ബാങ്കിംഗ് ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യത്തിന്റെ കരുത്തില്‍ നേട്ടത്തിലേറി സെന്‍സെക്‌സും നിഫ്റ്റിയും. സെന്‍സെക്‌സ് 213.27 പോയിന്റ് (0.33%) ശതമാനം ഉയര്‍ന്ന് 65,433.30ലും നിഫ്റ്റി 47.55 പോയിന്റ് (0.25%) നേട്ടത്തോടെ 19,444ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിസര്‍വ് ബാങ്കിന്റെ ഇക്കഴിഞ്ഞ പണനയ അവലോകന സമിതി (എം.പി.സി) യോഗ മിനുട്ട്‌സ് നാളെ പുറത്തുവരും. മാത്രമല്ല, വെള്ളിയാഴ്ചയാണ് വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്ക് മേധാവികള്‍ പങ്കെടുക്കുന്ന അമേരിക്കയിലെ (USA) ജാക്‌സണ്‍
ഹോളിലെ സിമ്പോസിയം. അമേരിക്കന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡല്‍ റിസര്‍വിന്റെ തലവന്‍ ജെറോം പവലിന്റെ പ്രഭാഷണമാണ് ഏവരും ഉറ്റുനോക്കുന്നത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം
റിസര്‍വ് ബാങ്കിന്റെ മിനുട്ട്‌സും പവലിന്റെ പ്രഭാഷണവും പണപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച, പണനയത്തിന്റെ സമീപകാല ഭാവി എന്നിവ സംബന്ധിച്ച സൂചനകള്‍ നല്‍കുമെന്നും ഇത് ബാങ്കിംഗ് മേഖലയ്ക്ക് അനുകൂലമാകുമെന്നുമുള്ള വിലയിരുത്തലുകളാണ് ബാങ്കിംഗ് ഓഹരികളില്‍ ഇന്ന് കുതിപ്പുണ്ടാക്കിയത്. ധനകാര്യം, റിയല്‍റ്റി, മീഡിയ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികളും ഇന്ന് മികച്ച പിന്തുണ നല്‍കി.
നേട്ടത്തിലേറിയവര്‍
ബാങ്ക് നിഫ്റ്റി (Nifty Bank) തന്നെയായിരുന്നു ഇന്നത്തെ താരം. 1.10 ശതമാനം കുതിച്ച് 44,479.05ലാണ് വ്യാപാരാന്ത്യം ബാങ്ക് നിഫ്റ്റിയുള്ളത്.
നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.72 ശതമാനവും സ്വകാര്യബാങ്ക് 1.26 ശതമാനവും ധനകാര്യ സേവനം 0.92 ശതമാനവും മുന്നേറി. 0.43 ശതമാനമാണ് നിഫ്റ്റി റിയല്‍റ്റി സൂചികയുടെ നേട്ടം. മീഡിയ 0.68 ശതമാനം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.53 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്ക്യാപ്പ് 0.39 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.91 ശതമാനവും നേട്ടത്തിലാണുള്ളത്.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ
എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക്, എല്‍ ആന്‍ഡ് ടി., ടാറ്റാ സ്റ്റീല്‍, മാരുതി സുസുക്കി, കോട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, നെസ്‌ലെ എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ നേട്ടത്തില്‍ പിടിച്ചുനിറുത്തിയത്.
ബാങ്ക് നിഫ്റ്റിയുടെ കുതിപ്പില്‍ 70 ശതമാനം പങ്കുവഹിച്ചത് ഇന്ന് ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ്. ഫെഡറല്‍ ബാങ്ക് 4.15 ശതമാനം കുതിച്ച് 141.70 രൂപയിലെത്തി. ബാങ്കിന് കുറഞ്ഞ ബാദ്ധ്യതയുള്ള നിക്ഷേപങ്ങളിലേക്കാണ് ശ്രദ്ധയൂന്നുകയെന്ന് ഫെഡറല്‍ ബാങ്ക് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ബാങ്ക് എംപ്ലോയീ സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനും (ഇ.എസ്.ഒ.പി/ESOP) പ്രഖ്യാപിച്ചിരുന്നു.
നിഫ്റ്റി 200ല്‍ ഇന്ന് ഏറ്റവുമധികം മുന്നേറിയത് പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരിയാണ്; 6.48 ശതമാനം. നിര്‍മ്മിതബുദ്ധി (എ.ഐ) സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പേയ്ടിഎം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഓഹരികള്‍ കുതിക്കുകയാണ്.
സണ്‍ടിവി നെറ്റ്‌വര്‍ക്ക്, ഫെഡറല്‍ ബാങ്ക്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖര്‍.
ചന്ദ്രയാനും എല്‍ ആന്‍ഡ് ടിയും
ചന്ദ്രയാന്‍ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ച ഓഹരികളില്‍ മുന്നിലാണ് എല്‍ ആന്‍ഡ് ടി. ചന്ദ്രയാന്‍-3ലെ നിര്‍ണായക സാങ്കേതിക ഘടകങ്ങള്‍ നിര്‍മ്മിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് എല്‍ ആന്‍ഡ് ടിയാണ്.
കമ്പനിയുടെ ഓഹരി വില ഇന്ന് 1.42 ശതമാനം ഉയര്‍ന്ന് 2,717.45 രൂപയായി. 2,500 കോടി രൂപയുടെ യൂറിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് കരാര്‍ ലഭിച്ചതും എല്‍ ആന്‍ഡ് ഓഹരികള്‍ ആവേശമാക്കി ഇന്ന് 52-ആഴ്ചത്തെ ഉയരം കുറിച്ചു.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ഭാരത് ഫോര്‍ജ്, ലിന്‍ഡെ ഇന്ത്യ, സെന്റം ഇലക്ട്രോണിക്‌സ്, അവന്റെല്‍, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് എന്നിവയും ഇന്ന് 52-ആഴ്ചത്തെ ഉയരം ഇന്ന് തൊട്ടു. ഇവയെല്ലാം ചന്ദ്രയാന്‍-3 ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കമ്പനികളാണ്.
പദ്ധതയില്‍ പങ്കുവഹിച്ച വാല്‍ചന്ദ് നഗര്‍ ഇന്‍ഡസ്ട്രീസ്, അസ്ട്ര മൈക്രോവേവ് പ്രോഡക്ട്‌സ്, എം.ടി.എ.ആര്‍ ടെക്‌നോളജീസ് എന്നീ കമ്പനികളുടെ ഓഹരികളും ഇന്ന് 0.3-5 ശതമാനം വരെ ഉയര്‍ന്നു.
നിരാശപ്പെടുത്തിയവര്‍
നിഫ്റ്റിയില്‍ എഫ്.എം.സി.ജി സൂചിക 0.49 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 0.31 ശതമാനവും ഇടിഞ്ഞു.
അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, ജിയോ ഫിനാന്‍ഷ്യല്‍, സോന ബി.എല്‍.ഡബ്ല്യു, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം തളര്‍ന്നത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ
അദാനി ഗ്രൂപ്പിന്റെ നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് ശേഷമുള്ള ലാഭം (എബിറ്റ്ഡ/EBITDA) ജൂണ്‍പാദത്തില്‍ 42 ശതമാനം ഉയര്‍ന്നെങ്കിലും ഓഹരികള്‍ ഇന്ന് വില്‍പന സമ്മര്‍ദ്ദം നേരിട്ടു.
ജിയോ ഫിനാന്‍ഷ്യല്‍ തുടര്‍ച്ചയായ മൂന്നാംദിനവും 5 ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്കീട്ടിലെത്തി. 224.65 രൂപയിലാണ് നിഫ്റ്റിയില്‍ ഓഹരി വിലയുള്ളത്. ഇതോടെ മുഖ്യ ഓഹരി സൂചികകളില്‍ നിന്ന് ജിയോ ഓഹരിയെ ഒഴിവാക്കുന്നത് മൂന്ന് ദിവസം കൂടി വൈകും.
സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ടാറ്റാ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ഐ.ടി.സി എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്.
ഇന്നത്തെ ട്രെന്‍ഡ്
സെന്‍സെക്‌സില്‍ ഇന്ന് 2,014 ഓഹരികള്‍ നേട്ടത്തിലും 1,616 ഓഹരികള്‍ നഷ്ടത്തിലുമാണ്. 153 ഓഹരികളുടെ വില മാറിയില്ല. 262 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലെത്തി.
എന്‍ജിനിയേഴ്‌സ് ഇന്ത്യ, എല്‍ ആന്‍ഡ് ടി., ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, സി.എസ്.ബി ബാങ്ക്, ഭാരത് ഫോര്‍ജ്, അതുല്‍ ഓട്ടോ, ഗ്രാഫൈറ്റ് ഇന്ത്യ, പേയ്ടിഎം., ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, സുസ്‌ലോണ്‍ എന്നിവ അതിലുള്‍പ്പെടുന്നു. 30 ഓഹരികള്‍ 52-ആഴ്ചത്തെ താഴ്ചയിലാണ്. ഓംകാര്‍ ഫാര്‍മ, ആര്‍.സി.ഐ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളത്.
അപ്പര്‍ സര്‍കീട്ടില്‍ ഇന്ന് കമ്പനികളൊന്നും ഉണ്ടായില്ല; രണ്ട് കമ്പനികള്‍ ലോവര്‍ സര്‍കീട്ടിലെത്തി. ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ഇന്ന് 64,744.4 കോടി രൂപ വര്‍ദ്ധിച്ച് റെക്കോഡ് ഉയരമായ 309.01 ലക്ഷം കോടി രൂപയായി.
തിളങ്ങി ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്
കേരള ഓഹരികളില്‍ ഇന്ന് ഏറ്റവുമധികം മുന്നേറിയത് ടി.സി.എം ആണ് (6.21 ശതമാനം). വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (6.14 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (5.10 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (4.95 ശതമാനം), സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് (4.87 ശതമാനം) എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
പുതിയ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി പി.ആര്‍. ശേഷാദ്രിയെ തിരഞ്ഞെടുത്ത പശ്ചാത്തലത്തില്‍ ഉണര്‍വിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസില്‍ നിന്ന് വാങ്ങല്‍ (buy) സ്റ്റാറ്റസ് കൂടി ലഭിച്ച പശ്ചാത്തലത്തില്‍ ബാങ്കിന്റെ ഓഹരികളുടെ കുതിപ്പിന് ഇന്ന് ആക്കം കൂടി.
എ.വി.ടി., വണ്ടര്‍ല, ആസ്പിന്‍ വാള്‍, പി.ടി.എല്‍ എന്റര്‍പ്രൈസസ്, മണപ്പുറം ഫിനാന്‍സ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട കേരള ഓഹരികള്‍.
ക്രൂഡോയിലും രൂപയും
ഓഹരി വിപണികളുടെ നേട്ടത്തിന് ഇന്ന് പിന്തുണ നല്‍കിയ മറ്റൊരു സുപ്രധാന ഘടകം ക്രൂഡോയില്‍ വിലയിടിവാണ്. സാമ്പത്തിക ഞെരുക്കത്തിലായ ചൈനയില്‍ നിന്ന് ഡിമാന്‍ഡ് കുറയുമെന്ന വിലയിരുത്തലാണ് വിലയിടിവ് സൃഷ്ടിക്കുന്നത്.
ഡബ്ല്യു.ടി.ഐ ക്രൂഡ് വില ബാരലിന് 1.48 ശതമാനം ഇടിഞ്ഞ് 78.46 ഡോളറിലും ബ്രെന്റ് വില 1.38 ശതമാനം താഴ്ന്ന് 82.87ലുമാണുള്ളത്.
രൂപ ഇന്ന് ഡോളറിനെതിരെ നേട്ടമുണ്ടാക്കി. വ്യാപാരാന്ത്യം മൂല്യം 0.31 ശതമാനം വര്‍ദ്ധിച്ച് 82.72ലെത്തി. പൊതുമേഖലാ ബാങ്കുകള്‍ വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിഞ്ഞത് രൂപയ്ക്ക് കരുത്തായി.
ആഗോള ഓഹരികള്‍ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ജപ്പാന്റെ നിക്കേയ് 0.5 ശതമാനം ഉയര്‍ന്നു, കൊറിയന്‍ വിപണി 0.5 ശതമാനം താഴ്ന്നു. ഹോങ്കോംഗ് 0.4 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഷാങ്ഹായ് ഒരു ശതമാനം ഇടിഞ്ഞു.