ഓഹരികളിൽ ലാഭമെടുപ്പ് തകൃതി; ബാങ്ക് നിഫ്റ്റിയില്‍ വന്‍ ഇടിവ്, ഐ.ടിയും റിയല്‍റ്റിയും തിളങ്ങി

മാസാന്ത്യത്തിലെ ലാഭമെടുപ്പ് നിക്ഷേപകര്‍ തകൃതിയാക്കിയതിനാലും കാര്യമായ അനുകൂല തരംഗങ്ങള്‍ ഇല്ലാതിരുന്നതിനാലും ഇന്ന് സെന്‍സെക്‌സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചത് നേരിയ നേട്ടത്തോടെ. നേട്ടത്തോടെയാണ് തന്നെയാണ് ഇന്ന് ഓഹരികള്‍ വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് ഒരുവേള 65,458 വരെ ഉയരുകയും ചെയ്തിരുന്നു.

ഉച്ചയ്ക്ക് ശേഷം പക്ഷേ, ലാഭമെടുപ്പ് കനത്തതോടെ 350ഓളം പോയിന്റിടിഞ്ഞു. വ്യാപാരാന്ത്യം 11.43 പോയിന്റ് (0.02%) മാത്രം നേട്ടവുമായി 65,087ലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റി ഒരുവേള 19,452 വരെ മുന്നേറിയെങ്കിലും 19,347.45ലേക്ക് താഴ്ന്നു. ഇന്നത്തെ നേട്ടം 4.80 പോയിന്റ് (0.02%).
വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം

ബാങ്കിംഗ് ഓഹരികളിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ ലാഭമെടുപ്പ് കനത്തത്. പ്രതിമാസ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (F&O) നാളെ അവസാനിക്കാനിരിക്കേയാണ് ഇന്ന് ലാഭമെടുപ്പ് തകൃതിയായത്.
ബാങ്ക് നിഫ്റ്റി (Nifty Bank) 0.59 ശതമാനം ഇടിഞ്ഞ് 44,232.60ലെത്തി. നിഫ്റ്റിയില്‍ പൊതുമേഖലാ ബാങ്ക് സൂചിക 0.33 ശതമാനം, സ്വകാര്യബാങ്ക് 0.41 ശതമാനം, ധനകാര്യസേവനം 0.50 ശതമാനം എന്നിങ്ങനെയും ഇടിഞ്ഞു. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് 0.34 ശതമാനം നഷ്ടത്തിലാണ്.
കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഗാര്‍ഹിക എല്‍.പി.ജി വില 200 രൂപ കുറയ്ക്കുകയും ഉജ്വല യോജനക്കാര്‍ക്ക് 200 രൂപ അധിക സബ്‌സിഡി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വിലയും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കുറയ്ക്കുമെന്നാണ് സൂചനകള്‍. ഈ പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനി ഓഹരികള്‍ നഷ്ടം നേരിട്ടത്. സബ്‌സിഡി ബാദ്ധ്യത കേന്ദ്രം വീട്ടുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് വൈകിയാല്‍ എണ്ണക്കമ്പനികളായ ഇന്ത്യന്‍, ഓയില്‍, ബി.പി.സി.എല്‍. എച്ച്.പി.സി.എല്‍ എന്നിവയ്ക്ക് തിരിച്ചടിയാകും.
തിളങ്ങിയവര്‍
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജിയോഫിന്‍) ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അപ്പര്‍-സര്‍കീട്ടില്‍ വ്യാപാരം അവസാനിപ്പിച്ചു. സൊമാറ്റോ ഇന്ന് 5 ശതമാനത്തിലധികം മുന്നേറി. ബ്ലോക്ക് ഡീലിലാണ് സൊമാറ്റോ ഓഹരികളുടെ കുതിപ്പ്. കമ്പനിയില്‍ ഓഹരി പങ്കാളിത്തമുള്ള ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്കിന്റെ സിംഗപ്പൂര്‍ കമ്പനിയായ എസ്.വി.എഫ് ഗ്രോത്ത് 1.17 ശതമാനം ഓഹരികള്‍ വിറ്റൊഴിഞ്ഞുവെന്നാണ് സൂചന. ഇത് ഏകദേശം കോടിയോളം ഓഹരികള്‍ വരും. ഏകദേശം 940 കോടി രൂപയാണ് മൂല്യം.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

സുസ്‌ലോണ്‍ തുടര്‍ച്ചയായ മൂന്നാംനാളിലും അപ്പര്‍-സര്‍കീട്ടിലാണ്. കമ്പനിയുടെ വിപണിമൂല്യം 35,000 കോടി രൂപയും കടന്നു. ബ്ലോക്ക് ഡീലാണ് സുസ്‌ലോണിനും കരുത്തായത്. കമ്പനിയുടെ 230 കോടിയിലേറെ രൂപ മതിക്കുന്ന മൊത്തം 9 കോടിയോളം ഓഹരികള്‍ ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. വാങ്ങിയവരുടെയും വിറ്റവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ സുസ്‌ലോണിന് അടുത്തിടെ 201.6 മെഗാവാട്ടിന്റെ പുതിയ പ്രോജക്റ്റ് ഓര്‍ഡര്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഓഹരികളുടെ മുന്നേറ്റം.
നേട്ടം കുറിച്ചവര്‍
ഐ.ടി., എഫ്.എം.സി.ജി, റിയല്‍റ്റി, ഓട്ടോ, മെറ്റല്‍ ഓഹരികളില്‍ ഇന്ന് മികച്ച വാങ്ങള്‍ ട്രെന്‍ഡ് ദൃശ്യമായി. നിഫ്റ്റി റിയല്‍റ്റി മുന്നേറിയത് 1.42 ശതമാനമാണ്. നിഫ്റ്റി ഐ.ടി 0.77 ശതമാനം, മെറ്റല്‍ 0.92 ശതമാനം എന്നിങ്ങനെയും കുതിച്ചു. 0.64 ശതമാനം നേട്ടം കുറിച്ച് നിഫ്റ്റി ഓട്ടോയും മികച്ച പിന്തുണ നല്‍കി.
നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 1.03 ശതമാനവും മിഡ്ക്യാപ്പ് 0.73 ശതമാനവും നേട്ടത്തിലാണ്. എസ്‌കോര്‍ട്‌സ് കുബോട്ട, ഇന്ത്യന്‍ ഹോട്ടല്‍സ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, സൊമാറ്റോ, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിച്ചവര്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനി തന്നെയായ ജാംനഗര്‍ യൂട്ടിലിറ്റീസ് ആന്‍ഡ് പവര്‍ ജിയോ ഫിനാന്‍ഷ്യലിന്റെ അഞ്ച് കോടി ഓഹരികള്‍ വാങ്ങിയത് ഇന്ന് നേട്ടത്തിന് കരുത്തായി. സെന്‍സെക്‌സ്, നിഫ്റ്റി തുടങ്ങിയ സൂചികകളില്‍ നിന്ന് നാളെയാണ് (ഓഗസ്റ്റ് 31) ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികളെ ഒഴിവാക്കുന്നത്.
സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിച്ച പ്രമുഖ ഓഹരികള്‍ ടാറ്റാ സ്റ്റീല്‍, മാരുതി സുസുക്കി, ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ്.
നിരാശപ്പെടുത്തിയവര്‍
സെന്‍സെക്‌സില്‍ എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക്, പവര്‍ ഗ്രിഡ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ലാഭങമെടുപ്പ് സമ്മര്‍ദ്ദത്താല്‍ നഷ്ടത്തിലേക്ക് വീണ പ്രമുഖര്‍.
ഇന്ത്യന്‍ ബാങ്ക്, എച്ച്.പി.സി.എല്‍., ബന്ധന്‍ ബാങ്ക്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, ഇന്‍ര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ) എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ഇന്ന് സെന്‍സെക്‌സില്‍ 2,302 ഓഹരികള്‍ നേട്ടത്തിലും 1,343 എണ്ണം നഷ്ടത്തിലുമായിരുന്നു. 145 ഓഹരികളുടെ വില മാറിയില്ല. 247 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലെത്തി. 37 എണ്ണം താഴ്ചയിലും.
11 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും 5 എണ്ണം ലോവര്‍-സര്‍കീട്ടിലും ആയിരുന്നു. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ മൂല്യം ഇന്ന് 1.3 ലക്ഷം കോടിയോളം രൂപ വര്‍ദ്ധിച്ച് 310.30 ലക്ഷം കോടി രൂപയായി. ഇത് സര്‍വകാല റെക്കോഡാണ്.
സ്‌കൂബിഡേയും സി.എം.ആര്‍.എല്ലും കുതിച്ചു
കേരളത്തില്‍ നിന്നുള്ള ഓഹരികളില്‍ ഇന്ന് വന്‍ കുതിച്ച് ചാട്ടം ദൃശ്യമായി. സ്‌കൂബിഡേ 9.98 ശതമാനം മുന്നേറി. 8.41 ശതമാനം നേട്ടം വെര്‍ട്ടെക്‌സ് ഓഹരികള്‍ കുറിച്ചിട്ടു.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്ന ആരോപണത്തിലകപ്പെട്ട കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (സി.എം.ആര്‍.എല്‍) കമ്പനി ഓഹരി 8.15 ശതമാനം കുതിച്ചു. വിവാദങ്ങള്‍ കെട്ടടങ്ങുന്നത് കമ്പനിക്ക് നേട്ടമാകുന്നുണ്ട്. റബ്ഫില 6.67 ശതമാനവും എ.വി.ടി 6.23 ശതമാനവും നേട്ടമുണ്ടാക്കി.
ഇന്ന് കേരള ഓഹരികളുടെ പ്രകടനം

ജിയോജിത് (5.51 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (3.05 ശതമാനം), പ്രൈമ ഇന്‍ഡസ്ട്രീസ് (4.23 ശതമാനം) എന്നിവയും തിളങ്ങി.
പ്രൈമ അഗ്രോ (3.60 ശതമാനം), ഇന്‍ഡിട്രേഡ് (2.53 ശതമാനം), പാറ്റ്‌സ്പിന്‍ (2.36 ശതമാനം), കേരള ആയുര്‍വേദ (1.98 ശതമാനം), സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് (1.62 ശതമാനം) എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ട കേരള ഓഹരികള്‍.
ആഗോള ചലനങ്ങളും രൂപയും
അമേരിക്കന്‍ സമ്പദ്സ്ഥിതി കരകയറിയിട്ടില്ലെന്ന സൂചനയുമായി കഴിഞ്ഞമാസത്തെ തൊഴിലവസരങ്ങളുടെ എണ്ണം രണ്ടര വര്‍ഷത്തെ താഴ്ചയിലെത്തിയിരുന്നു. ഇത്, അടുത്തമാസത്തെ പണനയ യോഗത്തില്‍ പലിശനിരക്ക് കൂട്ടുന്നതില്‍ നിന്ന് കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിനെ അകറ്റിനിറുത്തുമെന്ന വിലയിരുത്തലുകളാണ്, ഇന്ത്യന്‍ ഓഹരി സൂചികകളിലും ഇന്ന് വ്യാപാരത്തുടക്കത്തില്‍ വലിയ ആവേശം പകര്‍ന്നത്.
എന്നാല്‍, ആഗോള ഓഹരി വിപണികള്‍ പിന്നീട് തളര്‍ന്നതോടെ ഇന്ത്യന്‍ ഓഹരികളിലും ക്ഷീണം ദൃശ്യമായി. അമേരിക്കയില്‍ പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന വിലയിരുത്തലുകളുമുണ്ട്.
ഇന്ത്യന്‍ റുപ്പി ഇന്ന് ഡോളറിനെതിരെ നേരിയ നഷ്ടം നേരിട്ടു. 82.73 ആണ് വ്യാപാരാന്ത്യത്തില്‍ മൂല്യം. ഇന്നലെ മൂല്യം 82.70 ആയിരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് തിരിച്ചടിയായത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it