അവസാന മണിക്കൂറില്‍ നേട്ടം; നിഫ്റ്റി 19,600ന് മുകളില്‍; 18% കുതിച്ച് ഫാക്ട്

ക്രൂഡോയില്‍ വിലക്കുതിപ്പില്‍ ആശങ്കപ്പെട്ട് ദിവസത്തിന്റെ മുക്കാല്‍ സമയവും നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ അവസാന മണിക്കൂറില്‍ നേട്ടം തിരിച്ചുപിടിച്ചു. ബ്രെന്റ് ക്രൂഡ് വില 10 മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും 90 ഡോളര്‍ കടന്നതാണ് ഓഹരിസൂചികകളെ ഇന്ന് ആദ്യം നഷ്ടത്തിലേക്ക് വീഴ്ത്തിയത്.

പ്രമുഖ ക്രൂഡ് ഉത്പാദക/കയറ്റുമതി രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതാണ് വിലക്കുതിപ്പിന് വഴിയൊരുക്കിയത്. ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വില കുതിച്ചുയരുന്നത് വന്‍ തിരിച്ചടിയാണ്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

വിദേശ നാണ്യശേഖരം ഇടിയുക, കറന്റ് അക്കൗണ്ട്, വ്യാപാരക്കമ്മികള്‍ കൂടുക, ആഭ്യന്തര ഇന്ധനവില വര്‍ദ്ധിക്കുക എന്നീ തിരിച്ചടികള്‍ക്കും ഇത് വഴിയൊരുക്കും. ഇന്ധനവില കൂടുന്നത് അവശ്യവസ്തു വിലകളും അതുവഴി പണപ്പെരുപ്പവും കൂടാനിടവരും. ഇത്, അടിസ്ഥാന പലിശനിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുകയും ചെയ്യും. ആഗോളതലത്തില്‍ തന്നെ പണപ്പെരുപ്പം വീണ്ടും കൂടാന്‍ ക്രൂഡ് വില കാരണമായേക്കുമെന്ന വിലയിരുത്തലാണ് ഓഹരികളെ തളര്‍ത്തിയത്.
തിരിച്ചുകയറ്റം
ഇന്ന് 65,488 വരെ താഴ്ന്നശേഷമാണ് അവസാന മണിക്കൂറില്‍ സെന്‍സെക്‌സ് നേട്ടം തിരിച്ചുപിടിച്ചത്. വ്യാപാരാന്ത്യം 100.26 പോയിന്റ് (0.15%) നേട്ടവുമായി 65,880.52ലാണ് സെന്‍സെക്‌സ്. ഒരുവേള 19,491 വരെ താഴ്ന്ന നിഫ്റ്റി പിന്നീട് 36.15 പോയിന്റ് (0.18%) ഉയര്‍ന്ന് 19,611.05ലും വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ നാലാംദിവസമാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്.
ബി.എസ്.ഇയില്‍ ഇന്ന് 1,955 ഓഹരികള്‍ നേട്ടത്തിലും 1,682 എണ്ണം താഴ്ചയിലുമാണ്. 154 ഓഹരികളുടെ വില മാറിയില്ല.
287 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 13 എണ്ണം താഴ്ചയിലുമാണ്. 13 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും 7 എണ്ണം ലോവര്‍-സര്‍കീട്ടിലും ആയിരുന്നു. ബി.എസ്.ഇയിലെ കമ്പനികളുടെ മൊത്തം മൂല്യം 69,719.19 കോടി രൂപ വര്‍ദ്ധിച്ച് എക്കാലത്തെയും ഉയരമായ 317.33 ലക്ഷം കോടി രൂപയിലെത്തി.
രൂപ ഡോളറിനെതിരെ തുടര്‍ച്ചയായ മൂന്നാം സെഷനിലും ഇടിഞ്ഞു. ക്രൂഡോയില്‍ വിലക്കയറ്റം, അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് വര്‍ദ്ധന എന്നിവയാണ് വലച്ചത്. 0.11 ശതമാനം നഷ്ടവുമായി 83.13ലാണ് വ്യാപാരാന്ത്യത്തില്‍ ഡോളറിനെതിരെ രൂപയുള്ളത്.
നേട്ടത്തിലേറിയവര്‍
ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.ടി.സി., ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമന്റ്, സണ്‍ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് സെന്‍സെക്‌സിനെ നഷ്ടത്തില്‍ നിന്ന് കരകയറ്റിയത്.
പ്രമുഖ ലഘുഭക്ഷണ (snacks) നിര്‍മ്മാതാക്കളായ ഹള്‍ദീറാമിന്റെ (Haldiram) 51 ശതമാനം ഓഹരികള്‍ ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഏറ്റെടുത്തേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് 4 ശതമാനത്തിലേറെ മുന്നേറി. എന്നാല്‍, ഓഹരി വില്‍പന നീക്കം ഹള്‍ദീറാം നിഷേധിച്ചിട്ടുണ്ട്. ടാറ്റയുമായി ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ക്രൂഡോയില്‍ വില വര്‍ദ്ധനയും കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര പ്രകൃതിവാതക വില 7.85 ഡോളറില്‍ നിന്ന് 8.60 ഡോളറിലേക്ക് ഉയര്‍ത്തിയതും ഇന്ന് പെട്രോനെറ്റ് എല്‍.എന്‍.ജി ഓഹരികളെ 6.63 ശതമാനം ഉയര്‍ത്തി.
വൊഡാഫോണ്‍-ഐഡിയ, പെട്രോനെറ്റ് എല്‍.എന്‍.ജി., അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
വൊഡാ-ഐഡിയ ഇന്ന് 10 ശതമാനത്തോളം കുതിച്ചു. കമ്പനിയുടെ വിപണിമൂല്യം ഇന്ന് 50,000 കോടി രൂപയും ഭേദിച്ചു. കേന്ദ്രസര്‍ക്കാരിന് വീട്ടാനുള്ള ജൂണ്‍പാദ കുടിശികയുടെ 10 ശതമാനം കഴിഞ്ഞദിവസം അടച്ചിരുന്നു. ബാക്കിത്തുകയും ഈമാസം തന്നെ വീട്ടാനായി കമ്പനി നടത്തുന്ന പരിശ്രമങ്ങളാണ് ഓഹരികള്‍ക്ക് ആവേശമായത്.
ഹിന്‍ഡെന്‍ബെര്‍ഗിന് പിന്നാലെ ഒ.സി.സി.ആര്‍.പിയും ആരോപണശരങ്ങള്‍ തൊടുത്തെങ്കിലും തുടര്‍ച്ചയായ നാലാം നാളിലും അദാനി ഗ്രൂപ്പ് ഓഹരികള്‍ നേട്ടത്തിലേറി. എ.സി.സി., അദാനി എന്റര്‍പ്രൈസസ്, അംബുജ സിമന്റ് എന്നിവ ഒഴികെയുള്ള അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം നേട്ടത്തിലാണ്. അദാനി ഗ്രീന്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ 4-5 ശതമാനം നേട്ടമുണ്ടാക്കി.
നിരാശപ്പെടുത്തിയവര്‍
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ

ടാറ്റാ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍.ടി.പി.സി എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നഷ്ടം നേരിട്ട പ്രമുഖര്‍. നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലുള്ളത് ഡിക്‌സോണ്‍ ടെക്‌നോളജീസ്, ട്രൈഡന്റ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍), ആദിത്യ ബിര്‍ള ഫാഷന്‍, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്നിവയാണ്. 2-3 ശതമാനം നഷ്ടമാണ് ഇവ രേഖപ്പെടുത്തിയത്.
ഫാക്ട് ഓഹരിയില്‍ വന്‍ കുതിപ്പ്
കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണശാലയായ ഫാക്ടിന്റെ ഓഹരികള്‍ ഇന്ന് 18 ശതമാനത്തിലധികം കുതിച്ച് പുതിയ 52-ആഴ്ചയിലെ ഉയരത്തിലെത്തി. വ്യാപാരാന്ത്യം 18.76 ശതമാനം നേട്ടത്തോടെ 546.25 രൂപയിലാണ് ഓഹരി വിലയുള്ളത്. എന്നാൽ ഓഹരി കുതിപ്പിന് പിന്നിലെ കാരണം വ്യക്തമല്ല.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ടി.സി.എം ലിമിറ്റഡ് (7.54%), കിംഗ്‌സ് ഇന്‍ഫ്ര (2.99%), ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് (2.41%), ഹാരിസണ്‍സ് മലയാളം (2.66%) എന്നിവയാണ് ഇന്ന് നേട്ടത്തിലേറിയ പ്രമുഖ കേരള ഓഹരികള്‍. സഫ സിസ്റ്റംസ് (4.59%), വെര്‍ട്ടെക്‌സ് (4.96 ശതമാനം), ഇന്‍ഡിട്രേഡ് (4.19%) എന്നിവയാണ് നിരാശപ്പെടുത്തിയവരില്‍ മുന്നില്‍.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it