ഉത്തരേന്ത്യയിലെ ഹൈന്ദവര്‍, പ്രത്യേകിച്ച് ഗുജറാത്തുകാര്‍ ഐശ്വര്യവര്‍ഷമായി കാണുന്നതാണ് സംവത്. ഇന്ന് സംവത് 2080 വര്‍ഷത്തിനാണ് തുടക്കമായത്. വൈകിട്ട് 6.15 മുതല്‍ 7.15 വരെ നീണ്ട മുഹൂര്‍ത്തം പുതുതായി സ്വര്‍ണം, വസ്ത്രം, വാഹനം, വീട്, ഓഹരി തുടങ്ങിയവ വാങ്ങാന്‍ ഏറ്റവും ഐശ്വര്യപൂര്‍ണമെന്ന് വിശ്വസിക്കുന്ന ഒരു മണിക്കൂറായിരുന്നു.

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it