sensex

റെക്കോഡ് തിരുത്തി നിഫ്റ്റിയും സെന്‍സെക്‌സും, പിന്നീട് താഴ്ച; ബോംബെ ഡൈയിംഗ് 20% മുന്നേറി

കോഫി ഡേ ഓഹരികളും നേട്ടത്തില്‍
Published on

വ്യാപാരത്തിന്റെ തുടക്കത്തില്‍ പുത്തന്‍ റെക്കോഡ് കുറിച്ച് കുതിച്ച സെന്‍സെക്‌സും നിഫ്റ്റിയും പിന്നീട് നേട്ടം നിജപ്പെടുത്തി താഴേക്കിറങ്ങി. ഇപ്പോള്‍ അല്‍പം കയറ്റത്തിലാണെങ്കിലും റെക്കോഡിലേക്ക് വീണ്ടും എത്തിയിട്ടില്ല. രാവിലെ സെന്‍സെക്‌സ് 67,771 വരെയും നിഫ്റ്റി 20,167 വരെയുമെത്തിയ ശേഷമാണ് താഴ്ന്നത്. ഇടയ്ക്ക് വില്‍പന സമ്മര്‍ദ്ദവും കൂടുന്നുണ്ട്.

കുതിച്ച് വാഹനം, റിയല്‍റ്റി, മെറ്റല്‍

ബാങ്ക് നിഫ്റ്റി ഗണ്യമായി കയറിയിട്ട് നഷ്ടത്തിലേക്ക് മാറി. ധനകാര്യ കമ്പനികളും താഴ്ചയിലായി. രാവിലെ മിഡ്ക്യാപ് സൂചിക ഒന്നും സ്‌മോള്‍ക്യാപ് സൂചിക 1.4 ശതമാനവും കുതിച്ചു. പിന്നീട് നേട്ടം കുറഞ്ഞു. രണ്ടുദിവസം താഴോട്ടുപോയ വാഹന ഓഹരികള്‍ ഇന്ന് നല്ല നേട്ടത്തിലായി. ഓട്ടോ സൂചിക രാവിലെ ഒരു ശതമാനം കയറി. റിയല്‍റ്റി സൂചിക 1.8 ശതമാനം ഉയര്‍ന്നു. മെറ്റല്‍ 2.46 ശതമാനം കുതിച്ചു. ഐ.ടി ഓഹരികളും കയറ്റത്തിലാണ്.

ബോംബെ ഡൈയിംഗ് മുന്നേറ്റം

ബോംബെ ഡൈയിംഗ് ഓഹരി ഇന്ന് 20 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ 1.7 ശതമാനം ഓഹരി ബ്ലോക്ക് ഇടപാടില്‍ കൈമാറി. കമ്പനി മുംബൈ വര്‍ളിയിലെ ഭൂമി 5,200ഓളം കോടി രൂപയ്ക്ക് സുമിടോമോ കമ്പനിക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്‍.ഐ.ഐ.ടി ഇന്ന് 10 ശതമാനം കയറിയെങ്കിലും പിന്നീട് നേട്ടം മൂന്ന് ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുതിപ്പ് നടത്തിയ ഐ.ഒ.എല്‍ കെമിക്കല്‍സ് ഇന്ന് തുടക്കത്തില്‍ രണ്ട് ശതമാനം കയറിയിട്ട് നഷ്ടത്തിലേക്ക് മാറി. കോഫീ ഡേ എന്റര്‍പ്രൈസസ് രാവിലെ അഞ്ച് ശതമാനം ഉയര്‍ന്നിട്ട് നേട്ടം മൂന്ന് ശതമാനത്തിലേക്കു കുറച്ചു.

രൂപ, സ്വര്‍ണം, എണ്ണ

രൂപ ഇന്നും കാര്യമായ മാറ്റമില്ലാതെ തുടങ്ങി. ഡോളര്‍ 82.97 രൂപയില്‍ വ്യാപാരം ആരംഭിച്ചു. സ്വര്‍ണം ലോകവിപണിയില്‍ 1,909 ഡോളറിലേക്ക് താഴ്ന്നു. കേരളത്തില്‍ ഇന്ന് വിലയില്‍ മാറ്റമില്ല. ക്രൂഡ് ഓയില്‍ വില 92.26 ഡോളറില്‍ തുടരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com