മറുചുങ്ക പേടിക്കിടയിലും വിപണിയുടെ മുന്നേറ്റം, സ്വര്‍ണത്തിളക്കവുമായി കല്യാണ്‍, കേരള താരങ്ങളായി ആസ്പിന്‍ മുതല്‍ കിറ്റെക്‌സ് വരെ

ഇന്ത്യന്‍ സമയം രാത്രി 1.30ന് ആണ് ട്രംപിന്റെ ചുങ്കപ്രഖ്യാപനം
Sensex & Nifty Chart
Published on

ട്രംപിന്റെ മറുചുങ്ക പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ഇന്ത്യന്‍ വിപണിയില്‍ നേട്ടക്കുതിപ്പ്. ഇന്ത്യന്‍ സമയം രാത്രി 1.30ന് നടക്കുന്ന ചുങ്കപ്രഖ്യാപാനത്തെ കുറിച്ചുള്ള ആശങ്കകള്‍ ഇന്ന് ദലാള്‍ സ്ട്രീറ്റിനെ സമ്മർദത്തിലാക്കുമെന്നായിരുന്നു കണക്കു കൂട്ടലുകൾ. എന്നാല്‍ രണ്ട് ദിവസം നീണ്ട നഷ്ടക്കച്ചവടത്തിന് വിരമമിട്ടുകൊണ്ട് സെന്‍സെക്‌സ് 593 പോയിന്റ് ഉയര്‍ന്ന് 76,617.44ലും നിഫ്റ്റി 166.65 പോയിന്റ് നേട്ടത്തോടെ 23,332.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഇന്നത്തെ മുന്നേറ്റത്തില്‍ ആവശത്തോടെ പങ്കുചേര്‍ന്നു. ഒരു ശതമാനത്തിലധികമാണ് ഇരുസൂചികകളുടെയും ഉയര്‍ച്ച. നിഫ്റ്റിയിലെ എല്ലാ സെക്ടറുകളും നേട്ടത്തിലായി. നിഫ്റ്റി റിയല്‍റ്റിയാണ് ടോപ് പെര്‍ഫോമര്‍. 3.6 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

യു.എസ് താരിഫ് പ്രഖ്യാപനത്തിനായി കാതോര്‍ത്തിരിക്കെ മിക്ക ആഗോള വിപണികളും സമ്മിശ്രമായ പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ആഭ്യന്തര വിപണിയില്‍ ട്രംപിന്റെ താരിഫ് വലിയ പരിക്കേല്‍പ്പിക്കില്ലെന്ന ഇന്ത്യ-യു എസ് വ്യാപാര ചര്‍ച്ചകള്‍ നല്‍കിയ ശുഭസൂചനയാണ് സൂചികകളില്‍ പ്രതിഫലിച്ചത്. ഇന്ത്യയുടെ മാനുഫാക്ചറിംഗ് സൂചിക എട്ട് മാസത്തെ ഉയര്‍ന്ന നിലയിലെത്തിയത് നാലാം പാദത്തില്‍ കമ്പനികളുടെ വരുമാന തിരിച്ചുവരവ് കാണിക്കുമെന്ന വിശ്വാസം ഉളവാക്കിയതും വിപണിക്ക് തുണയായി.

Performance of Nifty Indices
നിഫ്റ്റി സൂചികകളുടെ ഇന്നത്തെ പ്രകടനം

സൊമാറ്റോ, ടൈറ്റന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, ടെക് മഹീന്ദ്ര ഓഹരികളിന്ന് 4.75 ശതമാനം വരെ ഉയര്‍ന്ന് സെന്‍സെക്‌സിന് കരുത്ത് പകര്‍ന്നു.

നിക്ഷേപ ശ്രദ്ധനേടി കല്യാണ്‍ ഓഹരി

നിഫ്റ്റിയില്‍ ഇന്ന് ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവച്ചത് കേരളത്തിന്റെ സ്വന്തം കല്യാണ്‍ ജുവലേഴ്‌സ് ഓഹരിയാണ്. നിക്ഷേപതാത്പര്യം ഉയര്‍ന്നതോടെ വ്യാപാരത്തിനിടെ ഒരുവേള 12 ശതമാനം വരെയാണ് ഓഹരി മുന്നേറിയത്. ട്രെന്‍ഡ്‌ലൈന്‍ ഡേറ്റ പ്രകാരം എന്‍.എസ്.ഇ.യിലും ബി.എസ്.ഇയിലുമായി 41.1 കോടി ഓഹരികളാണ് വ്യാപാരം ചെയ്യപ്പെട്ടത്. ചെറുകിട നിക്ഷേപകരും സ്ഥാപക നിക്ഷേപകരും ഒരുപോലെ വ്യാപാരത്തില്‍ പങ്കാളികളായി. സ്വര്‍ണ വിലയിലെ കുതിപ്പാണ് ഓഹരിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. വ്യാപാരാന്ത്യത്തില്‍ 11.95 ശതമാനം നേട്ടത്തോടെ 512.80 രൂപയിലാണ് ഓഹരിയുള്ളത്. എന്നിരുന്നാലും ഓഹരിയുടെ 52 ആഴ്ചയിലെ വിലയില്‍ നിന്ന് 35.74 ശതമാനം ഇടിവിലാണ് ഓഹരി. ഇന്നത്തെ കയറ്റത്തോടെ കമ്പനിയുടെ വിപണിമൂല്യം 52,716.7 കോടി രൂപയിലെത്തി.

ബ്രോക്കറേജായ ഗോള്‍ഡ്മാന്‍ സാക്‌സ് റേറ്റിംഗ്‌ ഉയര്‍ത്തിയതിനെ തുടര്‍ന്ന് എഫ്.എം.സി.ജി കമ്പനിയായ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ എട്ട് ശതമാനം ഉയര്‍ന്നു. ലക്ഷ്യവില 1040 രൂപയില്‍ നിന്ന് 1200 രൂപയിലേക്ക് ഉയര്‍ത്തി.

സ്‌പെക്ട്രം ഇനത്തില്‍ നല്‍കാനുള്ള 36,950 കോടി രൂപയുടെ കുടിശിക ഓഹരികളാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഇന്നും ഓഹരികളെ നേട്ടത്തിലാക്കി. ഇന്നലെ 22 ശതമാനം വില ഉയര്‍ന്ന ഓഹരി ഇന്ന് 2.84 ശതമാനം ഉയര്‍ന്ന് 8.33 രൂപയിലെത്തി.

Nifty gainers and losers
ഓഹരികളുടെ കുതിപ്പും കിതപ്പും

പൊതുമേഖലാ ബാങ്കുകളായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ ഓഹരി വിലയില്‍ ഇന്ന് ശക്തമായ ഇടിവുണ്ടായി. സെന്‍ട്രല്‍ ബാങ്ക് ഇന്ത്യ ഓഹരികള്‍ 12 ശതമാനത്തോളം ഇടിഞ്ഞു. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന്റെ നഷ്ടം 8 ശതമാനത്തിലധികമാണ്. അടുത്തിടെ ക്യു.ഐ.പി വഴി 1,436 കോടി രൂപ സമാഹരിച്ച ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഓഹരി അഞ്ച് ശതമാനം ഇടിവ് നേരിട്ടു.

പ്രമുഖ ബ്രോക്കറേജ് ആയ ബോഫ സെക്യൂരിറ്റീസ് എഫ്.എം.സി.ജി കമ്പനിയായ നെസ്‌ലെയെ ഡൗണ്‍ഗ്രേഡ് ചെയ്തത് ഓഹരി വിലയില്‍ ഇടിവുണ്ടാക്കി. അണ്ടര്‍പെര്‍ഫോം റേറ്റിംഗാണ് നെസ്‌ലേയ്ക്ക് നല്‍കിയത്.

അപ്പര്‍ സര്‍ക്യൂട്ടില്‍ കിറ്റെക്‌സ്‌

കേരള ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് സൂചികകളുടെ നേട്ടത്തില്‍ പങ്കുചേര്‍ന്നു. കല്യാണ്‍ ജുവലേഴ്‌സ് കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടം കൈവരിച്ചത് ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനിയാണ്. ഓഹരി വില 9.47 ശതമാനം ഉയര്‍ന്ന് 251 രൂപയിലെത്തി.

Performance of Kerala Stocks
കേരള ഓഹരികളുടെ പ്രകടനം

സി.എസ്.ബി ബാങ്ക് 6.24 ശതമാനവും ഈസ്റ്റേണ്‍ ട്രെഡ്‌സ് 5.55 ശതമാനവും ഉയര്‍ന്നു.

കിറ്റെക്‌സ് ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ്. കമ്പനിയുടെ തെലങ്കാന ഫാക്ടറി പ്രവര്‍ത്തനസജ്ജമാകുന്നതാണ് ഓഹരികളെ ഉയര്‍ത്തിയത്. ഫാക്ടറിയിലെ ഒഴിവുകളെ കുറിച്ച് ഇന്ന് കമ്പനി പരസ്യപ്പെടുത്തിയിരുന്നു.

പ്രൈമ ആഗ്രോ, ടി.സി.എം, വെസ്‌റ്റേണ്‍ പ്ലൈവുഡ്‌സ്, ധനലക്ഷമി ബാങ്ക്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട കേരള ഓഹരികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com