Begin typing your search above and press return to search.
സൂചികകളില്‍ നേരിയനേട്ടം; കുതിപ്പ് തുടര്‍ന്ന് അദാനി ഓഹരികള്‍
രണ്ട് ദിവസത്തെ മികച്ചനേട്ടത്തിന്റെ ആവേശം നിലനിര്‍ത്താനാകാതെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേരിയ വര്‍ദ്ധനയോടെ. സെന്‍സെക്‌സ് 18.11 പോയിന്റ് (0.03 ശതമാനം) ഉയര്‍ന്ന് 61,981.79ലും നിഫ്റ്റി 33.60 പോയിന്റ് (0.18 ശതമാനം) നേട്ടത്തോടെ 18,348ലുമാണുള്ളത്.
ഐ.ടി., റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. മറ്റ് വിഭാഗങ്ങള്‍ നേട്ടത്തിലാണെങ്കിലും വില്‍പന സമ്മര്‍ദ്ദം നിഴലിച്ചിരുന്നു. എന്നാല്‍, വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) വാങ്ങല്‍താത്പര്യവുമായി എത്തിയതോടെ സൂചികകള്‍ നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചുനിന്നു.
അദാനിക്കുതിപ്പ് ശക്തം, ഓഹരി വാങ്ങിക്കൂട്ടി രാജീവ് ജെയിന്‍
ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച പാനലില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കാഴ്ചവയ്ക്കുന്ന മുന്നേറ്റം ഇന്നും തുടര്‍ന്നു. ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് തന്നെയാണ് ഇന്ന് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്; 13.49 ശതമാനം.
അദാനി വില്‍മാര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയും ഇന്ന് ഏറ്റവുമധികം നേട്ടംകുറിച്ച ഓഹരികളുടെ പട്ടികയിലുണ്ട്. ബജാജ് ഫിന്‍സെര്‍വ്, ടാറ്റാ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ., ടാറ്റാ സ്റ്റീല്‍ എന്നിവയുമാണ് ഇന്ന് ഓഹരിസൂചികകളെ നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചുനിര്‍ത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട ഗ്ലാന്‍ഡ് ഫാര്‍മ ഇന്ന് 5.19 ശതമാനം നേട്ടവുമായി തിരിച്ചുകയറി. പതഞ്ജലി ഫുഡ്‌സും മികച്ച നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഉള്‍പ്പെടുന്നു.
അദാനി ഗ്രൂപ്പ് ഓഹരികളുടെ സംയുക്ത വിപണിമൂല്യം ഇന്നലെ 10 ലക്ഷം കോടി രൂപ കടന്നുകഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തിലെ വര്‍ദ്ധന 1.8 ലക്ഷം കോടി രൂപയോളമാണ്. അതിനിടെ പ്രവാസി നിക്ഷേപകനും ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് പ്രമോട്ടറുമായ രാജീവ് ജെയിന്‍ അദാനി ഗ്രൂപ്പിലെ ഓഹരി പങ്കാളിത്തം 15,000 കോടി രൂപ നിക്ഷേപത്തോടെ 10 ശതമാനം ഉയര്‍ത്തിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഏകദേശം 350 കോടി ഡോളറിന്റെ (29,000 കോടി രൂപ) നിക്ഷേപം അദാനി ഗ്രൂപ്പില്‍ ജി.ക്യു.ജിക്കുണ്ടെന്നാണ് വിലയിരുത്തല്‍.
നിരാശപ്പെടുത്തിയവര്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടി.സി.എസ്., എച്ച്.ഡി.എഫ്.സി., എച്ച്.യു.എല്‍ എന്നിവ നേരിട്ട വില്‍പന സമ്മര്‍ദ്ദമാണ് ഇന്ന് ഓഹരികളെ നേരിയ നേട്ടത്തിലേക്ക് ഒതുങ്ങിയത്. എല്‍.ടി.ഐ മൈന്‍ഡ്ട്രീ, ഭാരത് ഇലക്ട്രോണിക്‌സ്, ഡി.എല്‍.എഫ്., പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ്, കൊഫോര്‍ജ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവ.
18-ാം വാര്‍ഷിഘാഷത്തിനിടെയിലും സ്‌പൈസ് ജെറ്റ് ഓഹരികള്‍ ഇന്ന് 20 ശതമാനത്തിനുമേല്‍ ഇടിഞ്ഞു. വ്യാപാരാന്ത്യം ഓഹരിയുള്ളത് 13.93 ശതമാനം നഷ്ടവുമായി 24.16 രൂപയിലാണ്. ഗോ ഫസ്റ്റ് കഴിഞ്ഞമാസം പാപ്പരത്ത നടപടികള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. സ്‌പൈസ് ജെറ്റും ഇതേപാതയിലേക്ക് വീണേക്കുമെന്ന വിലയിരുത്തല്‍ ശക്തമായതാണ്, കമ്പനിയുടെ ഓഹരികള്‍ക്ക് തിരിച്ചടിയാകുന്നത്.
രൂപയ്ക്ക് നേരിയ നേട്ടം
ഡോളറിനെതിരെ രൂപ ഇന്ന് രണ്ട് പൈസ നേട്ടവുമായി 82.82ലെത്തി. ബാരലിന് 0.70-0.72 ശതമാനം വര്‍ദ്ധനയുമായി ഡബ്ല്യു.ടി.ഐ ക്രൂഡോയില്‍ വിലയുള്ളത് 72.57 ഡോളറില്‍; ബ്രെന്റ് വില 76.52 ഡോളര്‍. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 10 ഡോളറോളം ഇടിഞ്ഞ് 1,959 ഡോളര്‍ നിലവാരത്തിലെത്തി. കേരളത്തില്‍ ഇന്ന് പവന്‍വില 240 രൂപ കുറഞ്ഞ് 44,800 രൂപയായിരുന്നു. രാജ്യാന്തര വിലയുടെ ട്രെന്‍ഡ് പരിഗണിച്ചാല്‍ നാളെയും സംസ്ഥാനത്ത് വില കുറയണം.
മുന്നേറ്റമൊഴിഞ്ഞ് കേരള ഓഹരികള്‍; വണ്ടര്‍ലയ്ക്ക് ക്ഷീണം
കേരളം ആസ്ഥാനമായ കമ്പനികളില്‍ ഇന്ന് കാര്യമായ മുന്നേറ്റം ദൃശ്യമായില്ല. നിറ്റ ജെലാറ്റിന്‍ 3.36 ശതമാനം ഉയര്‍ന്നു. ഇന്‍ഡിട്രേഡ് കാപ്പിറ്റല്‍, മണപ്പുറം ഫിനാന്‍സ്, പാറ്റ്‌സ്പിന്‍, സ്‌കൂബിഡേ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കഴിഞ്ഞ ദിവസം കനത്ത നഷ്ടത്തിലേക്ക് വീണ കൊച്ചി കപ്പല്‍ശാലാ ഓഹരികള്‍ ഇന്ന് നേരിയ നേട്ടം കൈവരിച്ചു.
പ്രവര്‍ത്തനഫലം പുറത്തുവിട്ട ധനലക്ഷ്മി ബാങ്ക് ഓഹരികളുള്ളത് 0.06 ശതമാനം നേട്ടത്തിലാണ്. ബാങ്കിന്റെ ഇടക്കാല ചെയര്‍മാനായി ജി. രാജഗോപാലന്‍ നായരെ നിയമിക്കണമെന്ന അപേക്ഷ റിസര്‍വ് ബാങ്ക് തള്ളിയെന്ന് വാര്‍ത്തകളുണ്ട്. നാളെ ഇത് ബാങ്കിന്റെ ഓഹരികളില്‍ പ്രതിഫലിച്ചേക്കും. വണ്ടര്‍ല ഓഹരികള്‍ ഇന്ന് 6.12 ശതമാനം താഴ്ന്നു.
Next Story
Videos