
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വീഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് ശക്തമായ തിരിച്ചു വരവില്‍. സെന്‍സെക്‌സ് 410 പോയിന്റ് ഉയര്‍ന്ന് 81,596.63ലും നിഫ്റ്റി 129.55 പോയിന്റ് ഉയര്‍ന്ന് 24,813.45 ലുമെത്തി. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 835 പോയിന്റ് വരെ ഉയര്‍ന്ന് 82,021.64ലെത്തിയിരുന്നു.
കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് ഒഴികെയുള്ള സൂചികകള്‍ ഇന്ന് നേട്ടത്തിലായി.
കാളകള്‍ക്ക് മറക്കാനാകാത്ത ഒരു ദിനമായിരുന്നു ഇന്നലെ കടന്നു പോയത്. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കോവിഡ് 19 കേസുകള്‍ ഉയര്‍ന്നതും കാലവര്‍ഷം ഇക്കുറി നേരത്തെയാകുമെന്ന പ്രവചനങ്ങളുമെല്ലാം വിപണിയില്‍ വലിയ ലാഭമെടുക്കലിന് കളമൊരുക്കി. യു.എസിലെ മാന്ദ്യമായി ബന്ധപ്പെട്ട ആശങ്കകളും സമ്മര്‍ദ്ദം കൂട്ടി. സുപ്രധാന ലെവലിനു താഴെയെത്തിയ നിഫ്റ്റി 24,750ലായിരുന്നു ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്ന് ആഗോള വിപണികളില്‍ നിന്ന് ആശ്വസിക്കത്തക്ക വാര്‍ത്തകളൊന്നുമുണ്ടായില്ലെങ്കിലും സൂചികകള്‍ നേട്ടം തിരിച്ചു പിടിച്ചു. വിദേശികള്‍ നിക്ഷേപം പിന്‍വലിച്ചതാണ് വലിയ ഉയര്‍ച്ചയിലേക്ക് പോകുന്നതിന് സൂചികകള്‍ക്ക് തടസമായത്.
ഷോര്‍ട്ട് കവറിംഗാണ് ഇന്നത്തെ ഓഹരി വിപണിയിലെ ഉയര്‍ച്ചയ്ക്ക് കാരണമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സെന്‍സെക്‌സ് ഏകദേശം 2 ശതമാനം ഇടിഞ്ഞു, ഈ തിരുത്തല്‍ നിക്ഷേപകരെ കുറഞ്ഞ വിലയ്ക്ക് തിരഞ്ഞെടുത്ത ചില ഹെവിവെയ്റ്റ് ഓഹരികള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതായാണ് മനസിലാക്കുന്നത്.
രണ്ടാമത്തെ കാരണം യുഎസ് ഡോളറിന്റെ വീഴ്ചയാണ്. ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്റെ മൂല്യം കണക്കാക്കുന്ന ഡോളര്‍ സൂചിക (DXY) അര ശതമാനം ഇടിഞ്ഞിരുന്നു. ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികള്‍ക്ക് ഡോളര്‍ ദുര്‍ബലമാകുന്നത് പോസിറ്റീവ് ആണ്, കാരണം അത് കൂടുതല്‍ വിദേശ മൂലധന ഒഴുക്കിനെ പ്രോത്സാഹിപ്പിക്കും.
ഉയര്‍ന്ന മൂല്യനിര്‍ണ്ണയം മൂലമുണ്ടായ സമീപകാല തിരുത്തലുകള്‍ക്കിടയിലും വിപണിയുടെ അടിത്തറ പോസിറ്റീവ് ആയി തുടരുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷ ആരോഗ്യകരമാണ്. വരുമാനവും കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
പണപ്പെരുപ്പവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഏപ്രിലില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വര്‍ഷം ആര്‍ബിഐ കാല്‍ ശതമാനം വീതം കുറഞ്ഞത് രണ്ട് തവണ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ ഇത് ഉയര്‍ത്തിയിട്ടുണ്ട്.
യുഎസ്-ഇന്ത്യ വ്യാപാര കരാറിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും വിപണി വികാരത്തെ സ്വാധീനിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് വ്യക്തത വരുന്നതുവരെ ആഭ്യന്തര വിപണി അസ്ഥിരമായി തുടരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം, ആഭ്യന്തര വളര്‍ച്ചയും കയറ്റുമതിയെ ആശ്രയിക്കാത്തതും യുഎസ് തീരുവയും ആഗോള വ്യാപാര തടസ്സങ്ങളും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് കരുത്തു നല്‍കുന്നുവെന്ന് മൂഡീസ് റേറ്റിംഗ് അഭിപ്രായപ്പെട്ടതും വിപണിക്ക് ഗുണമായി.
ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എന്‍.ടി.പി.സി, നെസ്‌ലെ, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഇന്നത്തെ മുഖ്യ നേട്ടക്കാര്‍.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ്, ഐ.ടി.സി എന്നിവ മുഖ്യ വീഴ്ചക്കാരുമായി.
കേരള ഓഹരികളില്‍ ഇന്ന് ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവച്ചത് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സാണ്. ഓഹരി വില ആറ് ശതമാനത്തോളം ഉയര്‍ച്ചയാണ് കാഴ്ചവച്ചത്. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു.
എ.വി.റ്റി, ബി.പി.എല്‍, കല്യാണ്‍ ജുവലേഴ്‌സ്, വി-ഗാര്‍ഡ് തുടങ്ങിയ ഓഹരികളും മുന്നേറ്റം കാഴ്ചവച്ചു.
നാലാം പാദഫലം പുറത്തുവിട്ട ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത്‌കെയര്‍ ഓഹരികളാണ് ഇന്ന് നഷ്ടത്തില്‍ മുന്നില്‍. നാല് ശതമാനത്തിലധികമാണ് ഓഹരികളുടെ വീഴ്ച. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ആസ്റ്ററിന്റെ ലാഭം 21 ശതമാനം വര്‍ധിച്ച് 106 കോടി രൂപയിലെത്തി. കേരള ആയുര്‍വേദ, ടി.സി.എം, പ്രൈമ അഗ്രോ എന്നിവയാണ് ഇന്ന് കൂടുതല്‍ ഇടിവ് നേരിട്ട മറ്റ് ഓഹരികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine