ഇസ്രയേല്‍ മിസൈല്‍ ഭീതിയില്‍ കുത്തനെയിടിഞ്ഞ് ഓഹരി വിപണി, ഒറ്റദിവസത്തെ നഷ്ടം 6 ലക്ഷം കോടി! എണ്ണക്കമ്പനികള്‍ക്ക് സങ്കടദിനം

എല്ലാ മേഖലകളിലും കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് ഇന്ന് നേരിട്ടത്
Stock close points
Canva, NSE, BSE
Published on

യു.എസ് - ചൈന വ്യാപാര കരാറിലെ അനിശ്ചിതത്വവും മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധിയും ഇന്ത്യന്‍ ഓഹരി വിപണിയെ ചുവപ്പിലാക്കി. സൂചനകളെല്ലാം നെഗറ്റീവായതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിച്ചതാണ് വിപണിക്ക് കുരുക്കായത്.

ബി.എസ്.സി സെന്‍സെക്‌സ് 823 പോയിന്റുകള്‍ (ഒരു ശതമാനം) ഇടിഞ്ഞ് 81,691.98 എന്ന നിലയിലെത്തി. വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതോടെ ഇന്ന് മാത്രം നിക്ഷേപകര്‍ക്ക് നഷ്ടമായത് 6 ലക്ഷം കോടി രൂപയാണ്. വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 455.6 ലക്ഷം കോടിയില്‍ നിന്നും 449.6 ലക്ഷം കോടി രൂപയായി.

ആറ് ദിവസത്തെ തുടര്‍ച്ചയായ വിജയക്കഥ മറന്ന് നിഫ്റ്റിയും ഇന്ന് ചുവപ്പിലായി. 1.01 ശതമാനം ഇടിഞ്ഞ നിഫ്റ്റി വ്യാപാരാന്ത്യം 24,888.2 എന്ന നിലയിലായിരുന്നു. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.60 ശതമാനവും 1.78 ശതമാനവും താഴേക്ക് പതിച്ചു.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി ഹെല്‍ത്ത് കെയര്‍ ഇന്‍ഡെക്‌സ് മാത്രമാണ് നേരിയ നേട്ടത്തിലായത്. അതും വെറും 0.05 ശതമാനം മാത്രം. ബാക്കിയുള്ള എല്ലാ സൂചികകളും നഷ്ടത്തിലായി. നിഫ്റ്റി റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോ, മെറ്റല്‍ എന്നീ സൂചികകള്‍ രണ്ടുശതമാനത്തോളമാണ് നഷ്ടത്തിലായത്. നിഫ്റ്റി ബാങ്ക് 0.67 ശതമാനവും പി.എസ്.യു ബാങ്ക് 1.27 ശതമാനവും പ്രൈവറ്റ് ബാങ്ക് 0.79 ശതമാനവും ഇടിഞ്ഞു.

ഗള്‍ഫ് പുകയുന്നു

മിഡില്‍ ഈസ്റ്റ് വീണ്ടും അശാന്തിയിലേക്ക് നീങ്ങുമെന്ന സൂചനകളാണ് നിക്ഷേപകരെ ഇന്ന് ആശങ്കയിലാഴ്ത്തിയത്. ആണവായുധം സ്വന്തമാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. മിഡില്‍ ഈസ്റ്റിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് യു.എസ് സൈനികരെ പിന്‍വലിച്ച ശേഷമായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്റെ നടപടി. ഇസ്രയേല്‍ ആക്രമിച്ചാല്‍ മിഡില്‍ ഈസ്റ്റിലെ യു.എസ് കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നാണ് ഇറാന്റെ മറുപടി. ഇതോടെ മേഖലയിലെ ഓഹരി വിപണികളെല്ലാം കുത്തനെയിടിഞ്ഞു. സൗദി അറേബ്യന്‍ ഓഹരി വിപണി 1.3 ശതമാനവും ദുബായ് വിപണി 1.7 ശതമാനവും നഷ്ടത്തിലായി.

വീണ്ടും താരിഫ് യുദ്ധം?

യു.എസ്-ചൈന വ്യാപാര കരാറിലെത്തിയെങ്കിലും താരിഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമായിട്ടില്ല. വിഷയത്തിലെ സുതാര്യത കുറവാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നത്. പല രാജ്യങ്ങളുടെ മേലും യു.എസ് അധിക തീരുവ ചുമത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാപാര സൂചനകള്‍ നെഗറ്റീവായതോടെ ആഗോള ഓഹരി വിപണികളും ഇന്ന് ഇടിവിലാണ്. ഇതിന്റെ അലയൊലികളായിരുന്നു ഇന്ത്യയിലും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും നിക്ഷേപകരെ സ്വാധീനിച്ചിരിക്കാമെന്നാണ് കരുതുന്നത്.

കമ്പനികളുടെ പ്രകടനം
കമ്പനികളുടെ പ്രകടനം

ലാഭവും നഷ്ടവും

വിപണിയില്‍ കനത്ത നഷ്ടം നേരിട്ടിട്ടും ശക്തമായ പ്രതിരോധമൊരുക്കിയ ചില ഓഹരികളാണ് ഇന്നത്തെ താരങ്ങള്‍. ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, എസ്.ബി.ഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ്‌സ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ എന്നീ ഓഹരികളാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്.

ഏഴ് ശതമാനത്തോളം ഇടിഞ്ഞ വണ്‍ 97 കമ്യൂണിക്കേഷന്‍ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കിലെ വമ്പന്‍. യു.പി.ഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഈടാക്കില്ലെന്ന ധനമന്ത്രാലയത്തിന്റെ വിശദീകരണമാണ് നഷ്ടത്തിന് കാരണമായത്. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനിയായ പേയ്ടിഎമ്മിന്റെ മാതൃകമ്പനിയാണ് വണ്‍ 97 കമ്യൂണിക്കേഷന്‍സ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ രംഗത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഗെയില്‍ ഇന്ത്യ എന്നീ കമ്പനികളും നഷ്ടത്തിലായി. ബി.എസ്.ഇ ഓഹരികള്‍ ഇന്നലത്തെ നഷ്ടത്തിന്റെ തുടര്‍ച്ചയിലാണ്.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനി

ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് പോപ്പീസ് കെയര്‍ എന്ന കേരള കമ്പനിയാണ്. 4.98 ശതമാനം ഇടിഞ്ഞ കമ്പനിയുടെ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലെത്തി. ഇന്നലെയും സമാന സാഹചര്യമായിരുന്നു. പ്രമുഖ കമ്പനികളായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കല്യാണ്‍ ജുവലേഴ്‌സ്, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എന്നിവയുടെ ഓഹരികള്‍ രണ്ടുശതമാനത്തിലേറെയാണ് ഇടിഞ്ഞത്.

എന്നാല്‍ ചില കേരള കമ്പനികള്‍ ഇന്ന് മികച്ച നേട്ടത്തിലുമായി. ആഡ്‌ടെക് സിസ്റ്റംസ്, സെല്ല സ്‌പേസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, പാറ്റ്‌സ്പിന്‍ ഇന്ത്യ, പി.ടി.എല്‍ എന്റര്‍പ്രൈസസ്, ടോളിന്‍സ് ടയേഴ്‌സ്, വണ്ടര്‍ല ഹോളിഡേയ്‌സ് എന്നീ കമ്പനികള്‍ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

Indian benchmark indices Sensex and Nifty 50 dropped about 1% on June 12, 2025, as global tensions and tariff uncertainties hit risk sentiment and mid- & small-cap stocks underperformed.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com